സര്‍ക്കാരിന്റെ ജോബ്‌പോര്‍ട്ടല്‍ വഴി തൊഴില്‍ ലഭിച്ചത് 20 പേര്‍ക്ക് മാത്രം
മലപ്പുറം: തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും കൂട്ടിയിണക്കി സര്‍ക്കാര്‍ ആരംഭിച്ച ജോബ് പോര്‍ട്ടല്‍ വഴി ഇതുവരെ ജോലി ലഭിച്ചത് 20 പേര്‍ക്ക് മാത്രം. പോര്‍ട്ടല്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനിടയില്‍ നാലായിരത്തോളം തൊഴിലവസരങ്ങളും 55,000 ഉദ്യോഗാര്‍ഥികളും രജിസ്റ്റര്‍ ചെയ്‌തെങ്കിലും തൊഴില്‍ ലഭിച്ചത് ചുരുക്കം പേര്‍ക്ക് മാത്രമാണ്.
സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍ എന്ന പേരിലുള്ള പോര്‍ട്ടലില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്കു സ്വന്തം വിവരങ്ങള്‍ പോസ്റ്റ് ചെയ്ത് അനുയോജ്യമായ തൊഴില്‍ കണ്ടുപിടിക്കാനും തൊഴില്‍ദാതാവിനു യോജിച്ച ഉദ്യോഗാര്‍ഥിയെയും കണ്ടെത്താനും അവസരമുണ്ട്. എന്നാല്‍ ജോലി ലഭിക്കുന്നവര്‍ വിരളമായതിനാല്‍ കൂടുതല്‍ പേര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയാറാവുന്നില്ല.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് പോര്‍ട്ടല്‍ ആരംഭിച്ചത്. പി.എസ്.സി.യുടേതൊഴികെ അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ മേഖല എന്നിവയിലെ എല്ലാ ഒഴിവുകളും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും.
തൊഴില്‍ദാതാക്കളായി ഇതുവരെ 160 കമ്പനികളാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ജോബ് പോര്‍ട്ടല്‍ വഴി 500 ഉദ്യോഗാര്‍ഥികള്‍ വിവിധ തൊഴില്‍ ദാതാക്കളുടെ അഭിമുഖത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരില്‍ 20 പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും പൂര്‍ണവിവരങ്ങള്‍ നല്‍കുന്നില്ല. ഇതുവരെ രജിസ്റ്റര്‍ ചെയ്ത പലരുടെയും രജിസ്‌ട്രേഷന്‍ അപൂര്‍ണമാണ്. ഇത് ഉചിതമായ തൊഴില്‍ കണ്ടെത്താനും തൊഴില്‍ അറിയിപ്പുകള്‍ കൃത്യമായി ലഭിക്കുന്നതിനും തടസമാവുന്നുണ്ട്.
മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷനുശേഷം ലഭിക്കുന്ന യൂസര്‍ നെയിമും രഹസ്യകോഡും ഉപയോഗിച്ച് മെയില്‍ ലിങ്ക് തുറന്നാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ അറിയിപ്പുകള്‍ ഉദ്യോഗാര്‍ഥിയുടെ ഇമെയിലിലും മൊബൈല്‍ ഫോണിലും ലഭിക്കും. ജോബ് പോര്‍ട്ടല്‍ കൂടുതല്‍ ജനകീയമാക്കാന്‍ കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലും ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നുണ്ട്.
സാമൂഹ്യ നീതി വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലുള്ള ഗുണഭോക്താക്കളിലെ തൊഴിലന്വേഷകരെയും സേവന ദാതാക്കളെയും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."