ഭരണമാറ്റത്തിനു പിറകെ പൊലിസില്‍ കൂട്ടസ്ഥലംമാറ്റമെന്ന് ആക്ഷേപം
കൊയിലാണ്ടി: കേരള പൊലിസ് അസോസിയേഷന്‍ ഭാരവാഹികളെയും സംഘടനാ അനുകൂലികളെയും രാഷ്ട്രീയപ്രേരിതമായി സ്ഥലംമാറ്റുന്നതായി ആക്ഷേപം. ഭരണമാറ്റം നടന്നപ്പോള്‍ കോഴിക്കോട് റൂറല്‍ ജില്ലയിലെ നിരവധി പൊലിസുകാരെയാണു വിദൂര സ്റ്റേഷനുകളിലേക്കു സ്ഥലം മാറ്റുന്നത്. നിലവില്‍ ജോലി ചെയ്തുവരുന്ന സ്റ്റേഷനുകളില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കാത്തവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
രാഷ്ട്രീയപ്രേരിതമായ രീതിയില്‍ അസോസിയേഷന്‍ ഭാരവാഹികളെയും സംഘടനാ അനുകൂലികളെയും സ്ഥലംമാറ്റി ഇടത് അനുകൂല സംഘടനയില്‍പെട്ടവരെയാണു സ്ഥലം മാറ്റപ്പെട്ടവര്‍ക്കു പകരം നിയമിച്ചുകൊണ്ടിരിക്കുന്നത്. പൊലിസ് സേനയ്ക്കുള്ളില്‍ വിഭാഗീയതയുണ്ടാക്കുന്ന ഇത്തരം നടപടികളില്‍ പ്രതിഷേധം വ്യാപകമാവുന്നുണ്ട്. സംഘടനാ ഭാരവാഹികള്‍ ഇതു സംബന്ധമായ പരാതികള്‍ ജില്ലാ പൊലിസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അനുകൂലമായ പ്രതികരണങ്ങളൊന്നുമുണ്ടായില്ലെന്നു നേതാക്കള്‍ പറഞ്ഞു.
2017 വരെ കാലാവധിയുള്ള നിലവിലെ അസോസിയേഷനെ ഭരണഘടന മറികടന്നു തെരഞ്ഞെടുപ്പു നടത്തി അസോസിയേഷന്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ നിലവിലുള്ള ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചു തെരഞ്ഞെടുപ്പു നടപടികള്‍ നിര്‍ത്തിവയ്പ്പിച്ചിരിക്കുകയാണ്. സംഘടനാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണു കൂട്ടസ്ഥലംമാറ്റമെന്ന് ആക്ഷേപമുയരുന്നുണ്ട്.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നു രണ്ടുമാസം തികയുംമുന്‍പു തന്നെ ആറിലധികം സ്ഥലംമാറ്റ ഉത്തരവുകളാണുണ്ടാത്ത്. ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ ഭാരവാഹി നല്‍കുന്ന നിര്‍ദേശമനുസരിച്ചാണ് പൊലിസുകാരെ ചട്ടങ്ങള്‍ ലംഘിച്ച് 60ഉം 70ഉം കിലോമീറ്റര്‍ ദൂരത്തുള്ള സ്റ്റേഷനുകളിലേക്കു മാറ്റുന്നതെന്നും വ്യാപകമായ പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."