യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ റിമാന്‍ഡില്‍
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ രാജു എന്ന രാജേഷിനെ സ്കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നു പ്രതികളെ കോടതി റിമാന്‍ഡില്‍ ചെയ്തു. അണങ്കൂര്‍ ടിപ്പുനറിലെ ഖൈസല്‍ (28), അണങ്കൂര്‍ ടി.വി സ്റ്റേഷന് റോഡിലെ ഹബീബ് (22), മജലിലെ താജുദ്ദീന് (26) എന്നിവരെയാണ് കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കേസിലെ സൂത്രധാരന്‍ തളങ്കര ചെമനാട് കോപൗണ്ടില്‍ താമസിക്കുന്ന ബന്തിയോട് സ്വദേശി സുലൈമാന്‍ രിഫായി എന്ന ചിപ്പി(26)യെ പൊലിസ് അന്വേഷിച്ചുവരികയാണ്.
ചിപ്പി മൂന്ന് വധശ്രമ കേസുകള്‍ ഉള്‍പ്പെടെ പത്ത് കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. അറസ്റ്റിലായ ഖൈസല്‍ കൊലയടക്കം 15 കേസുകളിലും ഹബീബ് ആറ് കേസുകളിലും പ്രതിയാണ്. കഴിഞ്ഞ 14ന് രാത്രി 9.45നാണ് പെരിയടുക്കം മജല്‍ റോഡില്‍ വെച്ച് രാജേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രണ്ട് കൊലക്കേസുകളില്‍ പ്രതിയായ പെരിയടുക്കയിലെ ഉദയനെ ലക്ഷ്യമിട്ടാണ് സംഘം എത്തിയതെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി. എസ്.ഐമാരായ പി. അജിത് കുമാര്‍, ഫിലിപ്പ് തോമസ്, ജോണ്‍, വിനോദ്, എ.എസ്.ഐമാരായ ബാലകൃഷ്ണന്, ലക്ഷ്മിനാരായണന്, എസ്.സി.പി.ഒ ഓസ്റ്റിന്‍ തമ്പി, രാജേഷ്, ഗോകുല്‍, സി.പി.ഒ ജിനേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."