ബഹ്‌റൈനില്‍ ഒറ്റപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തിയ സംഭവം; ഒരാഴ്ചയായിട്ടും രക്ഷിതാക്കളെത്തിയില്ല
മനാമ: ബഹ്‌റൈനിലെ മനാമ സൂഖില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ ആണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ ഒരാഴ്ചയായിട്ടും രക്ഷിതാക്കളെത്തിയില്ല. കഴിഞ്ഞ ബുധനാഴ്ച രാത്രി കണ്ടെത്തിയ കുട്ടിയെ ഏറ്റെടുക്കാന്‍ ഇതുവരെയും രക്ഷിതാക്കളെത്താത്തതില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നു.
2 വയസ്സ് തോന്നിപ്പിക്കുന്ന ആണ്‍കുട്ടി ബഹ്‌റൈനിലുള്ള പ്രവാസികളായ ഏതെങ്കിലുമൊരു ഏഷ്യന്‍ വംശജന്റെ മകനായിരിക്കുമെന്നാണ് അധികൃതരുടെ നിഗമനം.
കുട്ടിയുടെ രക്ഷിതാക്കള്‍ രാജ്യത്ത് നിയമ വിരുദ്ധരായി കഴിയുന്നവരായിരിക്കാമെന്നും അത് കൊണ്ടാകാം അവര്‍ അന്വേഷിച്ച് വരാത്തതെന്നും നേരത്തെ എല്‍.എം.ആര്‍.എ അധികൃതരും സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതേ തുടര്‍ന്ന്, കുട്ടിയെ അന്വേഷിച്ചെത്തുന്ന രക്ഷിതാക്കള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കാമെന്നും വര്‍ക്ക് പെര്‍മിറ്റോ മറ്റു നിയമാനുസൃത രേഖകളോ ഇല്ലെങ്കിലും അവര്‍ക്കെതിരെ യാതൊരു നിയമ നടപടിയും സ്വീകരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കൂടാതെ, കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ എല്ലാ സി.പി.ആര്‍ ഉടമകള്‍ക്കും കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വിവരം അറിയിച്ചു കൊണ്ട് എല്‍.എം.ആര്‍.എ അധികൃതര്‍ എസ്.എം.എസ് സന്ദേശവും അയച്ചിട്ടുണ്ട്.
നിലവില്‍ ബഹ്‌റൈന്‍ പൊലിസ് സംരക്ഷണത്തിലുള്ള കുട്ടി നിലവില്‍ സീഫ് ഏരിയയിലെ ബാറ്റല്‍കോ ചൈല്‍ഡ് കെയര്‍ സെന്ററിലാണ് കഴിയുന്നത്. ഇവിടെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0097339146208
കൂടാതെ കുട്ടിയെയോ രക്ഷിതാക്കളെയോ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ അക്കാര്യം 0097317390590 എന്ന നമ്പറില്‍ മനാമബാബുല്‍ ബഹ്‌റൈന്‍ പൊലിസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതിനിടെ കുട്ടിയെ ഏറ്റെടുക്കാന്‍ സന്നദ്ധരായി സ്വദേശികളും വിദേശികളുമായി നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുന്നോട്ടു വന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കുട്ടിയെ ലഭിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക പത്രത്തിന്റെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിനു താഴെ കമന്റിലൂടെയും പ്രവാസികളടക്കമുള്ള നിരവധി പേരാണു കുട്ടിയെ ദത്തെടുക്കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തു വന്നിട്ടുള്ളത്. എന്നാല്‍ പ്രവാസികള്‍ക്കു കുട്ടികളെ ദത്തു കൊടുക്കുന്നതിനു ബഹ്‌റൈന്‍ നിയമം അനുവദിക്കുന്നില്ല.
അതിനിടെ, കുട്ടിയുടെ രക്ഷിതാക്കളെക്കുറിച്ച് സൂചനയുണ്ടെന്ന സന്ദേശങ്ങളും ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്നുണ്ട്. കുട്ടികളുടെ രക്ഷിതാക്കള്‍ തന്റെ കസ്റ്റമറുകളില്‍ പെട്ടവരാണെന്ന് ഒരു ഷോപ്പിലെ സ്ത്രീ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകളുടെ ചുവടു പിടിച്ച് കുട്ടിയുടെ യഥാര്‍ഥ രക്ഷിതാക്കളെ തന്നെ കണ്ടെത്താനാകുമോ എന്ന അന്വേഷണത്തിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."