ഗൂഡല്ലായി കുന്നിലെ എസ്.സി ട്രെയിനിങ് സെന്റര്‍ അടഞ്ഞുതന്നെ
കല്‍പ്പറ്റ: പട്ടികജാതിയില്‍പെട്ട കുട്ടികള്‍ക്കായി കല്‍പ്പറ്റയില്‍ കോടികള്‍ മുടക്കി നിര്‍മിച്ച എസ്.സി ട്രെയിനിങ് സെന്ററും ഹോസ്റ്റല്‍ കെട്ടിടവും അടഞ്ഞ് കിടക്കുന്നു. മൂന്ന് വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യപെട്ട സ്ഥാപനമാണ് അടഞ്ഞ് കിടക്കുന്നത്. എന്‍ട്രന്‍സ്, പി.എസ്.സി പരീക്ഷകള്‍ക്ക് വേണ്ടി താമസിച്ച് പഠിക്കാന്‍ കഴിയും വിധമാണ് കല്‍പ്പറ്റ ഗൂഡല്ലായി കുന്നില്‍ കെട്ടിടം പണിതത്. ഉദ്ഘാടനം കഴിഞ്ഞതല്ലാതെ സ്ഥാപനം ഇതുവരെ തുറന്ന് പ്രവര്‍ത്തിച്ചിട്ടല്ല. കല്‍പ്പറ്റയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി ഗൂഡല്ലായി കുന്നിലാണ് പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വലിയ പ്രയോജനകരമാകുന്ന പരിശീലന കേന്ദ്രം നിര്‍മിച്ചത്. 2013ല്‍ നിര്‍മാണം തുടങ്ങി 2015ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൊട്ടിഘോഷിച്ച് ഉദ്ഘാടനവും നടത്തി. എന്നാല്‍ സ്ഥാപനം അതിന് ശേഷം ഒരു ദിവസം പോലും തുറന്ന് പ്രവര്‍ത്തിച്ചില്ല. നഗരസഭാ പരിധിയിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസില്ലാതെ താമസിച്ചു പഠിക്കാന്‍ കഴിയും വിധം വിപുലമായ സൗകര്യങ്ങളോടെയായിരുന്നു കെട്ടിടം നിര്‍മിച്ചത്.
ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി കെട്ടിടം മാറിയെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇത്തരക്കാരുടെ അഴിഞ്ഞാട്ടം കാരണം രാത്രിയില്‍ ഉറക്കം നഷ്ടമായതായും നാട്ടുകാര്‍ പറയുന്നു. അധികൃതര്‍ ഒന്ന് മനസ് വച്ചാല്‍ സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നിരിക്കെ അതിന് ആരും തന്നെ തയാറാകുന്നില്ല. സ്ഥാപനം പ്രവര്‍ത്തിക്കും വരെ പ്രളയത്തില്‍ കിടപ്പാടം പോയവര്‍ക്ക് താല്‍ക്കാലിക താമസത്തിന് കെട്ടിടം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു എങ്കിലും അധികൃതര്‍ പരിഗണിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."