മദ്യസംഘങ്ങളുടെ താവളമായി ഭാരതപ്പുഴയിലെ മണല്‍ത്തിട്ടകള്‍
കൂറ്റനാട്: ഭാരതപ്പുഴയിലെ മണല്‍ത്തിട്ടകള്‍ മദ്യപസംഘങ്ങളുടെ താവളമാക്കുന്നു. വിനോദസഞ്ചാരികളുടെ വരവ് ലക്ഷ്യമിട്ട് നിര്‍മിച്ച വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കിന് സമീപത്തും രാത്രികാലങ്ങളില്‍ മദ്യപാനികളുടെ ശല്യം രൂക്ഷമാണ്. ഒഴിവുദിവസങ്ങളില്‍ രാത്രിസമയം നിരവധിപേരാണ് സംഘംചേര്‍ന്ന് ഇവിടേക്ക് മദ്യപിക്കാനായെത്തുന്നത്. പുഴയില്‍ പുതുതായി രൂപപ്പെട്ട മണല്‍ത്തിട്ടകളും സമീപത്തെ പാറക്കൂട്ടങ്ങളും പറമ്പുകളുമെല്ലാം ഇത്തരക്കാര്‍ താവളമാക്കുകയാണ്. പാലത്തിന് മുകളിലെയും റോഡരികുകളിലേയും ഭൂരിഭാഗം തെരുവുവിളക്കുകളും അണഞ്ഞ് കിടക്കുന്നത് ഇത്തരക്കാര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ്.
വെള്ളിയാങ്കല്ല്-കൊടിക്കുന്ന് റോഡരികിലെ പൊന്തക്കാടുകളില്‍ നിറയെ മദ്യക്കുപ്പികള്‍ നിറഞ്ഞുകിടക്കയാണ്. പുഴയില്‍ സംഘംചേര്‍ന്ന് മദ്യപിക്കുന്നവര്‍ കുപ്പികള്‍ പുഴയില്‍ത്തന്നെ പൊട്ടിച്ച് കളയുന്നത് പുഴയിലെത്തുന്ന സന്ദര്‍ശകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രളയശേഷം തടയണയുടെ പടിഞ്ഞാറുഭാഗത്ത് പുതിയ മണല്‍ത്തിട്ടകള്‍ രൂപപ്പെട്ടതോടെയാണ് ഇത്തരക്കാരുടെ ശല്യം രൂക്ഷമായത്.
കുപ്പികള്‍ പൊട്ടിച്ചിടുന്നതിന് പുറമേ ഇവര്‍ പുഴയിലുപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളുമെല്ലാം പരിസ്ഥിതിക്ക് ഏറെ ദോഷംസൃഷ്ടിക്കുന്നുണ്ട്. ചിലേടങ്ങളില്‍ ചീട്ടുകളിസംഘങ്ങള്‍ തമ്പടിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. നിളയോര പൈതൃകപാര്‍ക്കും പുഴ തീരങ്ങളും കേന്ദ്രീകരിച്ച് രാത്രികാല പോലീസ് നിരീക്ഷണം ശക്തമാക്കേണ്ടത് അവശ്യനടപടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."