ബി.ജെ.പിയുമായി സഖ്യത്തിലെത്തി മണിക്കൂറുകള്‍ക്കകം സിക്കിം മുഖ്യമന്ത്രിയുടെ അയോഗ്യത തെരഞ്ഞെടുപ്പ് കമ്മീഷന് വെട്ടിക്കുറച്ചു
ഗാങ്ടോക്ക്: ബി.ജെ.പിയുമായി സഖ്യത്തിലെത്തി മണിക്കൂറുക്കകം സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ്ങിന്റെ അയോഗ്യതാ കാലാവധി തെരഞ്ഞെടുപ്പ് കമ്മീഷന് വെട്ടിക്കുറച്ചു. ആറുവര്‍ഷത്തെ വിലക്ക് ഒരുവര്‍ഷവും ഒരുമാസവുമായി ചുരുക്കുകയായിരുന്നു. ഇതോടെ തമാങ്ങിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവും.
ശനിയാഴ്ച നടന്ന ഒരു പൊതുപരിപാടിയിലാണ് തമാങ്ങിന്റെ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്.കെ.എം) ബി.ജെ.പിയും ഉപതെരഞ്ഞെടുപ്പിനായി ഒന്നിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
1990ല്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായിരിക്കെ പശുവിതരണ പദ്ധതി ഫണ്ടില്‍ തിരിമറി നടത്തിയെന്നായിരുന്നു തമാങ്ങിനെതിരായ കേസ്. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കമ്മീഷന് വിലക്കി. ആറ് വര്‍ഷത്തേക്കായിരുന്നു വിലക്ക്. ഹൈക്കോടതിയും സുപ്രീംകോടതിയും അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. 2017-18 കാലയളവില്‍ അദ്ദേഹം ജയില്‍വാസം അനുഭവിക്കുകയും ചെയ്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 32 അംഗ നിയമസഭയില്‍ 17 സീറ്റ് നേടി അധികാരത്തിലെത്തിയ എസ്.കെ.എം തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന തമാങ്ങിനെയായിരുന്നു നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. നിയമപ്രകാരം ആറുമാസത്തിനുള്ളില്‍ തമാങ് ഏതെങ്കിലും മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടാല്‍ മതിയായിരുന്നു. എന്നാല്‍ വിലക്ക് വിനയായി. ഇപ്പോള്‍ വിലക്ക് വെട്ടിക്കുറച്ചതോടെ ആ തടസ്സവും മാറിക്കിട്ടി.
നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലാണ് ബി.ജെ.പിയും എസ്.കെ.എമ്മും ഒന്നിച്ചു മത്സരിക്കാന്‍ തീരുമാനിച്ചത്. മൂന്ന് സീറ്റുകളിലാണ് മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."