HOME
DETAILS
MAL
സഊദിയിൽ ജുബൈൽ അരാംകോ റിഫൈനറിയിൽ അപകടം; രണ്ടു മരണം, രണ്ടു പേർക്ക് പരിക്ക്
backup
October 16 2019 | 06:10 AM
ദമാം: സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയുടെ കീഴിലെ ജുബൈലിലെ പ്ലാന്റിൽ ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. വ്യാവസായിക നഗരിയായ കിഴക്കൻ സഊദിയിലെ സഊദി അരാംകോ ഷെൽ റിഫൈനറി (സാസർഫ്) കമ്പനിയിൽ ഞായറാഴ്ചയാണ് അപകടം നടന്നത്. അപകടത്തിൽ ഇവിടെ ജോലി ഏറ്റെടുത്തു ചെയ്തിരുന്ന കരാർ കമ്പനി തൊഴിലാളികളാണ് മരണപ്പെട്ടത്. കരാർ തൊഴിലാളികളായ മറ്റു രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ടവർ വിദേശികളാണെന്നാണ് വിവരം. എന്നാൽ, ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.
അടിയന്തിര ഇടപെടലുകൾ നടത്തിയെന്നും ഉടൻ നിയന്ത്രണ വിധേയമായെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. അറ്റകുറ്റ പണികൾ നടക്കുന്നതിനിടെ കൈകൊണ്ട സുരക്ഷാ ക്രമീകരണത്തിലെ പാളിച്ചയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തിൽ പെട്ടവരെ ഉടൻ തന്നെ സമീപത്തെ അൽമാനിഹ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർ അപകടങ്ങൾ ഒഴിവാക്കാനായി കൂടുതൽ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചതായി കമ്പനി കൂട്ടിച്ചേർത്തു. സഊദി അരാംകോയുടെ സംയുക്തതയിൽ റോയൽ ഡച്ച് കമ്പനിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സാസർഫിൽ
305,000 ബാരൽ എണ്ണയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. കൂടാതെ, എൽപിജി, നാഫ്ത, മണ്ണെണ്ണ, ഡീസൽ, സൾഫർ എന്നിവയും ഇവിടുത്തെ പ്രധാന ഉൽപ്പന്നങ്ങളാണ്. എഴുന്നൂറിലധികം തൊഴിലാളികളാണ് കമ്പനിയിൽ ജോലിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."