തൊണ്ടയാട് ജങ്ഷനില്‍ ബസ് മറിഞ്ഞു; 21 പേര്‍ക്ക് പരുക്ക്
കോഴിക്കോട്: തൊണ്ടയാട് ജങ്ഷനില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാരായ 21 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 19 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടു പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ രണ്ടു ബീഹാര്‍ സ്വദേശികളുമുണ്ട്. എടവണ്ണപ്പാറ-കോഴിക്കോട് റൂട്ടിലോടുന്ന സാന്‍ട്രോ കാസിനോവ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് 3.55ഓടെയായിരുന്നു സംഭവം.
എടവണ്ണപ്പാറയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ് തൊണ്ടയാട് ജങ്ഷന്‍ എത്താറായപ്പോഴേക്കും നിയന്ത്രണംവിട്ട് ഡിവൈഡറിന് നടുവില്‍ സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച ഇരുമ്പ് തുണിലിടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിന്റെ മറുഭാഗത്തേക്ക് കടന്ന് ഇടതുഭാഗം ചരിഞ്ഞ ബസ് ന്യൂ മാര്‍ക്കറ്റ് പച്ചക്കറി കടയ്ക്ക് മുന്നിലാണ് മറിഞ്ഞത്. സംഭവം നടന്നയുടനെ നാട്ടുകാരും പൊലിസും പരുക്കേറ്റവരെ ആംബുലന്‍സിലും സ്വകാര്യ വാഹനങ്ങളിലുമായി ആശുപത്രിയിലെത്തിച്ചു.
ഗാര്‍ഗി ചേവരമ്പലം (15), ആദര്‍ശ് എലത്തൂര്‍ (18), സങ്കൂജ് എലത്തൂര്‍ (18), പേരാമ്പ്ര കുട്ടിക്കുന്നുമ്മല്‍ ശ്യാം (18), മണി ഉമ്മളത്തൂര്‍ (57), ശാന്തകുമാരി വട്ടൂര്‍മീത്തല്‍ (59), കീര്‍ത്തനത്തില്‍ രാജേഷ് തിക്കോടി (31), അരീക്കാട് യാനങ്ങല്‍പറമ്പ് ആസിഫ് (40), ബിലാല്‍ കുറ്റ്യാടി (14), ഉള്ളത്തൂര്‍ കാഞ്ഞിരത്തൊടി സെയ്തലവി (56), ചേവരമ്പലം ചേരിയഞ്ചേരി ശാന്ത (48), വള്ളിക്കുന്ന് തറയില്‍ കാര്‍ത്തിക് (19), സുവര്‍ണ എന്‍.ഐ.ടി (17), പുതിയപാലം കെ.എം ഹൗസില്‍ മണികണ്ഠന്‍ (35),അബ്ദുല്‍ റസാഖ് കാരന്തൂര്‍ (48), ഫാത്തിമ (50), ജസീല്‍ (13), വസന്ത കുമാര്‍, റിയ ചീക്കിലോട്, ശാന്ത കുമാരി, കുഞ്ഞികൃഷ്ണന്‍, സമീറ പൂവാട്ടുപറമ്പ്, രാധാമണി, ജയ്‌സണ്‍ കല്ലേരി, സോണിയ, ബീഹാര്‍ സ്വദേശികളായ ജി. രാജു, പപ്പു എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിപറമ്പ് കുഞ്ഞിക്കാട്ടുകണ്ടി ജയരാജനാണ് (53) ഗുരുതരാവസ്ഥയിലുള്ളത്. മാനസ ചാലപ്പുറം (19), ഷൈനി മെഡിക്കല്‍ കോളജ് (38) എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."