കാലാവസ്ഥ ഉച്ചകോടി: കെജ്രിവാളിന്റെ യാത്രാനുമതി കേന്ദ്രം തടഞ്ഞു
ന്യൂഡല്‍ഹി: ഡെന്മാര്ക്കിലെ കോപ്പന്‍ഹേഗില്‍ ഇന്നു തുടങ്ങുന്ന സി40 കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചു.
കോപ്പന്‍ഹേഗില്‍ നടക്കുന്ന മൂന്നുദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കെജ്രിവാളിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഡെന്മാര്ക്കിലേക്ക് പുറപ്പെടാനായി തീരുമാനിച്ചിരിക്കെയാണ് അദ്ദേഹത്തിന്റെ യാത്രാനുമതി കേന്ദ്രം തടഞ്ഞുവച്ചത്. ഡല്‍ഹിയിലെ മലിനീകരണ നിയന്ത്രണത്തിന് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് സംസാരിക്കാനായിരുന്നു കെജ്രിവാളിന് ക്ഷണം ലഭിച്ചത്.
അതേസമയം, കെജ്രിവാളിന് അനുമതി നിഷേധിച്ചെങ്കിലും പശ്ചിമബംഗാള്‍ മന്ത്രി ഫര്‍ഹാദ് ഹകീമിന് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. നേരത്തെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് റഷ്യ സന്ദര്‍ശിക്കാനുള്ള അനുമതിയും കേന്ദ്രം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ വിവിധ സര്‍വകലാശാലകളുടെ ക്ഷണപ്രകാരം ഓസ്ട്രേലിയ സന്ദര്‍ശിക്കാനിരുന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനും അനുമതി ലഭിച്ചിരുന്നില്ല.
ഈ നടപടികള്‍ വിവാദത്തിനു വഴിവച്ചിരിക്കെയാണ് കെജ്രിവാളിന്റെ യാത്രാനുമതിയും കേന്ദ്രം തടഞ്ഞുവച്ചത്. ഡല്‍ഹി- കേന്ദ്ര സര്‍ക്കാരുകളെ ഒരിക്കലൂടെ ഏറ്റുമുട്ടലിന്റെ പാതയിലെത്തിച്ചിരിക്കുകയാണ് പുതിയ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."