പ്രളയവും ഉരുള്‍പൊട്ടലും: സമസ്ത പുനരധിവാസ പദ്ധതി ഫണ്ട് വിനിയോഗ ക്രമം തീരുമാനിച്ചു
ചേളാരി: കഴിഞ്ഞ ആഗസ്റ്റില്‍ ഉണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലുംപെട്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്‌റസകളും മറ്റും പുനഃസ്ഥാപിക്കുന്നതിലേക്കുമായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിച്ച സമസ്ത പ്രളയക്കെടുതി പുനരധിവാസ പദ്ധതി ഫണ്ട് വിനിയോഗ ക്രമം തീരുമാനിച്ചു.
ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന പാതാര്‍ ജുമാമസ്ജിദിന്റെ നിര്‍മ്മാണത്തിന് നേരത്തെ സമസ്ത വാങ്ങിയ സ്ഥലം ഉടന്‍ രജിസ്റ്റര്‍ ചെയ്ത് പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കാനും മേപ്പാടി പുത്തുമലയില്‍ പള്ളി നിര്‍മ്മാണത്തിന് സ്ഥലം വാങ്ങുന്നതിന് സാമ്പത്തിക സഹായം അനുവദിക്കാനും തീരുമാനിച്ചു.
ഭാഗികമായി തകര്‍ന്നതോ കേടുപാടുകള്‍ പറ്റിയതോ ആയ പള്ളികള്‍, മദ്‌റസകള്‍, സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവക്ക് സാമ്പത്തിക സഹായം അനുവദിക്കാനും യോഗം തീരുമാനിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച മുഫത്തിശുമാര്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ശേഖരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് വിനിയോഗക്രമം നിശ്ചയിച്ചത്.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പള്ളികളുടെ പുനര്‍നിര്‍മ്മാണഫണ്ടിലേക്ക് കേരള വഖഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (വെള്ളിയാഴ്ച്ച) പള്ളികളില്‍ വെച്ച് നടക്കുന്ന ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."