രക്താര്‍ബുദത്തിന്റെ പിടിയില്‍ കുഞ്ഞുങ്ങള്‍
കോഴിക്കോട്: കാന്‍സര്‍ കുട്ടികളുടെയും രോഗമായി മാറുന്നു. കുട്ടികളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്നു രക്താര്‍ബുദമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലുക്കീമിയ ബാധിതരുള്ളത് മലബാറിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന കുട്ടികളില്‍ പത്തു ശതമാനവും രക്താര്‍ബുദം ബാധിച്ച കുട്ടികളാണ്. ഇതുവരെ മുതിര്‍ന്നവരുടെ രോഗമാണെന്നു പൊതുവെ പറഞ്ഞിരുന്ന രക്താര്‍ബുദം എന്തുകൊണ്ടാണ് കുട്ടികളെ കൂടുതലായി കീഴടക്കുന്നതെന്നതിനു കൃത്യമായ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജീവിത ശൈലിയും ഫാസ്റ്റ്ഫുഡ് സംസ്‌കാരവും പരിസ്ഥിതി പ്രശ്‌നവുമെല്ലാം ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കൊച്ചുകുട്ടികളെപ്പോലും രോഗം പിടികൂടുന്നതിനുള്ള കാരണം സംബന്ധിച്ച് സമഗ്രപഠനം വേണമെന്നാണു ഡോക്ടര്‍മാരുടെ തന്നെ അഭിപ്രായം.
കുട്ടികളിലെ അര്‍ബുദം നേരത്തെ കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കിയാല്‍ ഭേദമാക്കാന്‍ സാധിക്കുമെങ്കിലും രോഗനിര്‍ണയം വൈകുന്നതും ചികിത്സയിലെ പാകപ്പിഴവും മരണസംഖ്യ കൂട്ടുന്നുണ്ട്. കുട്ടികളിലെ രക്താര്‍ബുദം ചികിത്സിച്ചു മാറ്റാം എന്നാണു വിലയിരുത്തല്‍. വിദേശരാജ്യങ്ങളില്‍ 90 ശതമാനവും കുട്ടികള്‍ രക്ഷപ്പെടുകയും സ്വാഭാവികജീവിതം നയിക്കുകയും ചെയ്യുമ്പോള്‍ കേരളത്തിലിതിന്റെ തോത് 60 ശതമാനം മാത്രമാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സ ലഭ്യമാണെങ്കിലും തുടര്‍ ചികിത്സയും ചികിത്സക്കിടയിലെ അണുബാധയും പലരുടെയും ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ കൂടുതലായി ചികിത്സയ്‌ക്കെത്തുന്നത്. ആഴ്ചയില്‍ നാലോ അഞ്ചോ പുതിയ കുട്ടികളെങ്കിലും അസുഖവുമായി ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. എപ്പോഴും 20 കുട്ടികളെങ്കിലും ലുക്കീമിയ വാര്‍ഡില്‍ ചികിത്സയിലുണ്ടാകുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ റിട്ടയേര്‍ഡ് പീഡിയാട്രിക്‌സായ ഡോ. ഒ.സി ഇന്ദിര പറയുന്നു.
ഇവര്‍ക്ക് മരുന്ന് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ടെങ്കിലും പല മരുന്നുകളും ലഭ്യമല്ല. ലഭ്യമല്ലാത്ത മരുന്നുകള്‍ വില കൂടിയതായതിനാല്‍ പുറമേ നിന്നു വാങ്ങണം. ഇതു സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതല്ല. തുടര്‍ചികിത്സ മൂന്നു വര്‍ഷത്തോളം വേണം. ഇത്രയും കാലം വിലകൂടിയ മരുന്നുകള്‍ വാങ്ങാനാകാതെ പലരും ചികിത്സ മതിയാക്കുകയോ ഒറ്റമൂലി ചികിത്സ തുടരുകയോ ചെയ്യുന്നുണ്ട്. ഇത്തരം തെറ്റായ ചികിത്സ പല കുട്ടികളുടെയും മരണത്തിലേക്ക് വഴിവയ്ക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. നാട്ടിലെ ഒരു കുട്ടിപോലും പണമില്ലാത്തതിനാല്‍ ചികിത്സ കിട്ടാതെ പോകരുതെന്ന നിര്‍ബന്ധമുള്ളതു കൊണ്ടാണ് തങ്ങള്‍ നിരവധി കുട്ടികള്‍ക്ക് സൗജന്യമരുന്നും ഭക്ഷണവും വിനോദ പരിപാടികള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച് അവര്‍ക്കൊപ്പം നില്‍ക്കുന്നതെന്നും സി ഫോര്‍ സി.സി.സി.സി ഐയുടെ അധ്യക്ഷ കൂടിയായ ഡോ. ഇന്ദിര കൂട്ടിച്ചേര്‍ത്തു.
രോഗങ്ങളില്‍നിന്ന് മുക്തിനേടിയ കുട്ടികളുടെ സംഗമം നാളെ
കോഴിക്കോട്: മാരകരോഗങ്ങള്‍ മൂലം ഹതാശരായ കുഞ്ഞുങ്ങള്‍ക്ക് ഒപ്പം നിന്ന് ജീവിതത്തെ മികവുറ്റതാക്കാന്‍ സഹായിക്കുന്ന സി ഫോര്‍ സി.സി.സി.സി.ഐയുടെ നേതൃത്വത്തില്‍ രക്താര്‍ബുദ ചികിത്സ പൂര്‍ത്തിയാക്കിയ കുട്ടികളുടെയും കുടുംബങ്ങളുടെയും ഒത്തുചേരല്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എല്ലാവര്‍ഷവും നടത്താറുള്ള പരിപാടി ഇത്തവണ കോഴിക്കോട് റീജ്യനല്‍ സയന്‍സ് സെന്ററില്‍ പുനര്‍ജനി എന്ന പേരില്‍ നാളെ രാവിലെ പത്തിന് ആരംഭിക്കും. ചലച്ചിത്ര പിന്നണി ഗായിക കുമാരി ശ്രേയ ജയദീപ് മുഖ്യാതിഥിയാകും. അസുഖം മാറിയവരും ചികിത്സ തുടരുന്നവരുമായ നൂറിലേറെ കുട്ടികള്‍ സംഗമത്തിനെത്തും.
രോഗികള്‍ക്കും ബന്ധുക്കള്‍ക്കും മാനസികമായ പിന്തുണ നല്‍കിയും നിരാശാ ബോധത്തില്‍ നിന്ന് പ്രത്യാശയിലേക്ക് അവരെ നയിക്കാനുമായി വ്യത്യസ്തമായ പരിപാടികള്‍ സംഘടന നടത്തുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിന്‍ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണു സംഘടനയുടെ പ്രവര്‍ത്തനം. 2007ല്‍ സ്ഥാപിതമായ സംഘടന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അസുഖംമൂലം പഠനം മുടങ്ങിയ കുട്ടികളുടെ തുടര്‍പഠനം, ആശുപത്രിവാസത്തിനു രോഗികളെ സന്നദ്ധരാക്കുക, ഇവര്‍ക്കു സാമ്പത്തികസഹായം, ആശുപത്രിയുടെ അടുത്തു താമസസൗകര്യം, സൗജന്യഭക്ഷണം, രോഗികളുടെ ജന്മദിനാശംസകള്‍ തുടങ്ങിയവയും സംഘടിപ്പിക്കാറുണ്ടെന്നും സംഘടനയുടെ പ്രസിഡന്റ് ഡോ. ഒ.സി ഇന്ദിര, വൈസ് പ്രസിഡന്റ് അജിത ജയേന്ദ്രന്‍, സെക്രട്ടറി കെ.വി സുലൈഖ, വി.പി അഹമ്മദ്, റുക്‌സാന നവാസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."