ഗള്‍ഫ് പ്രതിസന്ധി: ട്രംപിന്റെ നിലപാട് ബിസിനസ് താല്‍പര്യം മുന്‍നിര്‍ത്തിയെന്ന് വിമര്‍ശനം
വാഷിങ്ടണ്‍: ഗള്‍ഫ് പ്രതിസന്ധിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പക്ഷം ചേര്‍ന്നത് ട്രംപിന്റെ മുന്‍ വ്യവസായ ബന്ധങ്ങള്‍ മൂലമെന്ന് വിമര്‍ശനം.
സഊദിക്കും യു.എ.ഇക്കും അനുകൂലമായാണ് ട്രംപ് നിലപാടെടുത്തത്. ഇത് തന്റെ ബിസിനസ് ബന്ധംമൂലമാണെന്ന് ഒബാമയുടെ കാലത്ത് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഉപദേഷ്ടാവായ ബ്രയാന്‍ ഈഗന്‍ പറഞ്ഞു.
ട്രംപിന് 20 വര്‍ഷമായി സഊദിയില്‍ വ്യാപാര സ്ഥാപനങ്ങളുണ്ട്. സഊദിയിലെ ഹോട്ടലില്‍ രാജകുമാരനോടൊപ്പം ഇപ്പോഴും പങ്കാളിത്തമുണ്ട്. യു.എ.ഇയിലെ ഒരു ഗോള്‍ഫ് കോഴ്‌സില്‍ തന്റെ പേര് ഉപയോഗിക്കുന്നതിന് ട്രംപ് ദശലക്ഷക്കണക്കിന് ഡോളര്‍ വാങ്ങുന്നുണ്ട്. മറ്റൊരു ഗോള്‍ഫ് കോഴ്‌സും തുറക്കാനിരിക്കുകയാണ്.
എന്നാല്‍, വര്‍ഷങ്ങളായി ശ്രമിച്ചിട്ടും ഖത്തറില്‍ വ്യവസായ സ്ഥാപനം തുടങ്ങാന്‍ ട്രംപിന് കഴിഞ്ഞിട്ടില്ല. യു.എസും ഖത്തറും തമ്മില്‍ നല്ല സൗഹൃദമാണ് നയതന്ത്രതലത്തിലുള്ളത്.
ബിസിനസ് താല്‍പര്യം മുന്‍നിര്‍ത്തി ട്രംപ് തന്റെ പിന്തുണ മറ്റുരാജ്യങ്ങള്‍ക്ക് നല്‍കുകയായിരുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
രാഷ്ട്രത്തിന്റെ താല്‍പര്യത്തേക്കാള്‍ സ്വന്തം ബിസിനസാണ് ട്രംപിനു പ്രധാനമെന്നും ആരോപണം ഉയര്‍ന്നു. പ്രസിഡന്റ് എന്ന പദവിയും സാമ്പത്തിക താല്‍പര്യങ്ങളും ഏറ്റുമുട്ടുന്ന അവസ്ഥയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍, പെന്റഗണും സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റും ട്രംപിന്റെ നിലപാടിനെതിരാണ്. താല്‍പര്യ വൈരുധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വൈറ്റ്ഹൗസ് വക്താവ് മറുപടി പറയുവാന്‍ വിസമ്മതിച്ചതായി ന്യൂയോര്‍ക്ക് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ട്രംപ് തന്റെ ബിസിനസായ ട്രംപ് ഓര്‍ഗനൈസേഷന്റെ മാനേജ്‌മെന്റില്‍ നിന്നു സ്വയം ഒഴിവായതായി വൈറ്റ്ഹൗസ് വക്താവ് മൈക്കേല്‍ ഷോര്‍ട്ട് പറഞ്ഞു.
ഇരു സെക്രട്ടറിമാരും ഖത്തര്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. 40 വര്‍ഷത്തിനിടെ ബിസിനസ് താല്‍പര്യം വെടിയാതെ വൈറ്റ് ഹൗസിലെത്തിയ ആദ്യ പ്രസിഡന്റാണ് ട്രംപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."