ആക്ഷേപമുള്ളവര്‍ കോടതിയെ സമീപിക്കട്ടെ; ജലീലിനെ വെളുപ്പിച്ച് സി.പി.എം
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിന് സി.പി.എമ്മിന്റെ സംരക്ഷണ കവചം. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ജലീലിന് പൂര്‍ണ പിന്തുണ നല്‍കി.
പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന ജലീലിന്റെ വിശദീകരണം സെക്രട്ടേറിയറ്റ് അംഗീകരിച്ചതോടെ, മന്ത്രിസ്ഥാനത്തിനുള്ള ഭീഷണി തല്‍ക്കാലം ഒഴിവായി. വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും നേരില്‍കണ്ട് കെ.ടി.ജലീല്‍ വിശദീകരണം നല്‍കിയിരുന്നു.
ഇതു മുഖവിലക്കെടുത്താണ് പ്രതിപക്ഷ ആരോപണങ്ങളെ സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിയത്. മാനദണ്ഡങ്ങള്‍ പാലിച്ചും മതിയായ യോഗ്യത ഉറപ്പുവരുത്തിയുമാണ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമനം നടന്നതെന്ന് യോഗം വിലയിരുത്തി.
കെ.ടി.അദീബിന്റേത് ഒരു വര്‍ഷത്തേക്കുമാത്രമുള്ള കരാര്‍ നിയമനമാണ്. ആക്ഷേപമുള്ളവര്‍ കോടതിയെ സമീപിക്കട്ടെ. നിയമവൃത്തങ്ങളില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നാല്‍ മാത്രമേ കൂടുതല്‍ ചര്‍ച്ചകള്‍ക്കു പ്രസക്തിയുള്ളൂ.
മുസ്‌ലിം ലീഗ് കെ.ടി.ജലീലിനെതിരെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന അപവാദപ്രചരണങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
അതേസമയം ആരോപണങ്ങളെക്കുറിച്ചു മന്ത്രി മാധ്യമങ്ങളില്‍ നടത്തിയ പ്രതികരണം തെറ്റിദ്ധാരണയുണ്ടാക്കിയെന്ന വിമര്‍ശനവും ചില അംഗങ്ങള്‍ ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."