ജന്തുലോകത്തെ വിദഗ്ധര്‍
ബഹിരാകാശത്തേക്ക്
പോയവര്‍
മൃഗങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുള്ള ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബഹിരാകാശത്തേക്കു പറക്കാനുള്ള മനുഷ്യന്റെ സ്വപ്നങ്ങള്‍ക്കു ചിറകു മുളച്ചതോടെ മൃഗങ്ങളെ ഉപയോഗപ്പെടുത്തിയുള്ള പരീക്ഷങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഗഗനചാരികള്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നത്. മൃഗങ്ങളുടെ ജൈവിക മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിനിടയില്‍ ബഹിരാകാശത്തേക്കു പറന്ന പല മൃഗങ്ങള്‍ക്കും ജീവന്‍ ത്യജിക്കേണ്ടി വന്നിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍, അമേരിക്ക, ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ബഹിരാകാശത്തേക്കുള്ള ജന്തുസഞ്ചാരങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിട്ടുണ്ട്. ഈച്ച തൊട്ടു പൂച്ചവരെ നിരവധി ജീവികള്‍ ഇങ്ങനെ വിവിധ കാലങ്ങളില്‍ ബഹികാശയാത്രകള്‍ നടത്തിയിട്ടുണ്ട്. ബഹിരാകാശത്തേക്ക് അയച്ച ആദ്യത്തെ ജീവി പഴയീച്ചയാണ്. 1947 ഫെബ്രുവരിയില്‍ അമേരിക്കയാണ് ഈ ദൗത്യം നിര്‍വഹിച്ചത്.
ഫെലിസെറ്റ്
ബഹിരാകാശത്തേക്കു പറന്നുയര്‍ന്ന ആദ്യത്തെ പൂച്ചയാണ് ഫെലിസെറ്റ്. ഫ്രഞ്ച് സ്‌പേസ് ഏജന്‍സിയാണ് 1963 ഒക്ടോബര്‍ 18 ന് ഫെലിസെറ്റിനെ ബഹിരാകാശത്തേക്ക് അയച്ചത്. വെളുപ്പില്‍ കറുത്ത പുള്ളികളുള്ള ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാറ്റ് ബഹിരാകാശത്ത് 15 മിനുട്ടു നേരം മാത്രമാണ് ചെലവഴിച്ചത്. ഇതിനകം ഭാരമില്ലായ്മ അനുഭവിക്കാനായ ഫെലിസെറ്റിന്റെ ശരീരത്തില്‍ പഠനത്തിന്റെ ഭാഗമായി നിരവധി ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചിരുന്നു. ബഹിരാകാശത്തെത്തുന്ന ജന്തുക്കളുടെ നാഡീവ്യവസ്ഥയിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് പഠിക്കാനാണ് ഫെലിസെറ്റിനെ ബഹിരാകാശത്തേക്ക് അയച്ചത്. ഭൂമിയില്‍ തിരിച്ചെത്തിയ ഫെലിസെറ്റ് മരുന്ന് കുത്തിവച്ചുള്ള പരീക്ഷണങ്ങള്‍ക്കിടയില്‍ ചത്തു. എന്നാല്‍ ഫെലിസെറ്റിന്റെ കഥ അവിടെ തീരുന്നില്ല. ശാസ്ത്ര ലോകത്തിന് ചെയ്ത മഹത്തായ സേവനങ്ങളെ മുന്‍ നിര്‍ത്തി ഫ്രാന്‍സില്‍ ഫെലിസെറ്റിന്റെ വെങ്കലപ്രതിമ സ്ഥാപിക്കാനുള്ള ശ്രമം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഫണ്ട് സ്വരൂപിക്കാനുള്ള ക്യാമ്പയിനുകളും സോഷ്യല്‍ മീഡിയയിലുണ്ട്.
ലെയ്ക്കയ്‌ക്കൊരു ലൈക്ക്
ഭ്രമണപഥത്തിലെത്തിയ ആദ്യത്തെ മൃഗമാണ് ലെയ്ക്ക. റഷ്യന്‍ ബഹിരാകാശയാനമായ സ്പുട്‌നിക്കില്‍ ആണ് ലെയ്ക്ക ബഹിരാകാശത്തേക്കുയര്‍ന്നത്. 1957 നവംബര്‍ മൂന്നിന് സ്പുടിക്‌നിക് രണ്ടിലായിരുന്നു ലെയ്ക്കയുടെ ബഹിരാകാശ യാത്ര. ഭൂമിയില്‍നിന്ന് പുറപ്പെട്ടതു മുതല്‍ ബഹിരാകാശത്തുനിന്ന് തിരിച്ചെത്തുന്നതു വരെ ലെയ്ക്കയുടെ ശാരീരിക മാറ്റങ്ങള്‍ പ്രത്യേക സെന്‍സറുകള്‍ ഉപയോഗിച്ച് രേഖപ്പെടുത്തിയിരുന്നു. വളര്‍ത്തുനായ്ക്കളേക്കാള്‍ തെരുവു പട്ടികള്‍ക്ക് പ്രവര്‍ത്തനക്ഷമതയും സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശേഷിയും കൂടുതലാണെന്നതിനാല്‍ തെരുവു പട്ടികളെയായിരുന്നു സോവിയറ്റ് ഗവേഷകര്‍ ബഹിരാകാശ ദൗത്യത്തിന് തെരഞ്ഞെടുത്തിരുന്നത്.
മോസ്‌കോ തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന പട്ടിയായിരുന്നു ലെയ്ക്ക. യാത്രയ്ക്കു വേണ്ടി ലെയ്ക്കയെ തെരഞ്ഞടുത്തത് ഒലീഗ് ഗസാങ്കോയെന്ന റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞനാണ്. ക്രുഡിയാവ്ക എന്നായിരുന്നു ലെയ്ക്കയുടെ ആദ്യത്തെ പേര്. സ്ഫുട്‌നിക് രണ്ടിന്റെ ദൗത്യത്തിന് ദിവസങ്ങള്‍ക്കു മുമ്പേ ലെയ്ക്കയെ ഉപഗ്രഹ പേടകത്തിനകത്താക്കിയിരുന്നു. ആ സമയത്ത് കൊടും തണുപ്പായിരുന്നു വിക്ഷേപ കേന്ദ്രത്തിലനുഭവപ്പെട്ടിരുന്നത്. ഇതിനാല്‍ തന്നെ ലെയ്ക്കയെ താമസിപ്പിച്ച കണ്ടയ്‌നറുകളില്‍ കൃത്രിമ താപം സൃഷ്ടിക്കേണ്ടി വന്നു. വിക്ഷേപണ സമയത്ത് ലെയ്ക്കയുടെ ശ്വസനിരക്ക് മൂന്നോ നാലോ ഇരട്ടിയായി വര്‍ധിച്ചിരുന്നു. പേടകം ഭ്രമണപഥത്തിലെത്തിയപ്പോള്‍ ഉപഗ്രഹത്തിന്റെ ബ്ലോക്ക് വേര്‍പെടുത്താന്‍ സാധിച്ചില്ല.
ഇതുമൂലം ക്യാബിനകത്ത് താപനില ക്രമാതീതമായി വര്‍ധിച്ചു. പിന്നീട് ലെയ്ക്കയുടെ ശാരീരികമാറ്റങ്ങളുടെ സൂചന നീണ്ട ഏഴുമണിക്കൂര്‍ നേരത്തേക്കു ലഭിച്ചില്ല. പത്തു ദിവസത്തോളം ബഹിരാകാശത്ത് കഴിഞ്ഞ ലെയ്ക്ക തിരിച്ചു വന്നത് മരണമടഞ്ഞ നിലയിലായിരുന്നു.
ലെയ്ക്ക ബഹിരാകാശത്തു പോയി ഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ മാരകമായ പല രോഗങ്ങളും കൊണ്ടുവന്നേക്കുമെന്നു കരുതി ലെയ്ക്കയ്ക്ക് കൊടുത്തിരുന്ന ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിരുന്നെന്നും അതല്ല ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചതാണെന്നും പറയപ്പെടുന്നു. വിക്ഷേപണം കഴിഞ്ഞ് ഏതാനും മണിക്കൂറിനുള്ളില്‍തന്നെ ലെയ്ക്ക അമിതതാപം മൂലം മരിച്ചിരുന്നെന്ന് 2002 ഒക്ടോബറില്‍ശാസ്ത്രലോകം കണ്ടെത്തി. ബഹിരാകാശത്ത് പോയതോടു കൂടി ലെയ്ക്ക ലോക പ്രശസ്തി നേടി. സ്മരണാര്‍ഥം പ്രതിമ സ്ഥാപിക്കപ്പെട്ടു. നിരവധി ശാസ്ത്രസാഹിത്യകഥകളിലും റഷ്യന്‍ തപാല്‍ സ്റ്റാംമ്പിലും സ്ഥാനം പിടിച്ചു. റഷ്യയില്‍ ലെയ്ക്കയുടെ പേരില്‍ ചോക്ലേറ്റുകള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്.
ഹാമിനെ അറിയാമോ
ബഹിരാകാശത്തേക്ക് പോയ ആദ്യത്തെ ചിമ്പാന്‍സിയാണ് ഹാം. 1961 ജനുവരി 31 നാണ് ഹാം ബഹിരാകാശയാത്ര നടത്തിയത്. പ്രൊജക്റ്റ് മെര്‍ക്കുറി എന്ന സ്‌പേസ് പോഗ്രാമിന്റെ ഭാഗമായി അമേരിക്കയാണ് ഹാമിനെ സ്‌പേസിലേക്കയച്ചത്. പേടകത്തിലെ ലിവറുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ പരിശീലനം നേടിയ ഹാം ശാസ്ത്ര ലോകത്തിന് മുതല്‍ക്കൂട്ടായി മാറി. ബഹിരാകാശം താണ്ടിയ ആദ്യ ഹോമിനിഡ് ആയി ഹാം അറിയപ്പെടുന്നു. പര്യവേക്ഷണത്തിനു ശേഷം പതിനേഴു വര്‍ഷം വാഷിംഗ്ടണ്‍ ഡിസിയിലെ ദേശീയ മൃഗശാലയില്‍ ഹാം ജീവിച്ചു.
ബീവറിന്റെ ഡാം
മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും ഡാം നിര്‍മിക്കാറുണ്ട്. മൃഗങ്ങളിലെ എന്‍ജിനീയറായ ബീവര്‍ നല്ലൊരു ഡാം നിര്‍മാതാവാണ്. ജലാശയങ്ങളില്‍ ചുള്ളിക്കമ്പുകള്‍ ചപ്പ്് ചവറുകള്‍ മണ്ണ്, കല്ല് എന്നിവയൊക്കെ ഉപയോഗിച്ചാണ് ഡാമിന്റെ നിര്‍മാണം. ഇങ്ങനെ നിര്‍മിക്കുന്ന അണക്കെട്ടിന് പിന്നിലായാണ് ബീവറുകള്‍ വീട് പണിയുന്നത്. വീടിനകത്തേക്കുള്ള വാതിലാകട്ടെ വെള്ളത്തിനടിയിലൂടെയായിരിക്കും. ശത്രുവില്‍ നിന്നു രക്ഷനേടാനാണ് ഇങ്ങനെ ചെയ്യുന്നത്. ചിലപ്പോള്‍ ശത്രുസംഹാരം നടത്താന്‍ അണക്കെട്ടുകള്‍ ഇവ തകര്‍ക്കാറുമുണ്ട്. 2010 ല്‍ കാനഡയില്‍ കണ്ടെത്തിയ ഒരു ബീവര്‍ ഡാമിന് 2800 അടി നീളമുണ്ടായിരുന്നുവത്രെ.
ബ്യൂസിഫാലസും ചേതകും
മാസിഡോണിയന്‍ ചക്രവര്‍ത്തി അലക്‌സാണ്ടറുടെ സന്തത സഹചാരിയാണ് ബ്യൂസിഫാലസ് എന്ന കുതിര. അലക്‌സാണ്ടറുടെ അച്ഛനായ ഫിലിപ്പ് രാജാവ്, ഫിലോനിക്കസ് എന്ന വ്യാപാരിയില്‍ നിന്നാണ് ബ്യൂസിഫാലസ് എന്ന കാട്ടുകുതിരയെ വാങ്ങിച്ചത്. കുതിരയെ മെരുക്കുന്നതില്‍ പരിശീലകര്‍ പരാജയപ്പെട്ടെങ്കിലും അലക്‌സാണ്ടര്‍ കുതിരയെ എളുപ്പത്തില്‍ മെരുക്കിയെടുത്തു. ബായൂസി ഫാലസ് എന്നാല്‍ കാളത്തല എന്നാണ് അര്‍ഥം. ദീര്‍ഘകാലം അലക്‌സാണ്ടറെ സേവിച്ച ബ്യൂസിഫാലസ് ഇന്ത്യയില്‍വച്ചു നടന്ന ഝലം യുദ്ധത്തിലാണ് മരണമടഞ്ഞത്.
ബ്യൂസിഫാലസിന്റെ മരണ ശേഷം കുതിരയുടെ ഓര്‍മയ്ക്കായി അദ്ദേഹം ഒരു നഗരത്തിന് കുതിരയുടെ പേരു നല്‍കി. ഇന്ത്യയിലെ രാജാവായിരുന്ന റാണാപ്രതാപ് സിംഹന്റെ കുതിരയായിരുന്നു ചേതക്. 1576 ല്‍ രജപുത്രരും മുഗള്‍ സൈന്യവും തമ്മില്‍ രാജസ്ഥാനിലെ ഹാല്‍ദിഘട്ടി എന്ന സ്ഥലത്തുവച്ച് ഏറ്റുമുട്ടുകയുണ്ടായി. ഹാല്‍ദിഘട്ടി എന്ന പേരില്‍ അറിയപ്പെട്ട ആ യുദ്ധത്തില്‍ രജപുത്രസൈന്യത്തിന്റെ സൈന്യാധിപന്‍ റാണാപ്രതാപ് സിംഹനായിരുന്നു. മാന്‍സിംഗായിരുന്നു മുഗള്‍ സൈന്യത്തെ നയിച്ചിരുന്നത്. മാന്‍ സിംഗ് ഇരുന്നിരുന്ന ആന തുമ്പിക്കൈയില്‍ വാള്‍ ചുഴറ്റിപ്പിടിച്ച് എപ്പോഴും ചുഴറ്റിക്കൊണ്ടിരിക്കുന്നു. ഇതിനാല്‍ തന്നെ മാന്‍ സിംഗിനെ തൊടാന്‍ റാണാപ്രതാപിന് ആയില്ല. ഇതു കണ്ട ചേതക് ആനയുടെ മസ്തകത്തില്‍ ചവിട്ടി മാന്‍സിംഗിനെ വധിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു. റാണാപ്രതാപ് സിംഗ് ഈ അവസരം മുതലെടുത്ത് കുന്തം എറിഞ്ഞു. പക്ഷെ ലക്ഷ്യം തെറ്റി കുന്തം തറച്ചത് ആനക്കാരനില്‍ ആയിരുന്നു.
ഈ സമയത്താണ് ചേതക് ചില സൂചനകള്‍ റാണാപ്രതാപ് സിംഹന് നല്‍കുന്നത്. ചേതകിന്റെ മുന്‍കാലില്‍ ആനയുടെ വാളില്‍നിന്ന് ആഴത്തിലുള്ള മുറിവേറ്റിരുന്നു. യുദ്ധക്കളത്തില്‍ അധിക നേരം പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ റാണാപ്രതാപിനേയും വഹിച്ച് ചേതക് അതിവേഗത്തില്‍ യുദ്ധക്കളം വിട്ടു.
ശത്രുക്കള്‍ പിന്തുടര്‍ന്നുണ്ടെന്നറിഞ്ഞതോടെ അധിക വേഗത്തില്‍ കിലോമീറ്ററുകളോളം ആ ഓട്ടം തുടര്‍ന്നു. പിന്നെ ഒരു നദി കുറുകെ കടന്ന് റാണാപ്രതാപിനെ സുരക്ഷിതനാക്കിയ ശേഷം ആ നദിക്കരയില്‍ ചേതക് ചത്തുവീണു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."