രഞ്ജി ട്രോഫി: ചുവടുതെറ്റി ആന്ധ്ര
തിരുവനന്തപുരം: രഞ്ജി ട്രോഫി പോരാട്ടത്തിന്റെ ആദ്യദിനത്തില്‍ കേരളത്തിന് മുന്നില്‍ ചുവടുതെറ്റി ആന്ധ്രാപ്രദേശ്. എട്ടുവിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് എന്ന നിലയിലാണ് ആന്ധ്ര ആദ്യദിനം കളി അവസാനിപ്പിച്ചത്. തകര്‍ച്ചയുടെ വക്കില്‍ നിന്ന ആന്ധ്രയുടെ ഇന്നിങ്സിന് അടിത്തറ പാകിയത് നാലാമനായി എത്തി സെഞ്ചുറി സ്വന്തമാക്കിയ റിക്കി ഭൂയിയാണ്. 205 പന്ത് നേരിട്ട റിക്കി 10 ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 109 റണ്‍സ് സ്വന്തമാക്കി. ടോസ് നേടിയ ആന്ധ്ര ബാറ്റിങ് തിരഞ്ഞെടുത്തു. തുടക്കത്തില്‍ തന്നെ സന്ദര്‍ശകര്‍ക്ക് പ്രഹരമേറ്റു. നാലാം ഓവറില്‍ സ്കോര്‍ 15 ല്‍ നില്‍ക്കേ ഓപ്പണര്‍ അശ്വിന് ഹെബ്ബാറിന്റെ (10 റണ്‍സ്) വിക്കറ്റ് ആന്ധ്രയ്ക്ക് നഷ്ടമായി. ബേസില്‍ തമ്പിയുടെ ബോളില്‍ അശ്വിന്റെ കുറ്റിതെറിച്ചു. മൂന്നു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആന്ധ്രയുടെ രണ്ടാം വിക്കറ്റും നഷ്ടമായി. ആറു റണ്‍സ് നേടിയ ഡി.ബി പ്രശാന്ത്കുമാറിനെയും ബേസില്‍ മടക്കി. ബേസില്‍ തമ്പിയുടെ പന്തില്‍ അരുണ്കാര്ത്തിക്ക് പിടിച്ചാണ് പ്രശാന്ത് പുറത്തായത്. 18 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ആന്ധ്ര വന്‍തകര്‍ച്ചയുടെ വക്കിലേക്ക് നീങ്ങി. എന്നാല്‍, പകരം ക്രീസിലെത്തിയ രവി തേജയും റിക്കി ഭൂയിയും പ്രതിരോധത്തിലൂന്നി ബാറ്റ് വീശി ആന്ധ്രയുടെ സ്കോര്‍ 16.4 ഓവറില്‍ 50 കടത്തി. സ്കോര്‍ 91 ല്‍ എത്തി നില്‍ക്കേ രവി തേജയുടെ വിക്കറ്റ് നഷ്ടമായി. അക്ഷയുടെ പന്തില്‍ സഞ്ജു സാംസണ് പിടിച്ചാണ് തേജയെ കൂടാരം കയറ്റിയത്. പകരം ക്രീസിലെത്തിയ ആന്ധ്രാ നായകന് ബി. സുമന്ത് 14 റണ്‍സ് എടുത്തു നില്‍ക്കേ അക്ഷയുടെ പന്തില്‍ ജഗദീഷിന് ക്യാച്ച് നല്കി പുറത്തായി. ശിവചരണ്‍ സിങ് - റിക്കി ഭൂയി കൂട്ടുകെട്ട് ആന്ധ്രയെ 200 കടത്തി. ആന്ധ്രാ സ്കോര്‍ 208 ല്‍ നില്‍ക്കേ റിക്കി ഭൂയിയുടെ വിക്കറ്റും നഷ്ടമായി. അക്ഷയുടെ പന്തില്‍ സച്ചിന് ബേബിയാണ് റിക്കിയെ പിടിച്ച് പുറത്താക്കിയത്. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഷൊയാബ് മുഹമ്മദ് ഖാന് (എട്ട്) മനീഷ് ഗൊലാമരു(രണ്ട്) എന്നിവരാണ് ക്രീസില്‍. കേരളത്തിനു വേണ്ടി കെ.സി അക്ഷയ് നാലും ബേസില്‍ തമ്പി രണ്ടും വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."