കട്ടച്ചിറ പള്ളിയില്‍ സംസ്‌കാരതര്‍ക്കം; ബന്ധുക്കള്‍ മൃതദേഹം വച്ച് റോഡ് ഉപരോധിച്ചു
കായംകുളം: കട്ടച്ചിറ പള്ളിയില്‍ സംസ്‌കാരതര്‍ക്കം. നാലര മണിക്കൂര്‍ മൃതദേഹം റോഡില്‍ വച്ച് ബന്ധുക്കളും വിശ്വാസികളും കുത്തിയിരുന്ന് ഉപരോധിച്ചു. കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ(95) സംസ്‌കാര ചടങ്ങിനെചൊല്ലിയാണ് യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം കാരണം ഉപരോധിച്ചത്.
ഉച്ചക്ക് ഒന്നോടെ മൃതദേഹമായി എത്തിയപ്പോള്‍ പള്ളിക്കു സമീപം 200 മീറ്റര്‍ അകലെ കെ.പി റോഡില്‍ പൊലിസ് തടഞ്ഞു. കെ.പി റോഡില്‍ ഗതാഗതം തടസപ്പെട്ടു. എ.ഡി.എമ്മും പൊലിസുമായി നടന്ന ചര്‍ച്ച തീരുമാനമാകാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വൈകിട്ട് ആറരയോടെയാണ് മൃതദേഹം റോഡില്‍നിന്നു മൊബൈല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
ബന്ധുക്കളടക്കം 40 പേരെ സംസ്‌കാരത്തിനു പള്ളി വളപ്പിലേക്കു പ്രവേശിപ്പിക്കാമെന്ന് എ.ഡി.എം അബ്ദുല്‍ സലാം, അഡീഷണല്‍ തഹസില്‍ദാര്‍ സബീന ചെങ്ങന്നൂര്‍ കായംകുളം ഡിവൈ.എസ്.പിമാരായ അനീഷ് വി. കോര, ആര്‍.ബിനു എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നടന്ന ചര്‍ച്ചയില്‍ അഭിപ്രായഭിന്നത നിലനിന്നിരുന്നു.
തുടര്‍ന്നാണ് സംഘര്‍ഷത്തില്‍ എത്തിയത്. യാക്കോബായ കൈവശമായിരുന്ന പള്ളി സുപ്രീംകോടതി വിധിയിലൂടെ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് ലഭിച്ചിരുന്നു. വിധി നടത്തിപ്പ് ഉത്തരവുമായി വരാതെ അവകാശം വിട്ടുനല്‍കില്ലെന്നാണ് യാക്കോബായവിഭാഗത്തിന്റെ നിലപാട്. തര്‍ക്കത്തെ തുടര്‍ന്ന് പള്ളിയിലേക്ക് ഇരുവിഭാഗത്തിനും പ്രവേശനമില്ലാത്ത വിധം പൊലിസ് കസ്റ്റഡിയിലാണ്.
വിധി വന്നതിന് ശേഷം മരണപ്പെട്ട രണ്ട് പേരുടെ സംസ്‌കാര ശുശ്രൂഷ പള്ളിക്ക് മുന്‍വശമുള്ള കുരിശടിയിലാണ് നടത്തിയത്. കുറഞ്ഞ ബന്ധുക്കളെ മാത്രമാണ് കല്ലറയിലേക്ക് കടത്തിവിട്ടത്. ഇതേ മാനദണ്ഡം വര്‍ഗീസ് മാത്യുവിന്റെ ചടങ്ങിലും പാലിക്കണമെന്ന ഓര്‍ത്തഡോക്‌സ് പക്ഷ നിര്‍ദേശമാണ് യാക്കോബായക്കാര്‍ തള്ളയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."