സര്‍ക്കാര്‍ ഓഫിസുകള്‍ ശുചീകരിക്കാന്‍ കുടുംബശ്രീ
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളില്‍ ശുചീകരണ തൊഴിലാളികളെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍നിന്നു നിയമിക്കുന്ന പതിവ് അവസാനിപ്പിക്കുന്നു.
ശുചീകരണത്തിനായി കുടുംബശ്രീയുമായി കരാര്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കൂടാതെ സെക്യൂരിറ്റി ജോലിക്കായി കെക്സോണുമായി (കേരള എക്സ്സര്‍വിസ് മെന്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ കോര്പറേഷന്) കരാര്‍ ഒപ്പിടണമെന്നും ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
ഇത്തരത്തില്‍ സേവന കരാറില്‍ ഏര്‍പ്പെടുന്നതിനാല്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കേണ്ടെന്ന് ഇക്കഴിഞ്ഞ അഞ്ചിന് പുറത്തിറക്കിയ ഉത്തരവ് പറയുന്നു.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലേയും ശുചീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാരെ നിയമിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണം. ഓഫിസും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കുന്നതിനും സുരക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള ജീവനക്കാരെ നിയമിക്കുന്നതും വകുപ്പ് തലവന്മാര് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കുടുംബശ്രീയുമായും കെക്സോണുമായും ഏര്‍പ്പെടുന്ന സേവന കരാറുമായി ബന്ധപ്പെട്ട് വരുന്ന ചെലവുകള്‍ 'ഓഫിസ് ചെലവുകള്‍'എന്ന ശീര്‍ഷകത്തില്‍ നിന്നും ചെലവഴിക്കണമെന്നും ഉത്തരവ് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."