കിണവക്കല്‍ ടൗണില്‍ റോഡ് തകര്‍ന്നു; ദുരിതം പേറി യാത്രക്കാര്‍
കൂത്തുപറമ്പ്: റോഡ് തകര്‍ച്ചയെ തുടര്‍ന്നു യാത്രാദുരിതം പേറി കിണവക്കല്‍ ടൗണ്‍. ദിനംപ്രതി വാഹന യാത്രികര്‍ അപകടത്തില്‍പെടുന്ന സ്ഥിതി ഉടലെടുത്തതോടെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായി.
ഈ ആവശ്യമുന്നയിച്ച് മുസ്‌ലിംലീഗ് കിണവക്കല്‍ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ കൂത്തുപറമ്പ് പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കൂത്തുപറമ്പ്-കണ്ണൂര്‍ റോഡില്‍ കൂത്തുപറമ്പിനു സമീപത്തായുള്ള പ്രധാന ജങ്ഷനാണു കിണവക്കല്‍. അഞ്ചരക്കണ്ടി, വേങ്ങാട് ഭാഗത്തേക്കുള്ള റോഡ് തിരിയുന്ന ഇടംകൂടിയായതിനാല്‍ സദാ സമയം വാഹനങ്ങളുടെയും ജനങ്ങളുടെയും തിരക്കേറിയ സ്ഥലം കൂടിയാണിത്.
എന്നാല്‍ ഏറെക്കാലമായി ഈ ഭാഗത്തെ റോഡ് തകര്‍ച്ച കാരണം കാല്‍നട യാത്രക്കാരും വാഹന യാത്രികരും ഏറെദുരിതം അനുഭവിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടാന്‍ റോഡ് വെട്ടിപ്പൊളിച്ചതു പൂര്‍വസ്ഥിതിയിലാക്കാത്തതാണു റോഡ് യാത്ര ദുരിതമാകുന്നത്. സമീപത്തായി റോഡിനു കുറുകെ കലുങ്ക് പണിയാനായി റോഡ് മുറിച്ച ഭാഗത്തും ടാറിങ് നടത്താത്തതിനാല്‍ വാഹന യാത്രികര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതിനുപുറമേ റോഡില്‍ ചിതറിക്കിടക്കുന്ന കരിങ്കല്‍ ചീളുകള്‍ യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും പതിവായിട്ടുണ്ട്.
പലപ്പോഴും താല്‍ക്കാലിക കുഴിയടയ്ക്കല്‍ പ്രവൃത്തി നടത്തിയെങ്കിലും ശാശ്വത പരിഹാരമായിരുന്നില്ല. ഈ സാഹചര്യത്തിലാണു റോഡ് ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് പ്രക്ഷോഭം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."