പൊലിസ് നടപടി പ്രാകൃതം: ചെന്നിത്തല
തിരുവനന്തപുരം: പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരേ സമരം നടത്തിയ നാട്ടുകാരെ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്ത നടപടി പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്കെതിരേ നിഷ്ഠൂരമായ ബലപ്രയോഗമാണ് നടന്നത്. ജനകീയ സമരങ്ങളെ തോക്കും ലാത്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ആവില്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. വര്‍ധിച്ചു വരുന്ന പനി മരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ താന്‍ കണ്ടപ്പോള്‍ പുതുവൈപ്പിന്‍ പ്രശ്‌നവും ചര്‍ച്ച ചെയ്തിരുന്നു. അവിടത്തെ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ അവരുമായി ചര്‍ച്ച നടത്തണമെന്നും സര്‍വകക്ഷി യോഗം വിളിക്കണമെന്നും ബലപ്രയോഗം നടത്തരുതെന്നും താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണ്. കഴിഞ്ഞ ദിവസം നടന്ന ലാത്തിച്ചാര്‍ജ് അനാവശ്യമായിരുന്നെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ കണ്ട് ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും ലാത്തിച്ചാര്‍ജുണ്ടായി. ഇത് ഒരു തരത്തിലും നീതീകരിക്കാന്‍ കഴിയുന്നതല്ല. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശനമായ നടപടി വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."