സയനൈഡിനായി പ്രജികുമാറിന് നല്‍കിയത് 5,000 രൂപയും മദ്യവും
കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയ്ക്ക് ജോളി ഉപയോഗിച്ച സയനൈഡ് കിട്ടാന്‍ സ്വര്ണപ്പണിക്കാരന് പ്രജികുമാറിനു നല്‍കിയത് അയ്യായിരം രൂപയും രണ്ടുകുപ്പി മദ്യവും. കേസില്‍ പോലിസ് കസ്റ്റഡിയിലുള്ള ജ്വല്ലറി ജീവനക്കാരന് എം.എസ് മാത്യു അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയതാണിക്കാര്യം. താന്‍ നേരിട്ടാണ് ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തതെന്ന് മാത്യു മൊഴി നല്കി. എന്തിനാണ് സയനൈഡ് എന്ന് തനിക്ക് അറിയില്ലായിരുന്നു. പെരുച്ചാഴി കൃഷി നശിപ്പിക്കുന്നുണ്ടെന്നും അവയെ വകവരുത്താന്‍ സയനൈഡ് വേണമെന്നുമാണ് ജോളി തന്നോടു പറഞ്ഞത്. 5000 രൂപ സയനൈഡിനു നല്കി. ഇതിനുപുറമേ രണ്ടു കുപ്പി മദ്യവും നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചു. പ്രജികുമാറില്‍നിന്ന് സയനൈഡ് കിട്ടിയ ഉടനെ തന്നെ ജോളിയെ ഏല്‍പ്പിച്ചു. സ്വര്‍ണ വില്പനയില് തുടങ്ങിയതാണ് പ്രജികുമാറുമായുള്ള ബന്ധം. ജോളിക്കുവേണ്ടിയാണ് സയനൈഡ് എന്ന് പ്രജികുമാറിനോട് പറഞ്ഞിട്ടില്ല. തന്റെ സ്വന്തം ആവശ്യത്തിനാണെന്നാണ് പറഞ്ഞത്.
ഇതിനുശേഷം ഒരിക്കല്‍കൂടി ജോളി സയനൈഡിനുവേണ്ടി തന്നെ സമീപിച്ചതായി മാത്യു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രജികുമാറിന്റെ കൈവശം ഇല്ലാത്തതിനാല്‍ ജോളിക്ക് എത്തിച്ചുകൊടുക്കാനായില്ല. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിനെ കൊന്നശേഷം ജോളി ആദ്യം വിളിച്ചത് മാത്യുവിനെയായിരുന്നു. പ്രജികുമാറുമായി ജോളിക്ക് നേരിട്ടുബന്ധമുള്ളതായി പൊലിസിനു തെളിവ് ലഭിച്ചിട്ടില്ല. ഇക്കാര്യം അന്വേഷിച്ചുവരുന്നുണ്ട്. പ്രജികുമാറിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലിസ് പരിശോധിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."