ആഗ്ര മുതല്‍ മുസഫര്‍നഗര്‍ വരെ; യു.പിയില്‍ ബി.ജെ.പി പേരുമാറ്റാന്‍ ഒരുങ്ങുന്ന സ്ഥലങ്ങള്‍
ലഖ്‌നോ: ബി.ജെ.പിയുടെ പേരുമാറ്റ 'വികസനം' അലഹബാദിലും ഫൈസാബാദിലും ഒതുങ്ങുന്നില്ലെന്ന് റിപ്പോര്‍ട്ട്. പേരുമാറ്റേണ്ടതിന്റെ നീണ്ട ലിസ്റ്റ് തന്നെ യു.പി സര്‍ക്കാരിനു മുന്നിലുണ്ട്. താജ്മഹല്‍ നിലനില്‍ക്കുന്ന ആഗ്രയുടെ പേര് ആഗ്രവന്‍ എന്നോ ആഗ്രവള്‍ എന്നോ മാറ്റണമെന്നാണ് പുതിയ ആവശ്യം. ബി.ജെ.പി എം.എല്‍.എ ജഗന്‍ പ്രസാദ് ഗാര്‍ഗാണ് ഈ ആവശ്യമുന്നയിച്ചത്.
'ആഗ്രയ്ക്ക് ഒരു അര്‍ഥവുമില്ല. നിങ്ങള്‍ എവിടെ വേണമെങ്കിലും പരിശോധിച്ചോളൂ, ഒരു പ്രസക്തിയുമുണ്ടാവില്ല. നേരത്തെ, ഇവിടെ കുറേ വനമുണ്ടായിരുന്നു. ആഗ്രവള്‍ വിഭാഗവും ഇവിടെ ജീവിച്ചിരുന്നു. അതുകൊണ്ട് ആഗ്രയുടെ പേര് ആഗ്ര- വന്‍ എന്നോ ആഗ്ര- വള്‍ എന്നോ മാറ്റണം'- അദ്ദേഹം പറഞ്ഞു. ആഗ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നയാളാണ് ജഗന്‍ പ്രസാദ്.
മുസഫര്‍നഗര്‍ ലക്ഷ്മിനഗര്‍ ആക്കണമെന്നാണ് സര്‍ധാന എം.എല്‍.എ സംഗീത് സോമിന്റെ ആവശ്യം. ഇന്ത്യന്‍ സംസ്‌കാരം തിരിച്ചുകൊണ്ടുവരാനാണ് ബി.ജെ.പിയുടെ ശ്രമമെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം. ഇങ്ങനെ നിരവധി നഗരങ്ങളുടെ പേര് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഥലങ്ങളുടെ മാത്രമല്ല, എയര്‍പോര്‍ട്ടുകളുടെ പേരും മാറ്റണമെന്ന് യു.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗ്ര, ബറേലി, കാണ്‍പൂര്‍ എയര്‍പോര്‍ട്ടുകളുടെ പേരു മാറ്റാന്‍ വേണ്ടി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് യു.പി സര്‍ക്കാര്‍. ആഗ്ര എയര്‍പോര്‍ട്ടിന്റെ പേര്‍ ജനസംഘം സ്ഥാപകന്‍ ദീന്‍ ദയാല്‍ ഉപാധ്യായുടെ പേരിലാക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."