സിറിയയില്‍ തുര്‍ക്കി വ്യോമാക്രമണം തുടങ്ങി; രണ്ടു മരണം
അങ്കാറ: വടക്കുകിഴക്കന്‍ സിറിയയില്‍ യു.എസ് പിന്തുണയുള്ള കുര്‍ദ് സേനയ്ക്കെതിരേ തുര്‍ക്കി ആക്രമണം തുടങ്ങി. കുര്‍ദുകളുടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിനെ (എസ്.ഡി.എഫ്) ലക്ഷ്യമിട്ട് അതിര്‍ത്തിക്കടുത്ത് റാസ് അല്‍ ഐനില്‍ തുര്‍ക്കി സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി എസ്.ഡി.എഫ് അറിയിച്ചു.
നാറ്റോയും ജര്‍മനിയും തുര്‍ക്കിയോട് സൈനികനടപടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. തുര്‍ക്കിസേനയും സിറിയയിലെ വിമത സഖ്യവും ഉടന്‍ തന്നെ സിറിയന്‍ അതിര്‍ത്തി കടക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ വാര്‍ത്താവിനിമയ ഡയരക്ടര്‍ അറിയിച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ആക്രമണം.
അതേസമയം ചൊവ്വാഴ്ച രാത്രി തന്നെ ആക്രമണം തുടങ്ങിയെന്ന് എസ്.ഡി.എഫ് അറിയിച്ചിരുന്നു. തിങ്കളാഴ്ച യു.എസ് സൈന്യം പിന്‍വാങ്ങിയ സ്ഥലങ്ങളിലൊന്നാണിതെന്ന് യു.കെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറയുന്നു.
കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ സിറിയയില്‍ നിന്ന് യു.എസ് സൈന്യം പിന്മാറിയതിന് പിന്നാലെയാണ് തുര്‍ക്കി ആക്രമണ ലക്ഷ്യത്തോടെ രംഗത്തെത്തുന്നത്. അതേസമയം ഞങ്ങള്‍ സിറിയയില്‍ നിന്നു പിന്‍വാങ്ങിയാലും മികച്ച പോരാളികളായ കുര്‍ദുകളെ ഒരുതരത്തിലും ഉപേക്ഷിക്കില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. സിറിയയെ ആക്രമിച്ചാല്‍ തുര്‍ക്കിക്കെതിരേ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. 2014 മുതല്‍ യു.എസിന്റെ സഖ്യകക്ഷിയാണ് കുര്‍ദിഷ് സേന.
നിരോധിത സംഘടനയായ കുര്‍ദിഷ് പീപ്പിള്‍സ് പാര്‍ട്ടിയുടെ ഭാഗമായാണ് തുര്‍ക്കി സിറിയയിലെ കുര്‍ദ് പോരാളികളെ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."