അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ പടക്ക ശേഖരം പിടികൂടി
കൊച്ചി: സ്‌കൂള്‍ കെട്ടിടത്തിന് സമീപം അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍പടക്ക ശേഖരം പിടികൂടി. എറണാകുളം ബ്രോഡ്‌വെ മാര്‍ക്കറ്റില്‍ സെന്റ്‌മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ന്യൂകൊച്ചി സിന്‍ഡിക്കേറ്റ് എന്ന പടക്കകടയുടെ ഗോഡൗണില്‍ നിന്നാണ് നാല് ടണ്ണോളം പടക്കങ്ങള്‍ കണ്ടെടുത്തത്. സ്ഥാപനത്തിന്റെ ഉടമ പുല്ലേപ്പടി സ്വദേശി ആസാദ്, സ്ഥാപനത്തിലെ ജീവനക്കാരായ നൗഷാദ്, സതീശന്‍, നൗഫല്‍ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
450 കിലോ ചൈനീസ് പടക്കങ്ങളും 50 കിലോ നാടന്‍ പടക്കങ്ങളും സൂക്ഷിക്കാനാണ് സ്ഥാപനത്തിനു ലൈസന്‍സുള്ളത്. ഇതിന്റെ മറവിലാണ് പൊട്ടാസ്യം നൈട്രേറ്റ് ഉള്‍പ്പെടെ നാല് ടണ്ണോളം പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. സ്ഥാപനത്തോടു ചേര്‍ന്നുള്ള മുറിക്കുള്ളിലും മുകളിലത്തെ നിലയിലെ ഗോഡൗണിലുമാണ് അനധികൃത പടക്കം ഒളിപ്പിച്ചിരുന്നത്. സ്ഥലത്ത് പടക്ക നിര്‍മാണം നടത്തുന്നതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.
സ്ഥാപനത്തിനു തൊട്ടടുത്താണ് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പടിക്കുന്ന സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍. ആയിരക്കണക്കിന് ആളുകളെത്തുന്ന ബ്രോഡ്‌വെ മാര്‍ക്കറ്റിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. എറണാകുളം സെന്‍ട്രല്‍ അസി. കമ്മിഷ്ണര്‍ കെ ലാല്‍ജി, എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ വിജയകുമാര്‍, ഷാഡോ അഡീഷ്ണല്‍ സബ് ഇന്‍സ്‌പെക്റ്റര്‍ നിത്യാനന്ദ പൈ, സിവില്‍ പൊലിസ് ഓഫീസര്‍മാരായ വിലാസന്‍, അഫ്‌സല്‍, ഹരിമോന്‍, ബെന്നി, ജയരാജ്, ഷാജി, ഷൈമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."