മലയാളത്തിന് നല്ല കാലം വരുമ്പോള്‍
ഐക്യമലയാള പ്രസ്ഥാനം നടത്തിയ നിരാഹാര സത്യഗ്രഹത്തെയും അതു പ്രസരിപ്പിച്ച സമരാവേശത്തേയും തുടര്‍ന്നു കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസുള്‍പ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലെഴുതാമെന്ന് തീരുമാനിച്ചിരിക്കുന്നു. ഐ.എ.എസ് പരീക്ഷപോലും മലയാളത്തിലെഴുതാന്‍ നിയമമുളള നാട്ടില്‍, മലയാളത്തില്‍ എഴുതി ഐ.എ.എസില്‍ എത്തിച്ചേര്‍ന്നവര്‍ തിളങ്ങി നില്‍ക്കുന്ന സാമൂഹ്യാവസ്ഥയില്‍ മലയാളത്തിനോട് പി.എസ്.സിക്ക് എന്തിന് അയിത്തം അതിനാല്‍ മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനകരമാണ് ഈ നേട്ടം; അല്ലറ ചില്ലറ ഉപവാസ സമരങ്ങളുമെല്ലാം വേണ്ടി വന്നുവെങ്കിലും കാര്യങ്ങള്‍ നല്ല രീതിയില്‍ അവസാനിച്ചു.
എന്നാല്‍, ഇതോടെ അവസാനിക്കുമോ മലയാളത്തിനുവേണ്ടി നമ്മുടെ പോരാട്ടം. മലയാളം എന്ന ഭാഷയുടെ നിലനില്‍പ് മത്സരപരീക്ഷകള്‍ എഴുതാന്‍ കിട്ടുന്ന അവകാശത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ലല്ലോ. ഏതു ഭാഷയുടേയും നിലനില്‍പ് അതിന്റെ പ്രയോജനപരതയുടെ അടിസ്ഥാനത്തിലാണ്. വളരെ ചുരുക്കം പേര്‍ മാത്രം സംസാരിക്കുന്ന ഗോത്രവര്‍ഗ ഭാഷകള്‍ പലേടത്തും നിലനില്‍ക്കുന്നുണ്ടെങ്കിലും, അവയില്‍ മിക്കവയും ആസന്ന മരണാവസ്ഥയിലാണ്. ഇന്ത്യയില്‍ തന്നെ നാഗാലന്‍ഡ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗോത്രവര്‍ഗ ഭാഷകളുടെ സ്ഥാനം ഏറക്കുറേ ഇംഗ്ലീഷ് കൈയടക്കിയിരിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലേടങ്ങളിലും നിലനിന്നു പോന്ന മൈഥിലി, ഭോജ്പുരി, ഹരിയാന്‍വി തുടങ്ങിയ ഭാഷകള്‍ ഹിന്ദിയുടെ ഭാഷാഭേദങ്ങളായി മാറിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഷാനയം ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ പറഞ്ഞതുപോലെയാണെങ്കില്‍, ഏറെ വൈകുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലെ പല ഭാഷകളും മരണമടയുകയും ഹിന്ദി സര്‍വ വ്യാപിയാവുകയും ചെയ്യും. ഇങ്ങനെയൊക്കെ സംഭവിക്കുന്നതിനു കാരണം, പ്രധാനമായും ഭാഷയുടെ പ്രയോജനപരത തന്നെയാണ്; യാതൊരു കാര്യവുമില്ലെങ്കില്‍ പിന്നെയെന്തിന് ഒരു ഭാഷ പഠിക്കണം സര്‍ക്കാര്‍ നയങ്ങള്‍ ഭാഷയുടെ നിലനില്‍പിനെയും വളര്‍ച്ചയെയും ബാധിക്കുന്നത് ഈ പ്രയോജന പരതയുടെ പേരിലാണ്. തൊഴില്‍ കിട്ടാന്‍ ഉപകരിക്കുമെങ്കില്‍ നാം ഏതു ഭാഷയും പഠിക്കും.
മലയാളത്തില്‍ പി.എസ്.സി പരീക്ഷയെഴുതാന്‍ അവസരമുണ്ടെങ്കില്‍ മലയാളത്തിന് നല്ലകാലം വരും. മെഡിക്കല്‍-എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകളില്‍ മലയാളം ഒരു പേപ്പറാക്കി നോക്കട്ടെ, നമ്മുടെ കുട്ടികള്‍ ജ്ഞാനപ്പാനയും നളചരിതവും ശീതങ്കന്‍ തുള്ളലും പഠിക്കാന്‍ തിക്കിത്തിരക്കി വരും. ഈ തരത്തില്‍ വികസിക്കുന്ന ഭാഷാ പ്രേമംകൊണ്ട് യഥാര്‍ഥത്തില്‍ മലയാള ഭാഷയുടെ വളര്‍ച്ച ത്വരിതപ്പെടുമോ എന്ന ചോദ്യത്തിന് ആരുടെയെങ്കിലും പക്കല്‍ കൃത്യമായ ഉത്തരമുണ്ടോ
ഐ.എ.എസിന്റെ കാര്യം തന്നെയെടുക്കുക, നമ്മുടെ കുട്ടികള്‍ മലയാളത്തില്‍ ഐ.എ.എസ് എഴുതി ജയിക്കുന്നതിനെപ്പറ്റി പറഞ്ഞ് അഭിമാന പുളകിതരാവാറുണ്ട് ഭാഷാസ്‌നേഹികള്‍.
എന്നാല്‍ പലപ്പോഴും അവര്‍ മലയാളം ഐച്ഛികമായെടുക്കുന്നതും മലയാളത്തില്‍ പരീക്ഷയെഴുതുന്നതും ഭാഷാസ്‌നേഹം കൊണ്ട് എന്നതിലേറെ, സംഗതി താരതമ്യേന എളുപ്പമായതുകൊണ്ടാണ്. ഇംഗ്ലീഷില്‍ മികവ് കുറവായതുകൊണ്ടും കൂടി മലയാളത്തിലേക്ക് തിരിയുന്നവരുണ്ട്. ഇത്തരക്കാര്‍ ഏറക്കുറേ എല്ലാവരും അഭിമുഖവേളയില്‍ ഇംഗ്ലീഷിലേക്ക് മാറുന്നതായാണനുഭവം. തങ്ങളുടെ മലയാളം അവസാനഘട്ടമായ അഭിമുഖവേളയില്‍ അത്രകണ്ടു പ്രയോജനപ്പെടുകയില്ലെന്ന് അവര്‍ക്കറിയാം. മിക്കപ്പോഴും മലയാളത്തില്‍ പറയുന്ന സംഗതിയല്ല വിവര്‍ത്തകരിലൂടെ ബോര്‍ഡിന്റെ മുമ്പിലെത്തുക; അതിനാല്‍ അവിടെ ഇംഗ്ലീഷ് തന്നെ ശരണം. അതായത്. ഐ.എ.എസ് പരീക്ഷയിലെ മലയാളത്തോടുളള ആഭിമുഖ്യം നമ്മുടെ ഭാഷാസ്‌നേഹത്തെയല്ല കൃത്യമായി പ്രതിഫലിപ്പിക്കുന്നത്; മറിച്ച് ഭാഷയുടെ പ്രയോജന മൂല്യത്തെത്തന്നെയാണ്. ഇതുവച്ചു ചിന്തിക്കുമ്പോള്‍ പി.എസ്.എസി പരീക്ഷ മലയാളത്തിലെഴുതാന്‍ സാധിക്കുമെന്നു വരുമ്പോള്‍, നാം കൂടുതല്‍ 'ഭാഷാസ്‌നേഹി'കളായിമാറും എന്നുറപ്പിക്കാം. മലയാളത്തില്‍ മാത്രമേ പരീക്ഷ എഴുതാനാവൂ എന്നെങ്ങാനും വന്നാല്‍ നമ്മുടെ ഭാഷാസ്‌നേഹം വാനോളമുയരുമെന്നും തീര്‍ച്ച; ചുരുക്കത്തില്‍ ഇത്രേയുള്ളൂ കാര്യം... ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം.....
പ്രയോജനത്തിനുമപ്പുറം എന്ത്
ഇവിടെ മറ്റൊരു ചോദ്യം ഉയരുന്നുണ്ട് - പി.എസ്.സി പരീക്ഷയ്ക്ക് അപ്പുറത്തേക്ക് എത്രകണ്ട് പ്രയോജനപ്രദമാണ് മലയാള ഭാഷാ പഠനം ആഗോളവല്‍ക്കരണം അതിശക്തമായി നിലനില്‍ക്കുന്ന പുതിയകാലത്ത് തൊഴില്‍ സാധ്യത കേരളത്തിലെ സര്‍ക്കാരുദ്യോഗങ്ങളില്‍ എത്രത്തോളമുണ്ട് എന്ന് ആലോചിക്കുമ്പോഴാണ് മലയാളത്തിന്റെ പരിമിതികള്‍ വ്യക്തമാവുക. കഴിഞ്ഞ ഏതാനും ദശകങ്ങളായി സംസ്ഥാനത്തിനും രാജ്യത്തിനും വെളിയില്‍ ധാരാളം തൊഴില്‍ സാധ്യതകള്‍ മലയാളികള്‍ക്ക് തുറന്നു കിട്ടിയിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമെന്നല്ല, ഗള്‍ഫ് രാജ്യങ്ങളില്‍ പോലും മികച്ച വേതനം ലഭിക്കുന്ന ജോലികള്‍ തേടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മലയാളത്തെ ബന്ധ ഭാഷയുടെ സ്ഥാനത്ത് നിര്‍ത്താനാവുകയില്ല. ഐ.ടി മേഖലയിലുണ്ടായ പുതിയ സാങ്കേതിക വികാസങ്ങള്‍ ഇംഗ്ലീഷിന് പ്രസക്തി വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഇംഗ്ലീഷിന് പ്രാമുഖ്യം നല്‍കാനും മലയാളത്തെ അവഗണിക്കാനുമുളള 'അതിബുദ്ധി' മലയാളത്തില്‍ കാണിക്കുന്നുണ്ടെങ്കില്‍ അതിന്നു പിന്നില്‍ കൊളോണിയല്‍ ദാസ്യത്തേക്കാളേറെ പ്രായോഗികതയാണുളളത്. പ്രയോജനപരതയെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് നമ്മുടെ ഭാഷാസ്‌നേഹം കൂടുന്നതും കുറയുന്നതും. അതിനാല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥി അശ്ലീലക്കാഴ്ചയൊന്നുമല്ല, പല ഭാഷാ സ്‌നേഹികളും വിളിച്ചാര്‍ക്കുന്നതുപോലെ ഇംഗ്ലീഷ് ദാസ്യവേലയുടെ അടയാളവുമല്ല; മലയാളത്തോട് സ്‌നേഹമില്ലാത്തതുകൊണ്ടല്ല, അന്നത്തിനു വകയുണ്ടാക്കാന്‍ വേണ്ടിയാണ് ഇംഗ്ലീഷിനു പിന്നാലെയുള്ള മലയാളിയുടെ നെട്ടോട്ടം.
മലയാളിയ്ക്ക് ഭാഷാഭിമാനമില്ലെന്ന് പറയുന്നതിലും വലിയ കാര്യമില്ലെന്നാണ് എന്റെ പക്ഷം. ഭാഷയ്ക്കും സാഹിത്യത്തിനും വലിയ സ്ഥാനം നല്‍കുന്ന പാരമ്പര്യമാണ് മലയാളക്കരയില്‍ എക്കാലത്തുമുളളത്. സാഹിത്യകാരന്‍മാര്‍ക്ക് വലിയ സ്ഥാനം കല്‍പിക്കുന്ന നാടാണ് എന്നും നമ്മുടേത്. അവരുടെ അഭിപ്രായങ്ങള്‍ വളരെയധികം വിലമതിക്കപ്പെടുന്നു, ഏതു പ്രശ്‌നം വന്നാലും, സാഹിത്യകാരന്‍മാര്‍ ഒപ്പിട്ടിറക്കുന്ന പ്രസ്താവനകള്‍ തൊട്ടുപിന്നാലെവരും. അവരാണ് പൊതുബോധത്തെ നിര്‍ണയിക്കുന്നത്. സാഹിത്യകാരന്‍മാര്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ നമ്മുടെ സംസ്‌കാരത്തേയും രാഷ്ട്രീയത്തേയുമല്ലാം നന്നായി സ്വാധീനിക്കുന്നുണ്ട്.
ഭാഷയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായകമായ ലക്ഷക്കണക്കിന് രൂപയുടെ മൂല്യമുള്ള പല പുരസ്‌കാരങ്ങളും നാട്ടിലുണ്ട്, എഴുത്തുകാര്‍ക്ക് അനുകൂലമായും എതിരായും രാഷ്ട്രീയമായ ചേരിതിരിവുകള്‍ നാട്ടിലുണ്ട്. എന്തിനേറെ എഴുത്തുകാരെ വിളിച്ചിറക്കിക്കൊണ്ട് വന്ന് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് എം.എല്‍.എമാരാക്കുന്ന സമൂഹമാണ് നമ്മുടേത്; ഇന്ത്യയില്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് ഭാഷയ്ക്കും സാഹിത്യത്തിനും മുഖ്യധാരാ ജീവിതത്തില്‍ ഇത്രയേറെ ഇടം കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളം പോലെയുളള ഒരു ചെറിയ ഭാഷയില്‍ പുസ്തകങ്ങള്‍ വിറ്റു പോവുന്നതിന്റെ കണക്കെടുത്താല്‍ മതി ഭാഷയെ നാം എത്രത്തോളം നെഞ്ചിലേറ്റിയിട്ടുണ്ടെന്ന് വ്യക്തമാവാന്‍. അതായത്, മലയാളിക്ക് മലയാളം വേണ്ടെന്ന് പറഞ്ഞു നടക്കുന്നതില്‍ ഒട്ടും ശരിയില്ല. ഭാഷയും സാഹിത്യവുമൊക്കെ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ തന്നെ നാം.
അവഗണനയുടെ കാരണം
എന്നിട്ടും എന്തുകൊണ്ടാണ്, വിദ്യാഭ്യാസ രംഗത്ത് മലയാളം അവഗണിക്കപ്പെടുന്നത് എന്നതൊരു ചോദ്യം തന്നെയാണ്. അവഗണിക്കപ്പെടുന്നു എന്നതൊരു യാഥാര്‍ഥ്യവുമാണ്. നമ്മുടെ ഗ്രാമങ്ങളില്‍ പോലും ധാരാളമായി പൊട്ടിമുളച്ചു വരുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ മാത്രം മതി ഇതിനുളള തെളിവ്. ആളുകള്‍ക്ക് ഇംഗ്ലീഷേ വേണ്ടൂ മലയാളം വേണ്ടേ വേണ്ട. സ്വകാര്യ സ്വാശ്രയ സ്‌കൂളുകള്‍ ഈ മാനസികാവസ്ഥയില്‍ നിന്നു നന്നായി മുതലെടുത്തു പോന്നു. ഈ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ചില നയങ്ങള്‍ കൈക്കൊണ്ടതും പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ വേണ്ടി ഒരു പാട് നടപടികള്‍ കൈക്കൊണ്ടതും. എന്നിട്ടെന്തുണ്ടായി- ഗവണ്‍മെന്റ്-എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ കുറേയൊക്കെ മാറി, പക്ഷേ അവിടേയും മലയാളം മാധ്യമമല്ല കുട്ടികള്‍ തെരഞ്ഞെടുക്കുന്നത്. ഇംഗ്ലീഷ് മീഡിയത്തിലാണ് കൂടുതല്‍ പേരും പഠിക്കുന്നത്. നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് മീഡിയം ക്ലസുകള്‍ വര്‍ധിച്ചു വരികയും മലയാളം മാധ്യമത്തില്‍ പഠിക്കാന്‍ കുട്ടികളെ കിട്ടാതിരിക്കുയും ചെയ്യുന്നതിനെപ്പറ്റി ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ ഇങ്ങനെയാണ് പോകുന്നതെങ്കില്‍ കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ മലയാളം മീഡിയം ക്ലാസുകളില്‍ പഠിക്കാന്‍ അന്യദേശത്തൊഴിലാളികളുടെയും തീര്‍ത്തും അധഃസ്ഥിതരായ ആളുകളുടേയും കുട്ടികള്‍ മത്രമേ ഉണ്ടാവുകയുള്ളൂ.
സാമാന്യമായി വിദ്യാര്‍ഥികളുടെ അധ്യയന മാധ്യമം ഇംഗ്ലീഷ് തന്നെ ആയിരിക്കും. 'ഭാര്യതന്‍ പേറ് ഇംഗ്ലണ്ടിലാക്കിയി'ല്ലെങ്കിലും പഠിപ്പ് ഇംഗ്ലീഷില്‍ ആയിരിക്കുമെന്ന് ചുരുക്കം. ഈ അവസ്ഥയില്‍ പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലാക്കിയിട്ട് മലയാള ഭാഷക്കെന്തുകാര്യംഈ സാമാന്യ സമീപനത്തിന് വ്യത്യസ്തമായ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക മാനങ്ങളാണുളളത്. കേരളം എക്കാലത്തും അന്യനാടുകളെ ആശ്രയിച്ചുപോന്ന പ്രദേശമാണ്.
ഇവിടുത്തെ സാമ്പത്തിക- സാമൂഹ്യാവസ്ഥകളെ വൈദേശിക ബന്ധങ്ങള്‍ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അറബികളും പാശ്ചാത്യരും വളരേ മുമ്പേ തന്നെ വന്ന് അധിവസിച്ച ദേശമാണ് മലയാളക്കര. നമുക്കു ലഭിച്ച ഈ തോല്‍വി നമ്മുടെ ജീവിതത്തിനുമേലും ഭാഷാ ബോധത്തിനുമേലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. കാലക്രമേണ നാം പടിഞ്ഞാറോട്ടു നോക്കുന്ന സമൂഹമായിത്തീര്‍ന്നു. നമ്മുടെ എല്ലാ ജീവിത വ്യവഹാരങ്ങളിലും ഈ വൈദേശിക സ്വാധീനം പ്രകടമാണ്. വേഷത്തിലും ഭക്ഷണക്രമത്തിലും സാമൂഹ്യാചാരങ്ങളിലും കല്യാണക്കുറി അച്ചടിക്കുന്നതിലും ബോര്‍ഡെഴുതിവെക്കുന്നതിലുമെല്ലാം പടിഞ്ഞാറിനോടുളള ആഭിമുഖ്യം സൂക്ഷിക്കുന്ന ഒരു നാടിന്റെ വിദ്യാഭ്യാസ മണ്ഡലത്തേയും സാമൂഹ്യ ബോധത്തേയും അതു സ്വാധീനിക്കുന്നത് സ്വാഭാവികമാണ്.
ഈ പൊതു സമീപനത്തോട് പ്രയോജനമെന്ന മൂല്യം കൂടി ചേരുമ്പോള്‍ മലയാളം അവഗണിക്കപ്പടുന്നത് കൂടുതല്‍ സ്വാഭാവികവുമാണ്. പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലെഴുതാം എന്നു തീരുമാനിച്ചിരിക്കുകയാണ് ഒടുവില്‍; പക്ഷേ നമ്മുടെ മലയാളം എത്രത്തോളം മികച്ചതാണ് എന്ന് കൂടി ഈ ഘട്ടത്തില്‍ ആലോചിക്കേണ്ടതുണ്ട്. മലയാളം നമ്മുടെ മാതൃഭാഷയാണ്, മലയാളമാണ് പഠന മാധ്യമം.
ഈ അവസ്ഥയിലും 'തെറ്റില്ലാത്ത മലയാളത്തില്‍' നല്ല വാചകമെഴുതാന്‍ കഴിയുമോ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് കുറച്ചു മുന്‍പ് ഒരു ഹൈസ്‌കൂളിലെ എട്ടാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷയെപ്പറ്റി അറിയാനിടയായി. മലയാളം മീഡിയത്തിലുളള സാദാ സ്‌കൂള്‍; എന്നിട്ടും പരീക്ഷയോ എന്നാരാഞ്ഞപ്പോള്‍ സുഹൃത്തായ ഹെഡ്മാസ്റ്റര്‍ പറഞ്ഞതിതാണ്-ആ കുട്ടി പഠിച്ച ഏഴാം ക്ലാസിലെ മലയാളം പാഠപുസ്തകം വായിപ്പിക്കുക എന്നതാണ് പരീക്ഷ. വലിയ കുഴപ്പമില്ലാതെ വായിച്ചാല്‍ പ്രവേശനം കിട്ടും. ഇതാണ് 'ഭാഷാഭിമാനം' കൊണ്ടു വീര്‍പ്പുമുട്ടുന്ന നമ്മുടെ നാട്ടിലെ മലയാള പഠനത്തിന്റെ അവസ്ഥ. ഇംഗ്ലീഷിന്റെ കഥ അതിലേറെ പരിതാപകരമാണ്. ഇംഗ്ലീഷ് മീഡിയത്തിലാണ് പഠനമെങ്കിലും നമ്മുടെ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വളരെ കമ്മിയാണ്.
പനിയായതില്‍ രണ്ട് ദിവസത്തേക്ക് അവധി വേണമെന്ന് അപേക്ഷിക്കേണ്ടിടത്ത് അവധിയായതിനാല്‍ രണ്ടു ദിവസത്തേക്ക് പനി അനുവദിച്ചു തരണമെന്ന് അപേക്ഷ എഴുതിത്തന്ന 'ഇംഗ്ലീഷ് മീഡിയം പ്രൊഡക്റ്റിനെ' എനിക്ക് നേരിട്ടറിയാം. മൊത്തത്തില്‍ നമ്മുടെ ഭാഷാ പഠനത്തിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ചു കൂടി ഗൗരവമായി ആലോചിക്കേണ്ടതുണ്ട്-ഇംഗ്ലീഷായാലും മലയാളമായാലും. ഭാഷയേയും സാമൂഹ്യ വിഷയങ്ങളേയുമെല്ലാം അവഗണിച്ചുകൊണ്ട് രൂപപ്പെടുത്തിയ പുതിയ പഠന പദ്ധതിയില്‍ അടങ്ങിയിട്ടുള്ള അപകടങ്ങളെക്കുറിച്ചുകൂടി ആലോചിച്ചുകൊണ്ടായിരിക്കണം ഐക്യ മലയാള പ്രസ്ഥാനക്കാര്‍ മാതൃഭാഷയുടെ ഉന്നതിക്കു വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തേണ്ടത്.
ചുരുക്കത്തില്‍ ഇത്രയേയുളളൂ-ഭരണതലത്തിലുളള പ്രവര്‍ത്തനങ്ങള്‍ മതിയാവുകയില്ല മലയാളികളുടെ ഭാഷയേയും സംസ്‌കാരത്തേയും രക്ഷിക്കാന്‍. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജനങ്ങളെ മുണ്ടുടുപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു.
കേരളീയ വസ്ത്രധാരണ രീതി കൈക്കൊള്ളാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി നാടു നീളെ കരിങ്കല്ലില്‍ കൊത്തിവെച്ച കുറിമാനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപിച്ചു, മുണ്ടുടുക്കല്‍ പദ്ധതിക്ക് വന്‍പിച്ച പ്രചാരണങ്ങള്‍ നല്‍കി. ആഴ്ചയിലൊരു ദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ ആപ്പീസില്‍ മുണ്ടുടുത്ത് വരണമെന്ന് ഉത്തരവിറക്കി. ഈ കല്‍പന ഇപ്പോഴും പ്രാബല്യത്തിലുണ്ട്; പക്ഷേ എത്ര പേര്‍ മുണ്ടുടുക്കുന്നു ഭാഷാ സംരക്ഷണം സര്‍ക്കാരിനേയും പി.എസ്.സിയേയും മറ്റും ഏല്‍പിച്ചാല്‍ ഇതുപോലെയൊക്കെയേ സംഭവിക്കുകയുളളൂ. അതിലപ്പുറത്തേക്ക് മലയാളത്തിന് മേല്‍ഗതിയുണ്ടാവണമെങ്കില്‍ കുറച്ചുകൂടി കൃത്യമായ ആസൂത്രണവും പ്രവര്‍ത്തനവും വേണം; ഒപ്പം ആത്മാര്‍ഥതയും.
വാല്‍ക്കഷണം: പി.എസ്.സി പരീക്ഷ മലയാളത്തിലാക്കാന്‍ വേണ്ടി നിരാഹാരം കിടന്ന ഐക്യ മലയാള പ്രസ്ഥാനക്കാരില്‍ എത്രപേര്‍ സ്വന്തം കുട്ടികളെ മലയാളം മാധ്യമ വിദ്യാലയങ്ങളില്‍ അയച്ചു പഠിപ്പിച്ചിട്ടുണ്ട് മലയാളത്തിന് വേണ്ടി മരിക്കാനെളുപ്പമാണ്, ജീവിക്കാനാണല്ലോ പ്രയാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."