ലോക ഹോക്കി ലീഗ്: ഹോളണ്ടിനെതിരേ ഇന്ത്യക്ക് തോല്‍വി
ലണ്ടന്‍: വേള്‍ഡ് ഹോക്കി ലീഗ് സെമി ഫൈനല്‍ യോഗ്യതയിലെ പൂള് ബി പോരാട്ടത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. ഹോളണ്ടിനോട് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ജയത്തോടെ പൂള് ബിയില്‍ 12 പോയിന്റോടെ ഹോളണ്ട് ഒന്നാമതെത്തി. ഒന്‍പതു പോയിന്റോടെ ഇന്ത്യ രണ്ടാമതാണ്. ഗ്രൂപ്പില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്.
ആദ്യ രണ്ടു ക്വാര്‍ട്ടറുകളിലും മികവു പുലര്‍ത്തിയാണ് ഹോളണ്ട് ഇന്ത്യയെ നിഷ്പ്രഭമാക്കിയത്. അതേസമയം മലേഷ്യ-ചൈന മത്സരത്തിലെ വിജയികളെ ക്വാര്‍ട്ടറില്‍ ഇന്ത്യ നേരിടും. നാളെയാണ് ക്വാര്‍ട്ടര്‍ മത്സരം.
സര്‍ദാര്‍ സിങ് കളത്തിലിറങ്ങിയത് ഇന്ത്യക്ക് ഗുണകരമാവുമെന്ന് കരുതിയെങ്കിലും തുടക്കത്തില്‍ തന്നെ അദ്ദേഹത്തില്‍ നിന്ന് പിഴവുകള്‍ ഉണ്ടായി. താരത്തിന്റെ പിഴവ് മുതലെടുത്താണ് ഹോളണ്ട് സ്കോര്‍ തുറന്നത്. തിയറി ബ്രിങ്ക് മാനായിരുന്നു സ്കോറര്‍.
പത്തു മിനുട്ടിനുള്ളില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി നേരിട്ടു. സാന്‍ഡര്‍ ബാര്‍ത്തിന്റെ തകര്‍പ്പനൊരു ഫ്ളിക്ക് ടീമിന്റെ സ്കോര്‍ രണ്ടാക്കി ഉയര്‍ത്തി. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ മൈക്രോ പ്രൂജിസറിലൂടെ ഹോളണ്ട് ലീഡുയര്‍ത്തി. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കും മുന്‍പ് ആകാശ് ദീപ് സിങിലൂടെ ഇന്ത്യ ഒരു ഗോള്‍ മടക്കി. പിന്നീട് നിരന്തരം ആക്രമിച്ച് കളിച്ചെങ്കിലും ഡച്ച് പ്രതിരോധത്തെ മറികടക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. ഇതിനിടയില്‍ റഫറല്‍ തീരുമാനത്തിനായി ഇന്ത്യക്ക് അപേക്ഷിച്ചെങ്കിലും അത് തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."