പി.എസ്.സിയില്‍ സംഭവിക്കുന്നത്
ലക്ഷങ്ങള്‍ വരുന്ന യുവതീയുവാക്കളുടെ തൊഴില്‍ സങ്കല്‍പങ്ങളില്‍ എന്നും മുന്നിട്ട്‌നിന്നത് സര്‍ക്കാര്‍ ജോലി തന്നെയായിരുന്നു. ഈ സാഫല്യത്തിന് വേണ്ടിയാണവര്‍ രാവും പകലുമെന്നവണ്ണം കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നത്. നാല്‍പത് ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് പി.എസ്.സി പരീക്ഷകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് എന്ന യാഥാര്‍ഥ്യത്തില്‍നിന്നുതന്നെ സംസ്ഥാനത്തെ തൊഴിലില്ലാപടയായ അഭ്യസ്തവിദ്യരുടെ പ്രതീക്ഷാനാളമാണ് പി.എസ്.സിയെന്ന് വ്യക്തമാകുന്നു. എന്നാല്‍ പി.എസ്.സിയെ സംബന്ധിച്ച് അടിക്കടി ഉയര്‍ന്ന്‌കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ ഈ ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുകയാണ്.
പണവും സ്വാധീന ശക്തിയില്ലെങ്കിലും സാധാരണക്കാരനും ഉന്നതസ്ഥാനത്ത് എത്താന്‍കഴിയുമെന്നതിന്റെ പ്രതീകമാണ് പി.എസ്.സി. അതിനെയാണിപ്പോള്‍ പരുക്കേല്‍പിച്ചുകൊണ്ടിരിക്കുന്നത്. മുമ്പൊരിക്കലും ഉയരാത്തവിധം ആക്ഷേപങ്ങള്‍ പി.എസ്.സിക്കെതിരേ ഉയരുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ബന്ധപ്പെട്ടവര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. പി.എസ്.സിയുടെ വിശ്വാസ്യതയെ തകര്‍ക്കുംവിധത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടാകരുതെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ യൂനിവേഴ്‌സിറ്റി കോളജിലെ കുത്ത്‌കേസ് പ്രതികള്‍ പി.എസ്.സി പരീക്ഷയില്‍ ഉന്നത റാങ്കില്‍ എത്തിയപ്പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ പരീക്ഷയില്‍ കൃത്രിമം നടന്നതായിതന്നെ തെളിയിക്കപ്പെട്ടു. പി.എസ്.സിയെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം എഴുത്ത് പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങിയവരെ ഇന്റര്‍വ്യൂവില്‍ തഴഞ്ഞ് കുറച്ച് മാര്‍ക്ക് നല്‍കുകയും എഴുത്ത് പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചവര്‍ക്ക് ഇന്റര്‍വ്യൂവില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കുകയും ചെയ്തുവെന്നാണ്. ഈ ആനുകൂല്യം ലഭിച്ചവരില്‍ ഒരാള്‍ ട്രേഡ് യൂനിയന്‍ നേതാവും മറ്റെയാള്‍ മന്ത്രിബന്ധുവാണെന്നും പറയപ്പെടുന്നുണ്ട്.
ആസൂത്രണ ബോര്‍ഡില്‍ ചീഫിന്റെ മൂന്ന് തസ്തികകളിലേക്ക് നടന്ന ഇന്റര്‍വ്യൂവിലാണ് അട്ടിമറി നടന്നിരിക്കുന്നത്. ആറംഗ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ അധ്യക്ഷന്‍ കൂടിയായ ചെയര്‍മാന്‍ എം.കെ സക്കീറും ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നു. പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയില്‍ എഴുത്ത് പരീക്ഷയില്‍ 52.5 മാര്‍ക്ക് നേടിയ ആളിന് ഇന്റര്‍വ്യൂവില്‍ 40ല്‍ 36 മാര്‍ക്ക് നല്‍കി റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിച്ചു. ഇതേതസ്തികയിലേക്ക് പരീക്ഷ എഴുതിയ ആള്‍ക്ക് 59.25 മാര്‍ക്ക് ലഭിച്ചിരുന്നു. ഇന്റര്‍വ്യൂവില്‍ ആകട്ടെ 28 മാര്‍ക്ക് നല്‍കി രണ്ടാം സ്ഥാനത്തേക്ക് മാറ്റി. 91 മാര്‍ക്ക് എഴുത്ത് പരീക്ഷയില്‍ വാങ്ങി ഒന്നാം സ്ഥാനത്തെത്തിയ ആളെ ഇന്റര്‍വ്യൂവില്‍ പതിനൊന്ന് മാര്‍ക്ക് നല്‍കി പിന്തള്ളുകയും ചെയ്തു. പിന്തള്ളപ്പെട്ടവര്‍ പരാതികളുമായി ഗവര്‍ണറെ കാണാനിരിക്കുകയുമാണ്.
എന്നാല്‍ ഈ ക്രമക്കേടിനെ ഇവിടെയും ന്യായീകരിക്കുകയാണ് പി.എസ്.സി ചെയര്‍മാന്‍. സിവില്‍ പരീക്ഷയുടെ ഭാഗമായി യു.പി.എസ്.സി നടത്താറുള്ള അഭിമുഖങ്ങളില്‍ 95 ശതമാനംവരെ മാര്‍ക്ക് നല്‍കാറുണ്ടെന്നാണ് അദ്ദേഹം നിരത്തുന്ന വാദങ്ങള്‍. ഇതിനെ ഖണ്ഡിക്കുന്നു മുന്‍ ചീഫ് സെക്രട്ടറിയും പി.എസ്.സിയുടെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ അംഗവുമായിരുന്ന സി.പി നായര്‍. ഇന്റര്‍വ്യൂവില്‍ എണ്‍പത് ശതമാനത്തിലധികം മാര്‍ക്ക് നല്‍കാറില്ലെന്നാണ് സി.പി നായര്‍ പറയുന്നത്. സിവില്‍ സര്‍വീസ് അഭിമുഖങ്ങളില്‍ പരമാവധി 80 ശതമാനം മാര്‍ക്കേ നല്‍കാറുള്ളൂവെന്നും അദ്ദേഹം പറയുന്നു.
ഇന്റര്‍വ്യൂവില്‍ പത്ത് ശതമാനത്തില്‍ കുറയരുതെന്നും 80 ശതമാനത്തില്‍ കൂടരുതെന്നും ഇന്റര്‍വ്യൂ ബോര്‍ഡ് അംഗമായിരുന്ന സി.പി നായര്‍ പറയുമ്പോള്‍ പി.എസ്.സി ചെയര്‍മാന്റെ വാദങ്ങളാണ് ഇവിടെ പൊളിയുന്നത്. സുപ്രിംകോടതിയും ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂവിന് പരമാവധി എഴുപത് ശതമാനം മാര്‍ക്കേ നല്‍കാവൂ എന്നും സുപ്രിംകോടതി വിധിയുണ്ട്. ഇത് മറികടക്കണമെങ്കില്‍ മതിയായ കാരണങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. എഴുത്ത് പരീക്ഷയുടെ മാര്‍ക്ക് അട്ടിമറിക്കുന്ന രീതിയിലാകാനും പാടില്ല. ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ എഴുത്ത് പരീക്ഷക്ക് പരമാവധി 200 മാര്‍ക്കും ഇന്റര്‍വ്യൂവിന് 40 മാര്‍ക്കുമാണ് നിശ്ചയിച്ചിരുന്നത്. അതാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
മുമ്പെങ്ങും ഉയരാത്തവിധത്തിലുള്ള ആരോപണങ്ങളാണ് ഇടത് മുന്നണി ഭരണകാലത്ത് പി.എസ്.സിയെ സംബന്ധിച്ച് ഉയര്‍ന്ന്‌കൊണ്ടിരിക്കുന്നത്. യൂനിവേഴ്‌സിറ്റി കോളജിലെ കുത്ത് കേസ് പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പലവട്ടം പരീക്ഷ എഴുതിയാണ് ബിരുദം എന്ന കടമ്പകടന്നത്. പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ശിവരഞ്ജിത്ത് ഒന്നാം സ്ഥാനത്തും മറ്റൊരു എസ്.എഫ്.ഐ നേതാവായ പ്രണവ് രണ്ടാംസ്ഥാനത്തും കുത്ത് കേസില്‍ രണ്ടാം പ്രതിയായ നസീം 28-ാം സ്ഥാനത്തും എത്തിയത് മൊബൈല്‍ഫോണ്‍വഴി ഉത്തരങ്ങള്‍ നല്‍കിയതിലൂടെയായിരുന്നു. മൊബൈല്‍ ഫോണുകളിലൂടെ അട്ടിമറിക്കാന്‍ കഴിയുംവിധം അയഞ്ഞ സംവിധാനമാണോ പി.എസ്.സി പരീക്ഷയിലുള്ളതെന്ന് ഹൈക്കോടതിതന്നെ ആശ്ചര്യപ്പെട്ടിട്ടുണ്ട്.
നേതാക്കള്‍ക്കും അവരുടെ മക്കള്‍ക്കും കയറിക്കൂടാനുള്ള താവളമാക്കി മാറ്റുകയാണ് പി.എസ്.സി എന്ന ഭരണഘടനാസ്ഥാപനത്തെ എന്ന് വേണം കരുതാന്‍. പി.എസ്.സി ആസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ബന്ധുക്കളും പി.എസ്.സി പരീക്ഷയിലൂടെ എളുപ്പത്തില്‍ ജോലി നേടിയെടുക്കുന്നതും നേരത്തെ ഉയര്‍ന്ന പരാതികളാണ്. ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാര്‍ഥികളുടെ ഭാവിയെയാണ് ഏതാനും ചില സ്വാര്‍ഥ താല്‍പര്യക്കാരുടെ ഇംഗിതം നടപ്പിലാക്കാനായി ബലികഴിക്കപ്പെടുന്നത്. ലക്ഷങ്ങള്‍ ശമ്പളമായും യാത്രാബത്തയായും വാങ്ങുന്ന പി.എസ്.സി ചെയര്‍മാന്‍ ഭാര്യക്കുംകൂടി ആനുകൂല്യം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട സംഭവം മറക്കാറായിട്ടില്ല. ഇത്തരം ആളുകള്‍ക്ക് ഭരണകൂടങ്ങളോടായിരിക്കുമോ അതോ ലക്ഷങ്ങള്‍വരുന്ന ഉദ്യോഗാര്‍ഥികളോടായിരിക്കുമോ പ്രതിബദ്ധത എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ക്ക് സ്വാര്‍ഥ താല്‍പര്യങ്ങളും നിക്ഷിപ്ത താല്‍പര്യങ്ങളുമാണ് ഉണ്ടാവുന്നതെങ്കില്‍ നീതിക്കും ന്യായത്തിനും ഇടമുണ്ടാവില്ല. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സമൂഹത്തോടും ഉദ്യോഗാര്‍ഥികളോടും തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തുക എന്നത് പി.എസ്.സിയുടെ ഉത്തരവാദിത്വമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."