ജമ്മു കശ്മിരില്‍ നിയന്ത്രണങ്ങള്‍ ഇല്ലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: 370ാം വകുപ്പ് റദ്ദാക്കിയതിനെത്തുടര്‍ന്ന് കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ജമ്മുകശ്മിരില്‍ നിലവില്‍ യാതൊരു നിയന്ത്രണവുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഏഴു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏറ്റവുമധികം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നടക്കുന്ന പ്രദേശമായി ജമ്മുകശ്മിര്‍ മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡല്‍ഹിയില്‍ രാജ്യസുരക്ഷ സംബന്ധിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.
കശ്മിരില്‍ നിയന്ത്രണങ്ങളുണ്ടെന്ന തെറ്റായ വിവരങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. നിയന്ത്രണങ്ങള്‍ എവിടെയാണ്. മനസുകളില്‍ മാത്രമാണ് നിയന്ത്രണങ്ങള്‍. തെറ്റായ വിവരങ്ങളാണ് ഇതേക്കുറിച്ച് പ്രചരിക്കുന്നത്. കശ്മിരിലെ 196 പൊലിസ് സ്‌റ്റേഷന്‍ പരിധികളിലും കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്. എട്ട് പൊലിസ് സ്‌റ്റേഷന്‍ പരിധികളില്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ ഉള്ളത്.
370ാം വകുപ്പ് റദ്ദാക്കിയ നടപടി ലോകരാജ്യങ്ങള്‍ മുഴുവന്‍ പിന്തുണച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
കശ്മിരില്‍ പതിറ്റാണ്ടുകളായി തുടരുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ 41,800 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജവാന്മാരുടെയോ വീരമൃത്യു വരിച്ചവരുടെ വിധവകളുടെയോ മനുഷ്യാവകാശങ്ങളെപ്പറ്റി ആരും സംസാരിക്കുന്നില്ല.
എന്നാല്‍, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ കുറച്ചു ദിവസത്തേക്ക് നിര്‍ത്തിവച്ചതിനെപ്പറ്റി വലിയ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."