പരിസ്ഥിതിക്കായി വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ കത്തും നെയിംസ്ലിപ്പും
തിരുവനന്തപുരം: ''എത്ര സുന്ദരമാണ് നമ്മുടെ കേരളം. കാടും മലയും കുളവും പുഴയും വയലും കായലും അറബിക്കടലും ഒക്കെ ചേര്‍ന്ന് എത്ര മനോഹരം.
പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച നമ്മുടെ കേരളത്തെ കൂടുതല്‍ സുന്ദരമാക്കിയാല്‍ എങ്ങനെയിരിക്കും.'' മുഖ്യമന്ത്രി പിണറായി വിജയന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കയച്ച കത്ത് മണക്കാട് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സബ് കലക്ടര്‍ ദിവ്യ. എസ്. അയ്യര്‍ വായിച്ചപ്പോള്‍ കയ്യടിയോടെ കുരുന്നുകള്‍ അത് സ്വാഗതം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യം അടിവരയിടുന്ന കത്ത് വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നേരിട്ട് മുഖ്യമന്ത്രിക്ക് മുറപടിയായി അയക്കണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.
അതിനായി മുഖ്യമന്ത്രിയുടെ പൂര്‍ണമായ വിലാസവും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ശുദ്ധമായ വായു, ജലം, ഭക്ഷണം എന്നിവയുടെ പ്രാധാന്യം വിളബരം ചെയ്യുന്ന നെയിംസ്ലിപ്പും കുട്ടികള്‍ക്ക് നല്കി.
രാവിലെ 9.15ന് സകൂള്‍ അങ്കണത്തില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടര്‍ എസ്. വെങ്കടേസപതി നിര്‍വഹിച്ചു.
നിരനിരയായി നിന്ന കുട്ടികള്‍ക്കരികിലെത്തി പുസ്തകങ്ങളില്‍ അദേഹം നെയിംസ്ലിപ്പ് പതിച്ചു നല്കിയപ്പോള് നിറചിരിയോടെ കുട്ടികള്‍ കളക്ടര്‍ക്ക് നേരെ പുസ്തകങ്ങള്‍ നീട്ടി.
മറുപടി കത്തുകളില്‍ നിന്ന് സംസ്ഥാന തലത്തില്‍ ഏറ്റവും മികച്ച 50 കത്തുകള്‍ തിരഞ്ഞെടുത്ത് ഓരോ കത്തിനും 10,000 രൂപയാണ് സമ്മാനം നല്‍കുന്നത്.
മുഖ്യമന്ത്രിയുടെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് ഭാവി പൗരന്മാരായ കുട്ടികള്‍ പരിസ്ഥിയുടെ പഠനത്തിനും പരിപാലനത്തിനും പുതിയൊരു തുടക്കം നല്‍കണമെന്ന് കളക്ടര്‍ പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, അധ്യാപകര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."