ജില്ലാ ആശുപത്രിയെ മികവുറ്റതാക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല ജനം പറയുന്നു; നിലമ്പൂരില്‍ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെങ്കിലും വേണം
നിലമ്പൂര്‍: ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ നിലമ്പൂരില്‍ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളില്ലാത്തതിനാല്‍ വഴിക്കടവ് മുതല്‍ നിലമ്പൂര്‍ മണ്ഡലത്തിലെ രോഗികളും കൂടാതെ അപകടങ്ങളും മറ്റും പരുക്കേല്‍ക്കുമ്പോഴും പെരിന്തല്‍മണ്ണയിലേക്കും മറ്റും ചികിത്സ തേടിപോകേണ്ട അവസ്ഥയിലാണ്. ഇത്രദൂരം യാത്ര ചെയ്യേണ്ടി വരുന്നതിനാല്‍ വഴിമധ്യേ രോഗികള്‍ മരിക്കുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. ജില്ലാ ആശുപത്രിയിലാണെങ്കില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ കുറവ് നികത്തപ്പെടാതെ കിടക്കുകയാണ്. ഉള്ള ഡോക്ടര്‍മാര്‍ തന്നെ സ്വകാര്യ പരിശോധനകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടാണ് ഒ.പിയിലെത്തുന്നത്. രോഗികളോടുള്ള പെരുമാറ്റത്തിലും പഴയ സര്‍ക്കാര്‍ സ്വഭാവം കാണിക്കുന്ന ഡോക്ടര്‍മാരുമുണ്ട്. സംസ്ഥാന അതിര്‍ത്തി പ്രദേശമായ ഗൂഡല്ലൂരില്‍ നിന്നുള്ളവര്‍ പോലും ഇപ്പോള്‍ പെരിന്തല്‍മണ്ണയിലേക്കാണ് പോകുന്നത്.
നിലമ്പൂരിലെ ആരോഗ്യ സ്ഥിതിയുടെ അവസ്ഥ മനസിലാക്കി കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിലമ്പൂരില്‍ സ്വകാര്യ പ്രാക്ടീസിനെത്തുന്ന ഡോക്ടര്‍മാരെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. 50ഓളം ഡോക്ടര്‍മാര്‍ വിവിധ സമയങ്ങളിലായി നിലമ്പൂരില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നെത്തുന്ന ഡോക്ടര്‍മാര്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമാണ് പ്രാക്ടീസ് നടത്തുക. ചില മെഡിക്കല്‍ ഷോപ്പുകളുടെ സഹായത്തോടെ സമീപത്തുള്ള വാടക കെട്ടിടങ്ങളിലാണ് പരിശോധന നടത്തുന്നത്. ജില്ലാ ആശുപത്രിയിലെ ചില ഡോക്ടര്‍മാരും റിട്ടയര്‍ ചെയ്ത ഡോക്ടര്‍മാരും ഇക്കൂട്ടത്തിലുണ്ട്. സ്വകാര്യ പ്രാക്ടീസ് ചാകരയായതോടെ നൂറുമുതല്‍ ഇരുനൂറു രൂപവരെയാണ് പരിശോധന ഇനത്തില്‍ ഈടാക്കുന്നത്. നൂറുമുതല്‍ നൂറ്റി അന്‍പതു വരെ രോഗികളെ പരിശോധിക്കുന്നവരുമുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ കുറവും രാത്രികാലങ്ങളിലും മറ്റും ആവശ്യമായരീതിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തതും അത്യാധുനിക സൗകര്യമുള്ള ഒരാശുപത്രി പോലും നിലമ്പൂരില്‍ ഇല്ലാത്തതിനാലും സ്വകാര്യ പ്രാക്ടീസിനെ ആശ്രയിക്കുകയല്ലാതെ നിലമ്പൂരിലെ സാധാരണക്കാരായ രോഗികള്‍ക്കുള്‍പ്പെടെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. നിലമ്പൂരില്‍ മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് സ്വകാര്യ പ്രാക്ടീസ് മാത്രം ആശ്രയമായി മാറിയത്. ഇതുമുതലെടുത്താണ് ഡോക്ടര്‍മാര്‍ നിലമ്പൂരിനെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.
സര്‍ക്കാരുകള്‍ മാറുന്നതല്ലാതെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളടക്കം ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ഉള്‍പ്പെടെ നിയമിക്കുന്നതിലും അവരുടെ സേവനം ജനങ്ങള്‍ക്ക് നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത ആരോഗ്യ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും അനാസ്ഥ മുതലെടുത്താണ് ഡോക്ടര്‍മാര്‍ നിര്‍ധനരോഗികളെ പിഴിയുന്നത്. ജില്ലാ ആശുപത്രിയുടെ പോരായ്മകള്‍ പരിഹരിച്ച് മികവുറ്റ ആതുരാലയമാക്കുകയോ, നിലമ്പൂരില്‍ തന്നെ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെങ്കിലും സ്ഥാപിക്കുകയോ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അപകടങ്ങളിലും അടിയന്തിര ഘട്ടങ്ങളിലും ദൂരകൂടുതല്‍ ഉള്ളതിനാല്‍ പെരിന്തല്‍മണ്ണയിലും കോഴിക്കോടും എത്തിക്കാന്‍ വൈകുന്നത് മൂലം മരണങ്ങള്‍ സംഭവിക്കുന്നതും പതിവാണ്. താലൂക്ക് ആശുപത്രിയായിരിക്കെ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതോടെയാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥക്ക് കാണമെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."