വല്ലത്തായിപാറയില്‍ ഒരാഴ്ച മുന്‍പ് തള്ളിയ മാലിന്യം നീക്കാതെ അധികൃതര്‍
മുക്കം: ഒരാഴ്ചമുമ്പ് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപാറയില്‍ തള്ളിയ കെട്ടുകണക്കിന് മാലിന്യം ഇനിയും നീക്കിയില്ല. വല്ലത്തായ്പാറ- കൂടരഞ്ഞി റോഡില്‍ കവളോറ, ലോല ഭാഗങ്ങളിലാണ് സാമൂഹ്യ വിരുദ്ധര്‍ വന്‍തോതില്‍ ബാര്‍ബര്‍ ഷോപ്പിലെ മാലിന്യം തള്ളിയത്.
ഗ്രാമ പഞ്ചായത്ത് മെംബറുള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു. എന്നാല്‍ മാലിന്യം നീക്കം ചെയ്യാനോ, സംസ്‌കരിക്കാനോ യാതൊരു നടപടിയുമുണ്ടായില്ല. ലോല കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് മുതല്‍ കവളോറയില്‍ വല്ലത്തായി പള്ളിയുടെ ഖബര്‍സ്ഥാന്‍ വരെയുള്ള ഭാഗങ്ങളിലായി മുപ്പത്തഞ്ചോളം ചാക്ക് മാലിന്യമാണ് തള്ളിയിരിക്കുന്നത്. മഴ കൂടി പെയ്തതോടെ മാലിന്യത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാനും തുടങ്ങിയിട്ടുണ്ട്.
ഇത് മൂലം പ്രദേശത്തെ അന്‍പതോളം കുടുംബങ്ങളും വാഹന യാത്രക്കാരും ഏറെ ദുരിതത്തിലാണ്. പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണിയും ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ പ്രളയ സമയത്ത് വലിയ രീതിയില്‍ മാലിന്യം അടിഞ്ഞ് കൂടിയ പ്രദേശത്ത് നാട്ടുകാരും ആരോഗ്യ പ്രവര്‍ത്തകരും അയല്‍ സഭ, കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരണം നടത്തിയിരുന്നു. ഈ ഭാഗത്താണ് വീണ്ടും മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. നാട്ടുകാരുടെ പരാതിയില്‍ മുക്കം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികളെ കുറിച്ച് പോലിസിന് വിവരം ലഭിച്ചതായാണ് സൂചന. മാലിന്യം തള്ളിയവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാര്‍ഡ് മെംബര്‍ റൂബിന കണ്ണാട്ടില്‍ പറഞ്ഞു. അതേസമയം പ്രതികളെ സംരക്ഷിക്കാന്‍ അധികൃതര്‍ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."