മലയാളം സര്‍വകലാശാല ഭൂമിയേറ്റെടുക്കല്‍ അഴിമതി യു.ഡി.എഫ് ആര്.ഡി.ഒ ഓഫിസ് മാര്‍ച്ച് നടത്തും
മലപ്പുറം: മലയാള സര്‍വകലാശാലയ്ക്കു നിര്‍മാണയോഗ്യമായ ഭൂമി കണ്ടെത്തണമെന്നാവശ്യപ്പെട്ടു യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ ആദ്യവാരത്തില്‍ തിരൂര്‍ ആര്.ഡി.ഒ ഓഫിസിലേക്കു ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും.
സര്‍വകലാശാലയ്ക്കുവേണ്ടി കണ്ടെത്തിയ 17 ഏക്കറിലേറെ വരുന്ന ഭൂമിയില്‍ നാലേക്കറോളം ഭൂമി മാത്രമാണ് നിര്മാണയോഗ്യമായിട്ടുള്ളത്. ബാക്കിയുള്ള ഭൂമി മുഴുവനും കണ്ടല്‍കാടുകളും ചതുപ്പുനിലങ്ങളുമാണ്. ഇതു ജില്ലാ കലക്ടര്‍തന്നെ വ്യക്തമാക്കിയിട്ടും പ്രസ്തുത ഭൂമി പത്തിരട്ടിയിലധികം വില വിശ്ചയിച്ച് ഏറ്റെടുക്കുന്നതിലെ യുക്തി ദുരൂഹമാണ്. നിര്‍മാണത്തിന് അനുയോജ്യമായ ഭൂമി കുറഞ്ഞ വിലയ്ക്കു ലഭ്യമാണെന്നിരിക്കെ ഇതൊന്നും പരിഗണിക്കാതെ നിര്‍മാണയോഗ്യമല്ലാത്ത ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തി അഴിമതി പുറത്തുകൊണ്ടു വരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സി. വേലായുധന് കുട്ടി, വെട്ടം ആലിക്കോയ, പി. സൈതലവി മാസ്റ്റര്‍, വി. രാമന്‍കുട്ടി, കെ.പി.കെ തങ്ങള്‍, കെ.പി ഷാജഹാന്, എം.പി മുഹമ്മദ് കോയ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."