മണിക്കൂറുകളോളം നീണ്ടു നിന്ന പരിശോധന; റെയ്ഡില്‍ സാമ്പത്തിക ഇടപാടുകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തുവെന്ന് ഇഡി
തിരുവനന്തപുരം: പി വി അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലുമായി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ സാമ്പത്തിക ഇടപാടുകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പര്‍ട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളില്‍ വിവിധ ലോണുകള്‍ കെഎഫ്‌സി വഴി തരപ്പെടുത്തിയെന്നും ഇഡി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അന്‍വറിന്റെ ബിനാമി സ്വത്തിടപാടുകളും ഇഡി പരിശോധിക്കുകയാണ്.
അതേസമയം മലംകുളം കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിന്റെ യഥാര്‍ഥ ഉടമ താനാണെന്ന് അന്‍വര്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഡ്രൈവറുടെയും അടുത്ത ബന്ധുവിന്റയും പേരിലാണ് സ്ഥാപനം ഉളളത്. ലോണെടുത്ത തുക അന്‍വര്‍ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് വകമാറ്റിയതായും 2016 ലെ 14.38 കോടി സ്വത്ത്, 2021ല്‍ 64.14 കോടിയായി വര്‍ധിച്ചതില്‍ കൃത്യമായി വിശദീകരണം നല്‍കാന്‍ അന്‍വറിനായില്ലെന്നും ഇഡി പറയുന്നു.
അതേസമയം കെഎഫ്‌സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയും പിഴവും ഉണ്ടായിട്ടുണ്ടെന്നും ഈട് നല്‍കിയ വസ്തുവിന്റെ മുന്‍കാല ചരിത്രം കൃത്യമായി പരിശോധിച്ചിട്ടില്ലെന്നും ഇഡി വ്യക്തമാക്കി.
ഇന്നലെ നടത്തിയ പരിശോധനയില്‍ 15 ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ പിവി അന്‍വറിന്റെ ബിനാമി ഇടപാടുകള്‍ സംശയിക്കുന്ന രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പിവിആര്‍ മെട്രോ വില്ലേജിലെ ചില കെട്ടിടങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരമില്ലാതെയാണ് നിര്‍മ്മിച്ചതെന്നും, ഈ നിര്‍മ്മാണത്തിനായി കള്ളപ്പണം നിക്ഷേപിച്ചതായും കണ്ടെത്തി. വില്‍പ്പന കരാറുകള്‍, സാമ്പത്തിക രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയുള്‍പ്പെടെ നിരവധി രേഖകള്‍ പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."