ശ്രീധരന്‍പിള്ള മലക്കംമറിഞ്ഞു
കെ. ജംഷാദ്#
കോഴിക്കോട്: ശബരിമല വിഷയത്തില്‍ നേതാക്കള്‍ക്കെതിരേയുള്ള കേസുകളിലെ നിയമനടപടികളെച്ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത.
തനിക്കെതിരേയുള്ള കേസ് റദ്ദാക്കുന്നതിനായി ഹരജി നല്‍കാന്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള തീരുമാനിച്ചതായി അറിയുന്നു. എന്നാല്‍, കേസുകള്‍ നിയമപരമായി നേരിടേണ്ടതില്ലെന്നും രാഷ്ട്രീയമായി നേരിട്ടാല്‍ മതിയെന്നുമാണ് പാര്‍ട്ടിയുടെ പൊതുവികാരം.
എം.ടി രമേശ് ഉള്‍പ്പെടെ നാലു ജനറല്‍ സെക്രട്ടറിമാരും സര്‍ക്കാരിനെ വെല്ലുവിളിച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. രഥയാത്രാ വേദികളില്‍ അവരിത് വ്യക്തമാക്കുകയും ചെയ്തു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവും തനിക്കെതിരേയുള്ള കേസ് രാഷ്ട്രീയമായി നേരിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ജാമ്യമെടുക്കില്ലെന്നും അറസ്റ്റ് വരിക്കാനാണ് തീരുമാനമെന്നുമാണ് അദ്ദേഹം പറയുന്നത്.
അറസ്റ്റ് വരിക്കാതെ നിയമനടപടികളിലേക്ക് നീങ്ങാനാണ് ശ്രീധരന്‍ പിള്ളയുടെ നീക്കം. കേസ് റദ്ദാക്കുന്നതിനുള്ള ഹരജി നല്‍കാന്‍ പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ലെന്ന നിലപാടിലാണ് അദ്ദേഹം. വിവാദ പ്രസംഗത്തിന്റെ പേരില്‍ ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പൊലിസിനെ വെല്ലുവിളിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ നിലപാട് വികാരപരമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതിനിടെ, ശബരിമല നട അടക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി നിയമോപദേശം തേടിയെന്ന വിവാദ പ്രസ്താവനയില്‍ നിന്ന് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മലക്കംമറിഞ്ഞു. ഇന്നലെ കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശ്രീധരന്‍ പിള്ള മലക്കംമറിഞ്ഞത്. തന്ത്രി വിളിച്ചോയെന്ന് ഓര്‍മയില്ലെന്നും തന്നെ വിളിച്ചിട്ടില്ലെന്നാണ് തന്ത്രി പറയുന്നതെങ്കില്‍ അതായിരിക്കും ശരിയെന്നുമാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്. ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഫോണില്‍ നിന്നാണ് വിളി വന്നത്. അതേക്കുറിച്ച് കൂടുതല്‍ പറയുന്നില്ല.
തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചത്. തന്ത്രി കണ്ഠരര് രജീവര് വിളിച്ചെന്ന് പറഞ്ഞിട്ടില്ല. സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ്. ആരാണ് വിളിച്ചതെന്ന് ഓര്‍മയില്ല. യുവമോര്‍ച്ച സമ്മേളനത്തിലെ പ്രസംഗത്തില്‍ തെറ്റില്ല. ഇതിലൊന്നും താന്‍ രാഷ്ട്രീയം കളിക്കാറില്ല. ദേവസ്വം ബോര്‍ഡ് ഹിന്ദു സമൂഹത്തിന് ശാപവും ഭാരവുമാണ്. ശബരിമല ദര്‍ശനത്തിനു പോകുന്ന അയ്യപ്പഭക്തര്‍ പൊലിസ് സ്റ്റേഷനിലെത്തി അനുമതി വാങ്ങണമെന്ന സര്‍ക്കാര്‍ നിലപാടിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ആരെയും വിളിച്ചിട്ടില്ലെന്ന് നേരത്തേ തന്ത്രി വ്യക്തമാക്കിയിരുന്നു. ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയോട് നിയമോപദേശം ചോദിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് രേഖാമൂലം ദേവസ്വം ബോര്‍ഡിനെയും അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ശ്രീധരന്‍ പിള്ള പ്രതിസന്ധിയിലായത്.
നട അടച്ചിടാന്‍ തീരുമാനമെടുക്കുന്നതിനുമുന്‍പ് ശബരിമല തന്ത്രി തന്നെ വിളിച്ച് നിയമോപദേശം തേടിയെന്നും താന്‍ നല്‍കിയ ധൈര്യത്തിലാണ് തന്ത്രി നട അടക്കുമെന്ന് പറഞ്ഞതെന്നുമായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രസ്താവന. തങ്ങളുടെ അജന്‍ഡയില്‍ ഓരോരുത്തരായി വീണുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് കസബ പൊലിസ് ശ്രീധരന്‍പിള്ളക്കെതിരേ കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."