പഴമ കൈവിടാതെ റമദാനിലെ കഞ്ഞി വിതരണം
പാമ്പുരുത്തി: പരിശുദ്ധ റമദാനിലെ നോമ്പുതുറക്കാനുള്ള പ്രധാന വിഭവങ്ങളില്‍ ഒന്നാണ് കഞ്ഞി. പച്ചരിയും തേങ്ങയും ചെറുപയറും ചേര്‍ത്ത് തയാറാക്കുന്ന ഈ വിഭവം മുന്‍ കാലങ്ങളില്‍ റമദാനിലെ 30 ദിസവും പള്ളികള്‍ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നത് പതിവായിരുന്നു. എന്നാല്‍ കാലക്രമേണ ഈ സമ്പ്രദായം പലയിടങ്ങളിലും ഇല്ലാതായെങ്കിലും പഴമ കാത്തുസൂക്ഷിച്ചു കൊണ്ട് പാമ്പുരുത്തിയില്‍ ഇപ്പോഴും കഞ്ഞി വിതരണം നടക്കുന്നുണ്ട്. ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിതരണം ചെയ്യുന്നത്. നോമ്പ് തുറയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായ ഈ വിഭവം പച്ചരിയോ അല്ലെങ്കില്‍ നേരിയ അരിയോ ഉപയോഗിച്ചാണ് പാകം ചെയ്യാറുള്ളത്. മുന്‍കാലങ്ങളില്‍ ഇതിനു വേണ്ടി മാത്രം പ്രത്യേകം കമ്മിറ്റികള്‍ തന്നെ പ്രവര്‍ത്തിച്ചിരുന്നു. നാട്ടിലെ സമ്പന്നരായ അളുകളും പൗരപ്രമുഖരുമാണ് നേരത്തെ ഇതിന് നേതൃത്വം നല്‍കിയിരുന്നത്.പാമ്പുരുത്തിയിലെ മുഴുവന്‍ വീടുകളിലേക്കും ആവശ്യമായ കഞ്ഞി ഇവിടെ നിന്നും വിതരണം ചെയ്യുന്നുണ്ട്. നോമ്പ് അവസാനം വരെ ഇത് തുടരുമെന്ന് മുസ്ലിം ലീഗ് ശാഖ സെക്രട്ടറി അമീര്‍ ദാരിമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."