അനുനയമില്ലാതെ അരൂര്‍ പിടിച്ചെടുത്തു; ബി.ജെപി നിലപാടില്‍ ബി.ഡി.ജെ.എസിന് അമര്‍ഷം
ആലപ്പുഴ: അരൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് പിണങ്ങി നില്‍ക്കുന്ന ബി.ഡി.ജെ.എസുമായി അനുനയ ചര്‍ച്ച നടത്താതെ. ഇതിന് ഉപതെരഞ്ഞെടുപ്പില്‍ മറുപടി നല്‍കാനൊരുങ്ങി നില്‍ക്കുകയാണ് ബി.ഡി.ജെ.എസ്.
കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ കിട്ടാതെ പോയതോടെയാണ് മത്സരത്തിനില്ലെന്ന് ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചത്.
ഈ പ്രഖ്യാപനം ലാഭകരമായി കണ്ട ബി.ജെ.പി, ബി.ഡി.ജെ.എസുമായി അനുനയ ചര്‍ച്ച പോലും നടത്താതെയാണ് അരൂര്‍ സീറ്റ് പിടിച്ചെടുത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബു സ്ഥാനാര്‍ഥിയായി എത്തിയതോടെ ബി.ഡി.ജെ.എസുമായുള്ള അകലം വര്‍ധിച്ചു. ബി.ജെ.പിയുടെ നിലപാടിനെതിരേ കടുത്ത അമര്‍ഷമാണ് ബി.ഡി.ജെ.എസില്‍ ഉയരുന്നത്. ബി.ഡി.ജെ.എസിന്റെ പിന്മാറ്റത്തോടെ സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി ആരംഭിച്ചിരുന്നു.
ചെങ്ങന്നൂര്‍, പാലാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ഡി.ജെ.എസ് വോട്ടുമറിച്ചെന്ന പ്രചാരണം ബി.ജെ.പി ശക്തമാക്കിയിട്ടുണ്ട്. വിശ്വസിക്കാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് ബി.ഡി.ജെ.എസ് എന്നാണ് ബി.ജെ.പി നേതാക്കളുടെ വിലയിരുത്തല്‍. ഇക്കാര്യം അവര്‍ അമിത് ഷാ ഉള്‍പ്പടെ കേന്ദ്ര നേതാക്കളെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച പട്ടികയിലെ പ്രകാശ് ബാബുവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും. അരൂരിലും ബി.ഡി.ജെ.എസ് കൂടെ നില്‍ക്കില്ലെന്ന വിശ്വാസത്തില്‍ തന്നെയാണ് ബി.ജെ.പി മത്സരത്തിന് തയാറെടുപ്പുകള്‍ നടത്തുന്നത്. ബി.ഡി.ജെ.എസും കടുത്ത നിരാശയിലാണ്.
തങ്ങളുടെ പ്രതിഷേധത്തിന് വിലകല്‍പ്പിക്കാത്ത ബി.ജെ.പിയെ അരൂര്‍ ഉള്‍പ്പടെ ഉപതെരഞ്ഞെടുപ്പുകളില്‍ പാഠം പഠിപ്പിക്കണമെന്ന വികാരം ബി.ഡി.ജെ.എസില്‍ ശക്തമാണ്. ഉപതെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ബി.ഡി.ജെ.എസ് ഒരുങ്ങുന്നത്. പാലായിലെ എന്‍.ഡി.എയുടെ വോട്ടു ചോര്‍ച്ചക്ക് പിന്നില്‍ ബി.ഡി.ജെ.എസ് ആണെന്ന തരത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അടക്കം പ്രതികരണം നടത്തിയിരുന്നു. ഇതേകുറിച്ച് ഇതുവരെ പ്രതികരണത്തിന് ബി.ഡി.ജെ.എസ് തയാറായിട്ടില്ല.
എന്‍.ഡി.എ വിടുകയെന്ന നിലപാടിലേക്കാണ് ബി.ഡി.ജെ.എസ് നീങ്ങുന്നത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഇടപെടലും ബി.ഡി.ജെ.എസിന്റെ പിന്മാറ്റത്തിന് പിന്നിലുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിയുടെ ജയില്‍ മോചനത്തിന് മുഖ്യമന്ത്രി നടത്തിയ ഇടപെടലും അരൂരിലെ മത്സരരംഗത്ത് നിന്നും പിന്മാറാന്‍ ബി.ഡി.ജെ.എസിനെ പ്രേരിപ്പിച്ചതായി ബി.ജെ.പി കരുതുന്നു.
പ്രചാരണരംഗത്ത് ബി.ഡി.ജെ.എസിന്റെ സഹായം ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് തന്നെയാണ് ബി.ജെ.പിയും നീങ്ങുന്നത്. അരൂരിലെ ബി.ഡി.ജെ.എസിന്റെ പിന്മാറ്റം ബി.ജെ.പിക്ക് കനത്ത തിരിച്ചടി തന്നെയാവും.
ഈഴവര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ബി.ഡി.ജെ.എസിന്റെ നിലപാട് എന്‍.ഡി.എ വോട്ടുകളില്‍ കാര്യമായ വിള്ളല്‍ സൃഷ്ടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."