മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുപോകണം; മനസിലുണ്ടായിരുന്നത് സദുദ്ദേശ്യം: അദീബ്
കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ സദുദ്ദേശ്യമല്ലാതെ മറ്റൊന്നും മനസിലുണ്ടായിരുന്നില്ലെന്ന് ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവച്ച കെ.ടി അദീബ്. ആത്മാഭിമാനമടക്കം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ സ്ഥാപനത്തില്‍ തുടരാന്‍ പ്രയാസമുണ്ടെന്നും മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് തിരിച്ചുപോകാന്‍ ഇന്ന് ചേരാനിരിക്കുന്ന ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അനുവാദം നല്‍കണമെന്നും അദീബ് രാജിക്കത്തില്‍ ആവശ്യപ്പെടുന്നു.
ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഏഴു പേരാണ് അപേക്ഷിച്ചിരുന്നത്. ഇതില്‍ അദീബ് ഒഴികെ എല്ലാവരും അഭിമുഖത്തിന് ഹാജരായി. ഇവരിലെല്ലാവരും ഡെപ്യൂട്ടേഷന് അര്‍ഹതയുള്ള സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നുവെന്നും സ്വകാര്യ ബാങ്ക് ജീവനക്കാരനായ അദീപിനെ ചട്ടങ്ങള്‍ പാലിക്കാതെ നിയമിച്ചെന്നുമായിരുന്നു ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും മന്ത്രി കെ.ടി ജലീലിന് പിന്തുണ പ്രഖ്യാപിച്ചതോടെ യൂത്ത് ലീഗ് നിയമനടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് അദീബിന്റെ രാജി. വിജിലന്‍സിലും ഒരാഴ്ച മുന്‍പ് യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു. വിജിലന്‍സിന്റെ തീരുമാനം അറിയാന്‍ ഒരാഴ്ചകൂടി കാത്തിരുന്ന ശേഷം കോടതിയെ സമീപിക്കാനായിരുന്നു യൂത്ത് ലീഗിന്റെ തീരുമാനം.
അദീബിന്റെ വിദ്യാഭ്യാസ യോഗ്യതയുടെ അംഗീകാരം സംബന്ധിച്ചും സംശയം ഉയര്‍ന്നതിനു പിന്നാലെയാണ് രാജി പ്രഖ്യാപനമുണ്ടായത്. എം.ബി.എക്കു തത്തുല്യമാണ് പി.ജി.ഡി.ബി.എ എന്നായിരുന്നു മന്ത്രി വിശദീകരിച്ചിരുന്നത്. എന്നാല്‍, അണ്ണാമലൈ സര്‍വകലാശാലയിലെ വിദൂരവിദ്യാഭ്യാസ കോഴ്‌സായ പി.ജി.ഡി.ബി.എ കാലിക്കറ്റ് ഉള്‍പ്പെടെയുള്ള കേരളത്തിലെ ഒരു സര്‍വകലാശാലകളും അംഗീകരിച്ചിട്ടില്ല. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു നിര്‍ദേശിച്ചെങ്കിലും അതൊന്നും മന്ത്രി ബന്ധു പാലിച്ചില്ല. കോര്‍പറേഷന് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് നിയമനം സംബന്ധിച്ച് പത്രപ്പരസ്യം നല്‍കാത്തതെന്ന മന്ത്രിയുടെ വാദവും തെറ്റാണെന്നു വ്യക്തമായിരുന്നു. കോര്‍പറേഷനില്‍ സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ലെന്നാണ് എം.ഡി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."