വീണ്ടും ടാങ്കര്‍ അപകടം; ഒഴിവായത് വന്‍ ദുരന്തം
കോഴിക്കോട്: തൊണ്ടയാട്-പൂളാടിക്കുന്ന് ബൈപാസില്‍ പാചകവാതകം കൊണ്ടുപോകുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരുക്കേറ്റു. നാമക്കല്‍ സ്വദേശികളായ ലോറി ക്ലീനര്‍ പ്രശാന്ത് (24), ഡ്രൈവര്‍ തങ്കരാജ് (49) എന്നിവര്‍ക്കാണ് നിസാര പരുക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് വാതക ചോര്‍ച്ചയുണ്ടാകാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബൈപാസില്‍ മൊകവൂര്‍ കാമ്പുറത്തുകാവ് ക്ഷേത്രത്തിന് മുന്നില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. മംഗലാപുരത്തു നിന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ കൊച്ചി റിഫൈനറിയിലേക്ക് പാചക വാതകവുമായി പോവുകയായിരുന്നു ടാങ്കര്‍ ലോറി.
ബൈപാസ് റോഡില്‍ മൊകവൂരില്‍ സ്ഥിരം അപകട മേഖലയായതിനാല്‍ ഇവിടെ അപായസൂചന നല്‍കുന്ന സിഗ്നല്‍ ലൈറ്റും ഹമ്പുകളും സ്ഥാപിച്ചിരുന്നു. ഈ ഹമ്പുള്‍ക്കു സമീപം കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ കാറിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെയാണ് ലോറി മറിഞ്ഞത്. കാറിന്റെ പിറകിലിടിച്ച ലോറി പിന്നീട് റോഡിന്റെ പടിഞ്ഞാറു ഭാഗത്തേക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഈ സമയത്ത് വാഹനങ്ങള്‍ കടന്നുവരാതിരുന്നതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്. ടാങ്കര്‍ ലോറിയുടെ ഇന്ധനം നിറച്ച ഭാഗം വലതുഭാഗത്തേക്ക് മറിഞ്ഞതും തുണയായി. വാല്‍വുകളും മറ്റു ക്രമീകരണ സംവിധാനങ്ങളുമുള്ള ഇടതുഭാഗത്തേക്ക് മറിയുകയായിരുന്നെങ്കില്‍ വന്‍ ദുരന്തമുണ്ടാവുമായിരുന്നു. സമീപവാസിയായ യുവാവാണ് വിവരം പൊലിസിലും ഫയര്‍ഫോഴ്‌സിലും അറിയിച്ചത്. തുടര്‍ന്ന് 3.20ഓടെ വെള്ളിമാട്കുന്ന് യൂനിറ്റ് ഫയര്‍ഫോഴ്‌സും കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള പൊലിസും രാത്രി പരിശോധനാ ചുമതലയുണ്ടായിരുന്ന ടൗണ്‍ സി.ഐ പി.എം മനോജും സ്ഥലത്തെത്തി.
ട്രാഫിക് സി.ഐ ശ്രീജിത്ത് സംഭവസ്ഥലത്തെത്തിയ ശേഷം ബൈപാസ് വഴിയുള്ള ഗതാഗതം പൂര്‍ണമായും തിരിച്ചുവിടുകയായിരുന്നു. പിന്നീട് പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. രാവിലെയോടെ ക്രെയിന്‍ ഉപയോഗിച്ചാണ് ടാങ്കര്‍ ലോറി റോഡില്‍നിന്ന് മാറ്റിയത്. ആറു മണിക്കൂറിനു ശേഷം ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസ്, ഡി.സി.പി പി.ബി രാജീവ്, സ്‌പെഷല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ അബ്ദുല്‍ വഹാബ്, നോര്‍ത്ത് ട്രാഫിക് അസി. കമ്മിഷണര്‍ പി.കെ രാജു, വെള്ളിമാട്കുന്ന് ഫയര്‍ ഓഫിസര്‍ കെ.പി ബാബുരാജ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."