ഏറെക്കാലം ചേര്‍ത്തുപിടിച്ചത് ഗൗരിയമ്മയെ
#യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: അരൂരിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രവും കെ.ആര്‍ ഗൗരിയമ്മയുടെ രാഷ്ട്രീയജീവിതവും പരസ്പരം കെട്ടുപിണഞ്ഞതാണ്. അരൂരിനെ ഒഴിവാക്കി ഗൗരിയമ്മയുടെയോ ഗൗരിയമ്മയില്ലാതെ അരൂരിന്റെയോ ചരിത്രം പറയാനാവില്ല. എക്കാലവും ചുവപ്പിനോടായിരുന്നു അരൂരിന് അടുപ്പം. ഗൗരിയമ്മയുടെ പാര്‍ലമെന്ററി ജീവിതത്തെ ഏറെക്കാലം പിന്തുണച്ച അരൂര്‍ അവരെ ജനവിധിയിലൂടെ തന്നെ പടിയിറക്കിയതും ചരിത്രം.
അരൂര്‍ ഒന്‍പത് തെരഞ്ഞെടുപ്പുകളില്‍ ഗൗരിയമ്മയെ ചേര്‍ത്തുനിര്‍ത്തി. രണ്ടുതവണ വീഴ്ത്തി. ഏറ്റവും കൂടുതല്‍ തവണ ഗൗരിയമ്മയെ വിജയിപ്പിച്ച മണ്ഡലമാണിത്. കോണ്‍ഗ്രസിന് രണ്ടുതവണ മാത്രമാണ് ജയം സമ്മാനിച്ചത്. പിന്നീട് ഗൗരിയമ്മയിലൂടെ യു.ഡി.എഫ് പക്ഷത്തും രണ്ടുതവണ അരൂര്‍ നിലകൊണ്ടു. 1957ലാണ് ചേര്‍ത്തലയുടെ ഭാഗമായിരുന്ന അരൂര്‍ സ്വതന്ത്ര മണ്ഡലമായത്. ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിലും അരൂര്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. കോണ്‍ഗ്രസിലെ പി.എസ് കാര്‍ത്തികേയനായിരുന്നു അരൂരിന്റെ ആദ്യ എം.എല്‍.എ. 1960ലും അരൂര്‍ കാര്‍ത്തികേയനെ തുണച്ചു. 1964ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷമാണ് കെ.ആര്‍ ഗൗരിയമ്മ സി.പി.എമ്മിനായി അരൂരിലേക്ക് വരുന്നത്. വയലാര്‍ രവിയുടെ മാതാവ് ദേവകി കൃഷ്ണനായിരുന്നു കോണ്‍ഗ്രസിലെ എതിരാളി. ദേവകി കൃഷ്ണനെ വീഴ്ത്തിയ ഗൗരിയമ്മ അരൂരിന്റെ മനസ് പിടിച്ചെടുത്തു. 1965ല്‍ തുടങ്ങിയ ഗൗരിയമ്മയുടെ വിജയം 2001 വരെ നീണ്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിട്ട് ഏറ്റുമുട്ടിയ 1970ലെ തെരഞ്ഞെടുപ്പിലും ഗൗരിയമ്മ ജയിച്ച് ഹാട്രിക് സ്വന്തമാക്കി. 1977ല്‍ സി.പി.ഐയിലെ പി.എസ് ശ്രീനിവാസനോട് ഏറ്റുമുട്ടിയ ഗൗരിയമ്മയുടെ കാലിടറി. 9,595 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കോണ്‍ഗ്രസ് പിന്തുണയില്‍ പി.എസ് ശ്രീനിവാസന്‍ ജയിച്ചുകയറിയത്. 1980ല്‍ ഗൗരിയമ്മ അരൂരിനെ വീണ്ടും ചുവപ്പിച്ചു. 1982, 87, 91 തെരഞ്ഞെടുപ്പുകളിലും ഗൗരിയമ്മയെ അരൂര്‍ കൈവിട്ടില്ല. 1996ല്‍ സി.പി.എമ്മില്‍നിന്ന് പുറത്തായ ഗൗരിയമ്മ ജെ.എസ്.എസ് രൂപീകരിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി. സി.പി.എമ്മിലെ ബി. വിനോദിനെതിരേ 16,533 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലത്തിലെ ഏറ്റവും വലിയ വിജയവും സ്വന്തമാക്കി. 2001ലും ഗൗരിയമ്മയെ അരൂര്‍ കൈവിട്ടില്ല. 2006ല്‍ പക്ഷേ ചിത്രം മാറി. യുവത്വത്തിന്റെ പ്രസരിപ്പുമായി കളത്തിലിറങ്ങിയ എ.എം ആരിഫിലൂടെ അരൂര്‍ വീണ്ടും ചുവന്നു. ഗൗരിയമ്മയെ 4,753 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആരിഫ് വീഴ്ത്തിയത്. ഗൗരിയമ്മയുടെ ജനാധിപത്യ പോരാട്ടത്തിലെ പടിയിറക്കത്തിന്റെ തുടക്കമായിരുന്നു അത്. 2011ലും 17ലും വിജയം നേടി ആരിഫ് ഹാട്രിക് തികച്ചു. 38,519 വോട്ടുകളുടെ ഏറ്റവും വലിയ വിജയമാണ് 2017ല്‍ അരൂര്‍ ആരിഫിന് സമ്മാനിച്ചത്. ഒടുവില്‍ ലോക്‌സഭാ അങ്കത്തില്‍ ആഞ്ഞുവീശിയ രാഷ്ട്രീയകൊടുങ്കാറ്റിലും തോല്‍വിയറിയാതെ ആരിഫ് ജയിച്ചുകയറിയതോടെ അരൂര്‍ ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങി. 1957ല്‍ സംസ്ഥാന രൂപീകരണത്തിനുശേഷം അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയത്തോട്, തുറവൂര്‍, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതായിരുന്നു അരൂര്‍ നിയമസഭാ മണ്ഡലം. 2011ല്‍ അരൂരിന്റെ രൂപംമാറി. പട്ടണക്കാട്, വയലാര്‍, കടക്കരപ്പള്ളി പഞ്ചായത്തുകളെ ഒഴിവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."