വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ മോഷണം; 24 ലക്ഷം രൂപ കവര്‍ന്നു
വളാഞ്ചേരി: വസ്ത്രവ്യാപാര കേന്ദ്രത്തില്‍ മോഷണം, 24 ലക്ഷം രൂപ കവര്‍ന്നു. നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര കേന്ദ്രമായ ചാസിയ സില്‍ക്സിലാണ് വന്‍ മോഷണം നടന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടിനും അഞ്ചിനുമിടയിലാണ് മോഷണം നടന്നെതെന്നാണ് അനുമാനം.
സ്ഥാപനത്തിന്റെ പുറകുവശത്തുള്ള വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നിട്ടുള്ളത്. പെരുന്നാള്‍ അടുത്തതിനാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കടയില്‍ നല്ല തിരക്കായിരുന്നു. ഞായറാഴ്ച ബാങ്ക് അവധിയായതിനാല്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്ന 24 ലക്ഷം രൂപ കടയില്‍ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നത്.ഈ തുകയാണ് നഷ്ടമായത്. ആസൂത്രിതമായ മോഷണമാണിതെന്നാണ് സൂചനകള്‍.
കടയിലെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. സ്ഥാപനത്തില്‍ സെക്യൂരിറ്റിയുണ്ടായിരുന്നെങ്കിലും പുറകുവശം വഴി സ്ഥാപനത്തിന് അകത്തു കടന്നതിനാല്‍ മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞില്ല.
മുളകുപൊടി വിതറി തെളിവ് നശിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയതായി വളാഞ്ചേരി സി.ഐ എം.കെ ഷാജി അറിയിച്ചു. സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഉല്ലാസ്കുമാര്‍,സി.ഐ എം.കെ ഷാജി,എസ്.ഐ ബഷീര്‍ ചിറക്കല്‍ എന്നിവര്‍ സ്ഥാപനത്തിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."