വേമ്പനാട് കായല്‍ എന്ന പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം
കൊച്ചി: വേമ്പനാട് കായല്‍ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരമായി മാറിയെന്ന് പഠന റിപ്പോര്‍ട്ട്. തണ്ണീര്‍മുക്കം ആലപ്പുഴ ഭാഗത്തുമാത്രം കായലിന്റെ അടിത്തട്ടില്‍ ചുരുങ്ങിയത് 4,276 ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ ഭാഗത്തെ വേമ്പനാട്ട് കായലിന്റെ വിസ്തീര്‍ണം 76.5 ചതുശ്ര കിലോമീറ്ററാണ്. ഓരോ ചതുശ്ര കിലോമീറ്ററിലും ശരാശരി 55.9 ടണ്‍ പ്ലാസ്റ്റിക് മാലിന്യം കായലിന്റെ അടിത്തട്ടിലുണ്ടെന്ന് കുഫോസ് വൈസ് ചാന്‍സലറും പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനുമായ ഡോ.എ.രാമചന്ദ്രന്‍ പറഞ്ഞു. ഇത് കായലിന്റെ സ്വഭാവികമായ ജൈവപരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും തകിടം മറിച്ചിരിക്കുകയാണ്.
വേമ്പനാട്ട് കായലിന്റെ കൊച്ചി സെക്ടറിലെ കാര്യവും വ്യത്യസ്തമല്ല. കായലില്‍ മാത്രമല്ല, കരയിലും ഇവിടെ പ്ലാസ്റ്റിക് കുമിഞ്ഞുകൂടുകയാണ്. വേമ്പനാട്ട് കായലിന്റെ ആഴം ഭീതിജനകമായ തോതില്‍ കുറഞ്ഞുവരികയാണന്നും ഒരു വര്‍ഷം നീണ്ട കുഫോസിന്റെ പഠനം വെളിപ്പെടുത്തുന്നു. 1930ല്‍ തണ്ണീര്‍മുക്കം ആലപ്പുഴ സെക്ടറില്‍ വേമ്പനാട്ട് കായലിന്റെ ആഴം എട്ടു മുതല്‍ ഒന്‍പത് മീറ്ററായിരുന്നു. എന്നാല്‍ ഇപ്പോഴത് 1.6 മുതല്‍ 4.5 മീറ്ററായി കുറഞ്ഞിരിക്കുകയാണ്. വന്‍ തോതില്‍ എക്കല്‍ വന്നടിയുന്നതാണ് കായലിന്റെ ആഴപ്പരപ്പ് കുറയാന്‍ കാരണമെന്ന് ഡോ.രാമചന്ദ്രന്‍ പറഞ്ഞു. ഇക്കണക്കിന് പോയാല്‍ രണ്ട് പതിറ്റാണ്ടിനുള്ളില്‍ വേമ്പനാട്ട് കായല്‍ ഇല്ലാതാകും.
കേന്ദ്രസര്‍ക്കാരിന്റെ 'സ്വച്ഛതാ ഹി സേവ'പദ്ധതിയുടെ ഭാഗമായാണ് കുഫോസ് ഒരു വര്‍ഷം നീണ്ടുനിന്ന വേമ്പനാട്ട് കായല്‍ പരിസ്ഥിതി പഠനം നടത്തിയത്. കുഫോസിലെ പ്രൊഫസറും പ്രമുഖ സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ.വി.എന്‍ സജീവനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പഠന റിപ്പോര്‍ട്ട് നാളെ ഉച്ചക്ക് 12ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ ചേരുന്ന പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടിയില്‍ കുഫോസ് വൈസ് ചാന്‍സലര്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും.
പഠനത്തിന്റെ ഭാഗമായി കുഫോസിലെ ഗവേഷകര്‍ വേമ്പനാട്ട് കായലിന്റെ പല ഭാഗത്തുനിന്നും ശേഖരിച്ച ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യത്തിന്റെ പ്രദര്‍ശനവും പരിപാടിയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. മാലിന്യങ്ങള്‍ തരം തിരിച്ചാണ് പ്രദര്‍ശിപ്പിക്കുക. പൊതുജനങ്ങളുടെ സഹകരണത്തോടെ വേമ്പനാട്ട് കായല്‍ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്ന ബൃഹത്പരിപാടി നടപ്പിലാക്കാനുള്ള ശ്രമങ്ങളിലാണ് കുഫോസ് എന്ന് വൈസ് ചാന്‍സലര്‍ ഡോ.രാമചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."