കരാര്‍ തൊഴിലാളികളെ പിരിച്ചുവിട്ടതോടെ തളിപ്പറമ്പ് നഗരസഭയിലെ മാലിന്യ നീക്കം അവതാളത്തിലായി
തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാന്‍ഡില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു. മാലിന്യം നീക്കം ചെയ്യുന്നത് തോന്നിയപോലെയായതോടെ ദുരിതത്തിലായത് യാത്രക്കാരും ഓട്ടോ തൊഴിലാളികളുമാണ്. തളിപ്പറമ്പ് നഗരസഭയിലെ കടകളില്‍ നിന്നുളള പ്ലാസ്റ്റിക്ക് ജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിച്ച് നീക്കം ചെയ്തിരുന്നത് കുടുംബശ്രീ പ്രവര്‍ത്തകരായിരുന്നു.
അധിക വേതനം ആവശ്യപ്പെട്ടതോടെ ഇവരെ പിരിച്ചുവിട്ടതാണ് മാലിന്യനീക്കം തടസപ്പെട്ടത്. ഇതോടെ ബസ്റ്റാന്‍ഡില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് ജനങ്ങള്‍ക്ക് ദുരിതമായിരിക്കുകയാണ്.
നഗരസഭയിലെ സ്ഥിരം ശുചീകരണ തൊഴിലാളികളുണ്ടെങ്കിലും അവര്‍ റോഡരികുകള്‍ മാത്രമാണ് ശുചീകരിക്കുന്നത്. പ്ലാസ്റ്ററിക്ക് നിരോധിച്ച നഗരസഭയിലെ റോഡരികും ബസ് സ്റ്റാന്‍ഡും പ്ലാസറ്റിക്ക് മാലിന്യ കൂമ്പാരമായിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡിലെ ഒട്ടോറിക്ഷാ പാര്‍ക്കിങ് ഏരിയയെയാണ് ഇത് ഏറെ ബാധിച്ചത് മാലിന്യം നിറഞ്ഞ് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കു ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് ഇവിടെ.
മെയിന്‍ റോഡിലെ കടകളില്‍ നിന്നും രാത്രി കാലങ്ങളില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം അതിരാവിലെ എത്തുന്ന നഗരസഭ ശുചീകരണ തൊഴിലാളികള്‍ റോഡരികില്‍ തന്നെ കത്തിക്കുന്നത് പതിവാണ്.
പൊതു സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നത് തടയേണ്ടവര്‍ തന്നെ അത് ചെയ്യുമ്പോള്‍ സാധാരണക്കാര്‍ ആരോടാണു പരാതി പറയേണ്ടതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ ദിവസവും നീക്കം ചെയ്യുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."