കര്‍ഷകരുടെ നികുതി പ്രശ്നത്തിന് ശാശ്വത പരിഹാരം; മലയോര ജനത ആഹ്ലാദത്തില്‍
ബാലുശ്ശേരി: കൂരാച്ചുണ്ട്, കാന്തലാട്, ചക്കിട്ടപ്പാറ, കായണ്ണ വില്ലേജുകളിലെ മലയോര കര്‍ഷകരുടെ ഭൂനികുതി പ്രശ്നത്തിനു പരിഹാരമായതോടെ കര്‍ഷകര്‍ നിറഞ്ഞ ആഹ്ലാദത്തില്‍. പതിറ്റാണ്ടുകളായി കര്‍ഷകരുടെ നികുതി സ്വീകരിക്കാത്തതിനാല്‍ മലയോര ജനത ഏറെ ദുരിതത്തിലായിരുന്നു. 1977നു മുന്‍പു കൈവശ രേഖകളുള്ള മുഴുവന്‍ കര്‍ഷകരുടെയും ഭൂനികുതി സ്വീകരിക്കുന്നതിനു മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനമായത്.
പതിറ്റാണ്ടുകളായി കൈവശ ഭൂമിയുടെ നികുതി സ്വീകരിക്കാത്തതിനാല്‍ ജീവിതം തന്നെ വഴിമുട്ടി നില്ക്കുന്ന സ്ഥിതിയിലായിരുന്നു മലയോര കര്‍ഷകര്‍. കര്‍ഷകരുടെ യഥാര്‍ഥ സ്ഥിതി മനസിലാക്കിയ മുഖ്യമന്ത്രി വിഷയം ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണു നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. കര്‍ഷകരുടെ കൈവശ ഭൂമിയില്‍ വനം വകുപ്പ് ജണ്ട കെട്ടിയതിലും നികുതി സ്വീകരിക്കാത്തതിലും കര്‍ഷക സമിതി രൂപീകരിച്ചു സമരം നടത്തിവരികയായിരുന്നു. 1977നു മുന്‍പു കൈവശരേഖകളുള്ള മുഴുവന്‍ കര്‍ഷകരുടെയും നികുതി സ്വീകരിക്കാനും ബാക്കിയുള്ള കര്‍ഷകരുടെ കൈവശഭൂമിയില്‍ വനം-റവന്യൂ വകുപ്പ് സംയുക്തമായി നവംബര്‍ മൂന്നിനു മുന്‍പു കര്‍ഷകരുടെ നികുതി പ്രശ്നത്തിനു പരിഹാരം കാണുന്നതിനും തീരുമാനമായിട്ടുണ്ട്. ഭൂമി പരിശോധനയില്‍ കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, കെ. രാജു, ടി.പി രാമകൃഷ്ണന്, എ.കെ ശശീന്ദ്രന്, പുരുഷന് കടലുണ്ടി എം.എല്‍.എ, താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, റവന്യൂ-വനം സെക്രട്ടറിമാര്‍, കലക്ടര്‍ എന്‍. പ്രശാന്ത് എന്നിവര്‍ക്കു പുറമെ എല്‍.ഡി.എഫ് നേതാക്കളും മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."