കോന്നിയില്‍ മഞ്ഞുരുക്കം; അതൃപ്തി മറന്ന് അടൂര്‍ പ്രകാശ്
കൊച്ചി: കോന്നി സീറ്റിന്റെ പേരില്‍ ഇടഞ്ഞുനിന്ന മുന്‍ കോന്നി എം.എല്‍.എ അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാനായതിന്റെ ആശ്വാസത്തില്‍ കോണ്‍ഗ്രസ് നേതൃത്വം.
തന്റെ വിശ്വസ്തനും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ റോബിന്‍ പീറ്ററിനുവേണ്ടി തുടക്കംമുതല്‍ രംഗത്തുള്ള അടൂര്‍ പ്രകാശിനെ അവഗണിച്ചുകൊണ്ടാണ് പത്തനംതിട്ട മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജിനെ സ്ഥാനാര്‍ഥിയാക്കിയത്. ഇതേതുടര്‍ന്ന് ഇടഞ്ഞുനിന്ന അടൂര്‍ പ്രകാശിനെ ഇന്നലെ നടന്ന മാരത്തണ്‍ ചര്‍ച്ചയിലൂടെയാണ് വരുതിയിലാക്കിയത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെതന്നെ അടൂരിലെത്തി പ്രകാശുമായി അനുനയ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ചര്‍ച്ചയിലാണ് മഞ്ഞുരുകിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നി സീറ്റ് റോബിന്‍ പീറ്ററിന് നല്‍കാമെന്ന ഉറപ്പ് നേതാക്കള്‍ നല്‍കിയതായാണ് സൂചന. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വേദിയിലെത്തിയ അടൂര്‍ പ്രകാശ് മോഹന്‍ രാജിന് വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തു.
അടൂര്‍ പ്രകാശ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് മുതല്‍ കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി റോബിന്‍ പീറ്ററിന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നുകേട്ടത്. റോബിന് വേണ്ടിയുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രചാരണം അടൂര്‍ പ്രകാശിന്റെ മൗനാനുവാദത്തോടെ മണ്ഡലത്തില്‍ നടക്കുകയും ചെയ്തു. എന്നാല്‍, അവസാന നിമിഷമാണ് മോഹന്‍രാജിനെ സ്ഥാനാര്‍ഥിയാക്കിക്കൊണ്ടുള്ള ഹൈക്കമാന്‍ഡ് തീരുമാനമെത്തിയത്. ഇതിനുപിന്നില്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജും സംഘവുമാണെന്ന ആരോപണമാണ് പ്രകാശിനുള്ളത്. ഇതോടെ അടൂര്‍ പ്രകാശ് ഇടയുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയും ചെയ്തു. തുടര്‍ന്ന് റോബിന് ഡി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഇതേതുടര്‍ന്നാണ് അനുനയവുമായി കെ.പി.സി.സി പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്.
ചെന്നിത്തലകൂടി ചര്‍ച്ചയ്‌ക്കെത്തിയതോടെയാണ് നീക്കം വിജയിച്ചത്. പാലായ്ക്കു പിന്നാലെ മറ്റൊരു ആഘാതംകൂടി മുന്നണിക്കുണ്ടാക്കരുതെന്ന അഭ്യര്‍ഥനയും നേതാക്കള്‍ മുന്നോട്ടുവച്ചു. പൊതുവേ ഇടത് അനുകൂല മണ്ഡലമെന്ന പേരുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് നേട്ടമുണ്ടാക്കിയ മണ്ഡലമാണ് കോന്നി. അതിനാല്‍ പ്രകാശ് ഇടഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന തിരിച്ചറിവും നേതൃത്വത്തിനുണ്ടായി.
അനുനയത്തെതുടര്‍ന്ന് കണ്‍വന്‍ഷന്‍ വേദിയിലെത്തിയ അടൂര്‍ പ്രകാശിന് വമ്പിച്ച സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. തോളിലേറ്റി വേദിയിലെത്തിച്ച അദ്ദേഹത്തെ ചുംബനം നല്‍കിയാണ് സ്ഥാനാര്‍ഥി മോഹന്‍രാജ് സ്വീകരിച്ചത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് ഇരുവരും വ്യക്തമാക്കുകയും ചെയ്തു. ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കമാണ് റോബിനെ ഒഴിവാക്കാന്‍ കാരണമെന്ന സംസാരം പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്. ഇതോടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പത്തനംതിട്ട കോണ്‍ഗ്രസ് കലുഷിതമാകുമെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."