ക്വാറി തൊഴിലാളിയെ വധിച്ച കേസിലെ പ്രതി 27 വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റില്‍
മലപ്പുറം: പൂക്കോട്ടൂര്‍ മൈലാടിയില്‍ ക്വാറി തൊഴിലാളിയെ കൊന്ന് ഒളിവില്‍ പോയ പ്രതിയെ 27 വര്‍ഷങ്ങള്‍ക്കുശേഷം മംഗലാപുരത്തുനിന്ന് അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശി പിണക്കാട്ട് സെബാസ്റ്റ്യന്‍ എന്ന കുട്ടിയച്ചന്‍ (81) ആണ് മഞ്ചേരി പൊലിസിന്റെ പിടിയിലായത്.
1991ലാണ് കേസിനാസ്പദമായ സംഭവം. മൈലാടിയിലെ ക്വാറി തൊഴിലാളിയായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി പറക്കല്‍ മുരളിയാണ് കൊലചെയ്യപ്പെട്ടത്. ഇവിടുത്തെ ക്വാറിയില്‍ മുരളി വഴി ജോലി നേടിയ കുട്ടിയച്ചന്‍ മുരളിയുമായി തുച്ഛമായ സംഖ്യയുടെ ഇടപാടിനെച്ചൊല്ലി വഴക്കുണ്ടായി. തുടര്‍ന്ന് കുട്ടിയച്ചന്‍ മുരളിയെ ക്വാറിക്കു സമീപമുള്ള ചായക്കടക്കു മുന്നില്‍ വച്ച് ക്വാറിയില്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ഉളികൊണ്ട് നെഞ്ചിനു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കൊല്ലപ്പെട്ട മുരളിക്ക് 28 വയസ്സും പ്രതിക്ക് 54 വയസ്സുമായിരുന്നു പ്രായം.കൊല നടത്തിയ ഉടന്‍ പറമ്പുകളിലൂടെയും മറ്റും അറവങ്കരയിലെത്തി അവിടെ നിന്ന് കോഴിക്കോട്ടേക്കും പിന്നീട് മംഗലാപുരത്തേക്കും പോകുകയായിരുന്നെന്ന് പ്രതി പൊലിസിനോട് പറഞ്ഞു. പിന്നീട് ഇതുവരെ വിവിധ ജോലികള്‍ ചെയ്ത് കര്‍ണാടകയില്‍ കഴിയുകയായിരുന്നു. ഇയാള്‍ പല സ്ഥലത്തും സെബാസ്റ്റ്യന്‍, കുട്ടിയച്ചന്‍, കുട്ടപ്പന്‍, ബാബു, മുഹമ്മദ്, ബാലു എന്നിങ്ങനെ പല പേരുകളാണ് നല്‍കിയിരുന്നത്.
ഇയാളെ പിടികൂടാന്‍ പൊലിസ് നിരവധി തവണ പ്രത്യേക അന്വേഷണസംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. 30 വര്‍ഷത്തിലധികമായി കുടുംബവുമായി അകന്നു കഴിയുന്നതിനാല്‍ വീട്ടുകാര്‍ക്കും ഇയാളെക്കുറിച്ച് വിവരമില്ലായിരുന്നു.
ഈയിടെ പ്രതി സ്ഥിരമായി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന വാടക മുറിയുടെ ഉടമസ്ഥന്‍ മുറി ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ക്ഷുഭിതനായ ഇയാള്‍ ക്വാറിയില്‍ ഉപയോഗിക്കുന്ന വെടിമരുന്നും തിരകളും ഉപയോഗിച്ച് ബോംബുണ്ടാക്കി ഉടമയുടെ വീടിനുള്ളിലേക്ക് എറിഞ്ഞു. സ്‌ഫോടനത്തില്‍ വീട്ടുടമക്കും മറ്റും പരുക്കേറ്റു. സംഭവത്തില്‍ മംഗലാപുരം പുത്തൂര്‍ പൊലിസ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്.
മലപ്പുറം ഡിവൈ.എസ്.പി തോട്ടത്തില്‍ ജലീലിന്റെ നിര്‍ദേശപ്രകാരം സി.ഐ എന്‍.ബി ഷൈജു, എസ്.ഐ ജലീല്‍ കറുത്തേടത്ത്, സ്‌പെഷല്‍ സ്‌ക്വാഡ് അംഗം പി. മുഹമ്മദ് സലീം എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."