ബാങ്കിങ് തട്ടിപ്പ്: ബോസിനെ തേടി പൊലിസ്
കാസര്‍കോട്: എ.ടി.എം കാര്‍ഡുകളും ബാങ്ക് പാസ് ബുക്കുകളുമായി യുവാവ് അറസ്റ്റിലായ സംഭവത്തില്‍ മുഖ്യ കണ്ണി മലപ്പുറം സ്വദേശിയായ ബോസിനെ തേടി അന്വേഷണസംഘം. ബോസ് എന്ന് വിളിക്കുന്ന മുഖ്യപ്രതിക്ക് വേണ്ടി പൊലിസ് പാലക്കാട്, മലപ്പുറം ഭാഗങ്ങളിലേക്ക് അന്വേഷണം ഊര്‍ജിതമാക്കി.
പാലക്കാട് ചെര്‍പ്പുളശേരിയിലെ ഷറഫുദ്ദീനെ (29)യാണ് നിരവധി എ.ടി.എം കാര്‍ഡുകളും ബാങ്ക് പാസ് ബുക്കുകളും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെ കഴിഞ്ഞ ദിവസം രാത്രിയോടെ കാസര്‍കോട് പൊലിസ് പിടികൂടിയത്. ഇയാളില്‍നിന്ന് വിവിധ ആളുകളുടെ പേരിലുള്ള 13 എ.ടി.എം കാര്‍ഡുകളും 13 ബാങ്ക് പാസ് ബുക്കുകളും എ.ടി.എം കാര്‍ഡുകളുടെ പാസ് വേര്‍ഡുകള്‍ എഴുതിയ പ്രിന്റൗട്ടും രണ്ട് സിം കാര്‍ഡുകളും ഫോണുകളും പിടിച്ചെടുത്തിരുന്നു. മഞ്ചേശ്വരം ഉദ്യാവാര സ്വദേശി അബ്ദുല്‍ റാസിഖിന്റെ പരാതിയെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തിയത്. സ്ത്രീയുടെ പടം വച്ച ഫേസ് ബുക്ക് പേജ് ഉപയോഗിച്ചാണ് ഷറഫുദ്ദീന്‍ ഉള്‍പ്പെടെയുള്ള സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
അബ്ദുല്‍ റാസിഖിനെ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഷറഫുദ്ദീന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് ആലുവയിലെത്തിക്കുകയും തുടര്‍ന്ന് തങ്ങളുടെ തട്ടിപ്പില്‍ ഇയാളെ കുരുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തട്ടിപ്പ് നടത്തിയ വകയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഷറഫുദ്ദീന് മാത്രം ബോസില്‍നിന്ന് രണ്ടര ലക്ഷത്തോളം രൂപ ലഭിച്ചതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ബോസിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഷറഫുദ്ദീനില്‍നിന്ന് അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ആളുകളെ കണ്ണിചേര്‍ത്ത് ബാങ്ക് അക്കൗണ്ട് തുടങ്ങിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. അക്കൗണ്ട് തുടങ്ങിയ ശേഷം പാസ് ബുക്കും എ.ടി.എം കാര്‍ഡും ഇവര്‍ കൈക്കലാക്കുകയാണ് പതിവ്. 3750 രൂപയാണ് ഷറഫുദ്ദീന്‍ ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ക്ക് ഇരകളെ കുരുക്കാന്‍ ബോസ് നല്‍കുന്നതെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഇതില്‍ 2000 രൂപ ഷറഫുദ്ദീന് ലഭിക്കും. ബാക്കി തുകയില്‍നിന്ന് ഇരകള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മറ്റുമായി 500 രൂപയും നല്‍കും.
കേരളത്തിന് പുറമെ ബിഹാര്‍, ഡല്‍ഹി, ഫൈസാബാദ് തുടങ്ങിയ സ്ഥലങ്ങളിലും ബോസിന് ഏജന്റുമാര്‍ ഉള്ളതായും പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. മുഖ്യ സൂത്രധാരന്റെ കൈവശം പതിനായിരത്തോളം ആളുകളുടെ പേരിലുള്ള എ.ടി.എം കാര്‍ഡുകളും ബാങ്ക് പാസ് ബുക്കുകളും ഉണ്ടെന്ന വിവരം ഷറഫുദ്ദീനില്‍നിന്ന് പൊലിസിനു ലഭിച്ചതായി സൂചനയുണ്ട്. ഇതിനു പുറമെ ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ചു അതിലേക്കു ലോട്ടറി അടിച്ചതായും മറ്റും മെസേജ് അയച്ചും തട്ടിപ്പ് നടത്തിയിരുന്നു. ഇര കുരുങ്ങിയാല്‍ ആദ്യം 14,000 രൂപ തട്ടിപ്പുസംഘം കൊടുക്കുന്ന ബാങ്ക് അക്കൗണ്ടില്‍ ഇരകളെ കൊണ്ട് അയപ്പിക്കും. പണം അക്കൗണ്ടില്‍ എത്തിയാല്‍ പിന്നെ ഇവര്‍ മുങ്ങും. പിന്നീട് ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ഇരകള്‍ക്കു സാധിക്കുകയുമില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് മലയാളികളെ തട്ടിപ്പില്‍ കുരുക്കുമ്പോള്‍ കേരളത്തില്‍നിന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് സംഘം വലയിലാക്കുന്നത്. ഷറഫുദ്ദീനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."