അരൂരില്‍ ആശങ്കയും പ്രതീക്ഷയും; അങ്കം ജയിപ്പിക്കാന്‍ പടനായകരെത്തുന്നു
ആലപ്പുഴ: പോരാട്ടം അവസാന ലാപ്പിലേക്ക് അടുക്കുമ്പോള്‍ അങ്കം ജയിപ്പിക്കാന്‍ പടനായകരെത്തുന്നു. സ്ഥാനാര്‍ഥികള്‍ വാഹനപ്രചാരണ ജാഥയുടെ തിരക്കിലാണ്. പതിവില്ലാത്ത ആവേശമാണ് യു.ഡി.എഫ് ക്യാംപില്‍ ദൃശ്യമാകുന്നത്. കുടുംബയോഗങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത്. എല്‍.ഡി.എഫ് മന്ത്രിപ്പടയെ രംഗത്തിറക്കിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. അരൂരിന്റെ വികസനവും വികസന മുരടിപ്പും തന്നെയാണ് മുന്നണികളുടെ പ്രചാരണായുധം.
എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി പരീക്ഷാത്തട്ടിപ്പും പ്രധാന ചര്‍ച്ചയാണ്. യുവജനങ്ങള്‍ക്കിടയില്‍ ഇത് കാര്യമായ ചലനം സൃഷ്ടിക്കുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ഉറച്ച ചുവപ്പുകോട്ടയെന്ന് കൂടുതല്‍ കാലം തെളിയിച്ചതാണ് അരൂര്‍. ഇത്തവണ അരൂരിലെ സ്ഥിതി ഏകപക്ഷീയമാവില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളിലെ സി.പി.എമ്മിന്റെ ഏക സിറ്റിങ് സീറ്റാണ് അരൂര്‍. കൈവിട്ടാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും കനത്ത ആഘാതമാകും. തിരിച്ചടി ഉണ്ടാവാതിരിക്കാന്‍ മന്ത്രിപ്പട തന്നെ രംഗത്തിറങ്ങി തന്ത്രങ്ങള്‍ മെനയുന്നത്. പതിവില്ലാതെ പലതും ഇടതില്‍ ദൃശ്യമാണ്. സംഘ്പരിവാര്‍ നേതാക്കളെയും സമുദായ നേതൃത്വത്തെയും നേരിട്ടുകണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ സി.പി.എം നേതാക്കള്‍ പിന്തുണ ഉറപ്പിക്കാനിറങ്ങിയത് അരൂര്‍ പഴയ അരൂരല്ലെന്ന തിരിച്ചറിവിലാണ്.
എല്‍.ഡി.എഫ് പ്രചാരണത്തിന് തുടക്കമിട്ടത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. അരൂരിലെ രാഷ്ട്രീയകാലാവസ്ഥ തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി 17,18 തിയതികളില്‍ അന്തിമപ്രചാരണത്തിനായി വീണ്ടും എത്തുകയാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ പങ്കെടുക്കുന്ന കുടുംബയോഗങ്ങളിലൂടെ അവസാനഘട്ട പ്രചാരണം കൊഴുപ്പിക്കാനാണ് യു.ഡി.എഫ് ലക്ഷ്യം. ഷാനിമോള്‍ ഉസ്മാന്റെ പ്രചാരണത്തിനായി 16ന് ഒരു ദിവസത്തെ പര്യടനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും എത്തും.
മനു സി. പുളിക്കലിന്റെ പ്രചാരണത്തെ ജി. സുധാകരന്‍, ഡോ. തോമസ് ഐസക്, പി. തിലോത്തമന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നീ നാല് മന്ത്രിമാരാണ് നയിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ മന്ത്രിമാര്‍ എത്തും. കോടിയേരി ബാലകൃഷ്ണന്‍ 16ന് അരൂരില്‍ പ്രചാരണം നടത്തും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ പ്രചാരണത്തിനിറങ്ങി. ഇന്നും കാനം അരൂരിലുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, വയലാര്‍ രവി, കെ. സുധാകരന്‍ എം.പി, വി.എം സുധീരന്‍, എം.എം ഹസന്‍ തുടങ്ങിയവര്‍ ഒരുവട്ട പ്രചാരണം നടത്തി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടുത്ത ദിവസം എത്തും.
ബി.ജെ.പി സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനായി കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി. ശ്രീധരന്‍പിള്ള എന്നിവര്‍ എന്‍.ഡി.എക്കായി ഒരുവട്ടം വന്നുപോയി. ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ഒ. രാജഗോപാല്‍, കുമ്മനം രാജശേഖരന്‍ ഉള്‍പ്പടെ നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ എത്തും. പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോഴും എന്‍.ഡി.എ ആശങ്കയിലാണ്. പ്രകാശ് ബാബുവിന്റെ പ്രചാരണ രംഗത്ത് ബി.ഡി.ജെ.എസിന്റെ സജീവ സാന്നിധ്യം ദൃശ്യമല്ല. ബി.ഡി.ജെ.എസ് നിലപാടിനെ പ്രതീക്ഷയോടെയാണ് എല്‍.ഡി.എഫ് കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."