റഷ്യയില്‍ മദ്യപാനം 40 ശതമാനം കുറഞ്ഞു; ആയുര്‍ദൈര്‍ഘ്യം കൂടി
മോസ്‌കോ: റഷ്യ കുടിയന്മാരുടെ നാടാണെന്നാണ് പൊതുവെ പറയാറെങ്കിലും അവിടെ 2003 മുതല്‍ ആല്‍ക്കഹോള്‍ ഉപഭോഗം 40 ശതമാനം കുറഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യവില്‍പനയിലും ഉപഭോഗത്തിലും പ്രസിഡന്റ് പുടിന്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് ഇതിനു കാരണം. 1990കളില്‍ രാജ്യത്ത് മരണനിരക്കുയരുന്നതില്‍ മദ്യപാനം വലിയ പങ്കു വഹിച്ചിരുന്നു.
2003 മുതല്‍ 2016 വരെ രാജ്യത്ത് മദ്യപാനത്തില്‍ 43 ശതമാനം കുറവുണ്ടായെന്നും അതോടൊപ്പം രാജ്യത്ത് ആയുര്‍ദൈര്‍ഘ്യം കൂടിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1990കളുടെ തുടക്കത്തില്‍ പുരുഷന്മാരുടെ ശരാശരി ആയുസ്സ് 57 ആയിരുന്നത് 2018 ആയപ്പോള്‍ 68 ആയി ഉയര്‍ന്നു. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 78 ആയി ഉയര്‍ന്നു.
അവസാന സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവാണ് രാജ്യത്ത് ഭാഗികമായി മദ്യനിരോധനം കൊണ്ടുവന്നത്. എന്നാല്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്നതോടെ മദ്യപാനം സാര്‍വത്രികമായി. 2000 വരെ ഇതു തുടര്‍ന്നു.
പിന്നീട് വ്‌ളാദ്മിര്‍ പുടിന്‍ വന്നതോടെ രാത്രി 11നു ശേഷം മദ്യം വില്‍ക്കുന്നത് നിരോധിച്ചു. മദ്യവില കൂട്ടിയും പരസ്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവന്നും പുടിന്‍ റഷ്യക്കാരെ വെളിവുള്ളവരും ആരോഗ്യമുള്ളവരുമാക്കാന്‍ ശ്രമിച്ചു. അതിനു ഫലവുമുണ്ടായി. ഫ്രഞ്ച്, ജര്‍മന്‍ യുവാക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ റഷ്യന്‍ യുവാക്കള്‍ കുടിയില്‍ മാന്യന്മാരായി.
രാജ്യത്ത് മദ്യപാനം മാത്രമല്ല, പുകയില ഉപയോഗവും കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പുടിന്‍. കഴിഞ്ഞയാഴ്ച സ്വകാര്യ ബാല്‍ക്കണികളില്‍ വച്ചു പോലും പുക വലിക്കുന്നത് നിരോധിച്ചു. 2009ല്‍ നിന്ന് 2016ലെത്തുമ്പോള്‍ പുകവലി പകുതിയോളം കുറഞ്ഞു.
30 ശതമാനം റഷ്യക്കാരും ഇപ്പോള്‍ പുക വലിക്കാറില്ലെന്ന് ആഗോള പുകയില സര്‍വേ പറയുന്നു. ഇന്ത്യയില്‍ 20-30 വയസിനിടയിലുള്ളവരില്‍ 53 ശതമാനവും പുകവലിക്കാരാണെന്നത് ഇതോടു ചേര്‍ത്തു വായിക്കുക. പുകവലി മാനസിക സമ്മര്‍ദത്തിന് ആശ്വാസം നല്‍കുന്നുവെന്നാണ് നമ്മുടെ യുവാക്കളില്‍ 56 ശതമാനവും വിശ്വസിക്കുന്നത്.
ലോകത്തെ പുകവലിക്കാരില്‍ 12 ശതമാനവും ഇന്ത്യയിലാണെന്ന് ഡബ്ലിയു.എച്ച്.ഒ പറയുന്നു. രാജ്യത്ത് ഇ-സിഗരറ്റ് നിരോധിച്ചത് സിഗരറ്റ് കമ്പനികളെ സഹായിക്കാനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."