14 ഗ്രാമങ്ങള്‍ മോചിപ്പിച്ചെന്ന് തുര്‍ക്കി
അങ്കാറ: സിറിയന്‍ അതിര്‍ത്തി പ്രദേശത്ത് തുടരുന്ന ഓപറേഷനില്‍ ഇതുവരെ 399 കുര്‍ദ് ഭീകരരെ വധിച്ചതായി തുര്‍ക്കി പ്രതിരോധമന്ത്രാലയം. എന്നാല്‍ 29 പോരാളികളാണ് കൊല്ലപ്പെട്ടതെന്ന് കുര്‍ദുകള്‍ പറഞ്ഞു. പ്രത്യാക്രമണത്തില്‍ മൂന്ന് തുര്‍ക്കി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. കുര്‍ദ് സംഘടനയായ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് തുര്‍ക്കി ആക്രമണം നടത്തുന്നത്.
റാസല്‍ ഐനിലെ അല്‍സെന ജില്ല തുര്‍ക്കി പിന്തുണയുള്ള സിറിയന്‍ വിമതര്‍ പിടിച്ചെടുത്തതായി തുര്‍ക്കി ദേശീയ മാധ്യമങ്ങള്‍ പറഞ്ഞു. റാസല്‍ ഐന്‍ നഗരവും ഇവര്‍ പിടിച്ചെടുത്തതായി വാര്‍ത്തയുണ്ട്. എന്നാല്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് ഇതു നിഷേധിച്ചു. കുര്‍ദ് ഭീകരരില്‍ നിന്ന് സിറിയയിലെ 14 ഗ്രാമങ്ങളെ മോചിപ്പിച്ചതായി തുര്‍ക്കി സേനയും അറിയിച്ചു.
അതിനിടെ സിറിയയിലെ യു.എസ് സൈനിക ഔട്ട്‌പോസ്റ്റിനടുത്ത് സ്‌ഫോടനമുണ്ടായി. തുര്‍ക്കി സേന വര്‍ഷിച്ച ഷെല്‍ ഇവിടെ പതിച്ച് പൊട്ടുകയായിരുന്നെന്നു വ്യക്തമാക്കിയ സിറിയന്‍ നിരീക്ഷണകേന്ദ്രം ഉടന്‍തന്നെ അവിടെയുള്ള യു.എസ് യുദ്ധവിമാനങ്ങള്‍ കേന്ദ്രത്തിനു മുകളിലൂടെ പറന്നതായും പറഞ്ഞു. അതേസമയം കുര്‍ദ് സൈന്യത്തിനു നേരെയുള്ള ആക്രമണത്തില്‍ സിറിയയിലെ യു.എസ് സൈനികതാവളത്തിന് കേടുപാടുണ്ടാവാതിരിക്കാന്‍ എല്ലാവിധ നടപടികളുമെടുത്തിട്ടുണ്ടെന്ന് തുര്‍ക്കി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
ആക്രമണം നാലാം ദിവസവും തുടരുന്നതിനിടെ തുര്‍ക്കിക്കെതിരേ ഉപരോധഭീഷണിയുമായി യു.എസ് രംഗത്തെത്തി. യു.എസ് വിചാരിച്ചാല്‍ തുര്‍ക്കി സമ്പദ് വ്യവസ്ഥയെ പൂര്‍ണമായി തകര്‍ക്കാനാവുമെന്ന് മുന്നറിയിപ്പുനല്‍കിയ യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുച്ചിന്‍ പ്രസിഡന്റ് ട്രംപ് തുര്‍ക്കിക്കെതിരേ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിനു രൂപരേഖ തയാറാക്കാന്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചതായി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തല്‍ക്കാലം ഉപരോധം ഏര്‍പ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മറ്റു രാജ്യങ്ങളുടെ ഭീഷണി വകവയ്ക്കാതെ ഉത്തര സിറിയയിലെ കുര്‍ദ് പോരാളികള്‍ക്കെതിരായ ആക്രമണവുമായി മുന്നോട്ടുപോവുമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു. ട്രംപ് സൂചിപ്പിച്ചപോലെ അതിര്‍ത്തിയില്‍ നിന്ന് 32 കി.മീ ദൂരേക്ക് ഭീകരര്‍ പോകുന്നതുവരെ ആക്രമണം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ആക്രമണം നിര്‍ത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ തുര്‍ക്കിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."