ചെറുവള്ളി എസ്‌റ്റേറ്റ് തങ്ങളുടേത്: ബിലീവേഴ്‌സ് ചര്‍ച്ച് കോടതിയില്‍ പണമടച്ച് പിടിച്ചെടുക്കുമെന്ന് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരേ ബിലീവേഴ്‌സ് ചര്‍ച്ചും സര്‍ക്കാരും തുറന്ന പോരിലേയ്ക്ക്. എസ്‌റ്റേറ്റ് തങ്ങളുടേതാണെന്നും ഒരു കോടതിയിലും ഈ ഭൂമി സംബന്ധിച്ച് കേസ് ഇല്ലെന്നും ബിലീവേഴ്‌സ് ചര്‍ച്ച് അവകാശവാദം ഉന്നയിക്കുമ്പോള്‍ ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നും കോടതിയില്‍ പണമടച്ച് പിടിച്ചെടുക്കുമെന്ന നിലപാടുമായി സര്‍ക്കാരും രംഗത്തുവന്നു. ചെറുവള്ളി എസ്‌റ്റേറ്റ് ഭൂമി സര്‍ക്കാരിന്റേത് തന്നെയെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഉടമസ്ഥാവകാശം ഉറപ്പിക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സഭ വിട്ടുകൊടുക്കില്ലെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ച് പറയുന്നത്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിശദീകരണം. ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുകള്‍ നിലവില്‍ ഇല്ലാതിരിക്കെ കോടതിയില്‍ പണം കെട്ടിവച്ച് സ്ഥലം ഏറ്റടുക്കുക്കാനുള്ള നിയമ സാധുത തള്ളിക്കളയുമെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പ്രതികരണം.
കോടതിയില്‍ പണം കെട്ടിവയ്ക്കാന്‍ ആലോചിക്കുന്നു എന്നുള്ളത് യാഥാര്‍ഥ്യമെങ്കില്‍ ഉടമസ്ഥാവകാശം സര്‍ക്കാരിനില്ല എന്നുള്ളതിന്റെ നഗ്‌നമായ അംഗീകാരം കൂടിയാണ്. സഭാവിശ്വാസികള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരല്ല, ചെറുവള്ളി എസ്റ്റേറ്റ് സഭയുടെ ഭൂമിയാണെന്ന് അംഗീകരിച്ചുകൊണ്ടുള്ള ഏതു വികസന പ്രവര്‍ത്തനത്തെയും സഭാവിശ്വാസികള്‍ സ്വാഗതം ചെയ്യും. നിയമനടപടികളില്‍ കുടുങ്ങി വിമാനത്താവളം ഇല്ലാതായാല്‍ അതിന്റെ ഉത്തരവാദിത്വം സഭയ്ക്ക് ആയിരിക്കില്ലെന്നും ബിലീവേഴ്‌സ് ചര്‍ച്ച് പറയുന്നു.
പ്രതിഷേധ നിലപാടുമായി സഭ രംഗത്തെത്തിയതോടെ ശബരിമല വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയുടെ തുടക്കത്തില്‍ തന്നെ കല്ലുകടിയാകുകയാണ്.
വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനമായത്. 2,560 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭൂമിയുടെ വിലനിര്‍ണയം നടത്തി ആ തുക കോടതിയില്‍ കെട്ടിവച്ച ശേഷം ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഉടമസ്ഥാവകാശം ഇപ്പോള്‍ ആരോപിക്കുന്ന വ്യക്തികള്‍ക്ക് കോടതിവിധി അനുകൂലമാണെങ്കില്‍ അവര്‍ക്ക് ആ പണം നല്‍കാനും തീരുമാനമായി. എന്നാല്‍ ചെറുവള്ളിയുടെ ഉടമസ്ഥത സംബന്ധിച്ച കേസില്‍ തങ്ങള്‍ക്ക് അനുകൂല നിലപാടാണ് കോടതിയില്‍ നിന്നുണ്ടായതെന്നും ഭൂമി വിമാനത്താവള പദ്ധതിക്ക് നല്‍കുന്നതിന് തീരുമാനമെടുത്തില്ലെന്നുമാണ് ആദ്യം മുതല്‍ തന്നെ വിഷയത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാട്. എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ച ഇക്കാര്യത്തില്‍ സര്‍ക്കാരുമായി നടത്തിയിട്ടില്ലെന്നും സഭ പറയുന്നു.
ബിലീവേഴ്‌സ് ചര്‍ച്ച് സ്വന്തംനിലക്ക് വിമാനത്താവളം കൊണ്ടുവരാന്‍ ശ്രമിക്കുന്നില്ലെന്നും ഇത്തരം പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സഭാ കൗണ്‍സിലില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹാരിസണ്‍സിന്റെ മലയാളം പ്ലാന്റേഷന്‍സില്‍നിന്ന് 2,263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ബിലിവേഴ്‌സ് ചര്‍ച്ച് വാങ്ങുകയായിരുന്നു. കൈമാറ്റം നിയമവിരുദ്ധമാണെന്ന് കാണിച്ച് സര്‍ക്കാര്‍ കോടതിയെ സമീപിച്ചെങ്കിലും വിധി ചര്‍ച്ചിന് അനുകൂലമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."